തിരുവനന്തപുരം: ക്രിസ്തീയ വിശ്വാസികള്‍ ആരാധനാപൂര്‍വ്വം കാണുന്ന ക്രിസ്തുവിന്റെ അന്ത്യ അത്താഴ വിരുന്നിന്റെ ചിത്രത്തെ വികലമാക്കി ചിത്രീകരിക്കപ്പെട്ടതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേരളത്തിലെ വിവിധയിടങ്ങളില്‍ വിശ്വാസികളുടെ നേതൃത്വത്തില്‍ പ്രതിഷേധ ജാഥകള്‍ നടന്നു. ചിത്രത്തെ വികലമായി ചിത്രീകരിച്ച സംഭവം പരസ്യമായ ദൈവ നിന്ദയാണെന്നും ഇക്കാര്യത്തില്‍ സി. പി. എം ഖേദം പ്രകടിപ്പിക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
എന്നാല്‍ പോസ്റ്റര്‍ വിവാദത്തില്‍ സി. പി. എമ്മിനു ബന്ധമില്ലെന്നാണ് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കി. ലിയാനാര്‍ഡോ ഡാവിഞ്ചിയുടെ വിഖ്യാതമായ ലാസ്റ്റ് സപ്പര്‍ എന്ന ചിത്രത്തെ ആണ് രൂപമാറ്റം വരുത്തി പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ചത്. ചിത്രത്തില്‍ ശിഷ്യരുടെ ഒപ്പം മധ്യത്തില്‍ ഇരിക്കുന്ന ക്രിസ്തുവിന്റെ ഒറിജിനല്‍ ചിത്രം മാറ്റി പകരം ഒബാമയുടെയും, സോണിയാ ഗാന്ധിയുടേയും, നരേന്ദ്ര മോഡിയുടേയും ഉള്‍പ്പെടെ നിരവധി രാഷ്ടീയ പ്രമുഖരുടെ മുഖം ഉള്‍പ്പെടുത്തുകയായിരുന്നു. ഒരാഴ്ച മുമ്പാണ് തൃക്കണ്ണാപുരം, പേരൂര്‍ക്കോണം, പാര്‍ക്ക് ജംഗ്ഷന്‍ തുടങ്ങി വിവിധ സ്ഥാലങ്ങളില്‍ ഈ ചിത്രം ഉള്‍പ്പെടുന്ന ഫ്ലക്സുകള്‍ ഉയര്‍ന്നത്. എന്നാല്‍ സംഭവം വിവാദമായതോടെ ഈ ഫ്ലക്സുകള്‍ എടുത്തു മാറ്റുകയായിരുന്നു.