കൊച്ചി : പ്രതിഷേധവും വിവാദവും ശക്തമായ സാഹചര്യത്തിൽ എറണാകുളം ഇടപ്പള്ളിയിലെ അൽ ഷിഫ ആശുപത്രിയുടെ പ്രവർത്തനം അവസാനിപ്പിച്ചതായി മാനേജ്മെന്റ് അറിയിച്ചു. പിരിച്ചുവിട്ട ജീവനക്കാർ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് തുടങ്ങിയ സമരം ബിജെപി, യുവ മോർച്ച സംഘടനകൾ ഏറ്റെടുത്തതിനെ തുടർന്ന് സ്ഥിതിഗതികൾ വഷളാകുകയും ആശുപത്രി പൂട്ടാൻ നിർബന്ധിതരാകുകയും ചെയ്തുവെന്നാണ് മാനേജ്മെന്റ് പറയുന്നത്. കിടത്തി ചികിത്സയിലുള്ള രോഗികൾ മറ്റു ആശുപത്രികളിലേക്ക് മാറുന്നതോടെ ആശുപത്രി നിയമപരമായി തന്നെ പൂട്ടും.
ആശുപത്രിയിലെ പ്രവർത്തനങ്ങളും യോഗ്യതയും സംബന്ധിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ആശുപത്രി ഉടമ ഷാജഹാൻ യൂസഫ് സാഹിബിനെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിൽ നിന്ന് കഴിഞ്ഞ ദിവസം അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. അതേസമയൻ തനിക്കെതിരെ മനപ്പൂർവ്വം ആരോ കരുക്കൾ നീക്കുന്നുണ്ടെന്നാണ് ഷാജഹാൻ യൂസഫ് സാഹിബ് പറയുന്നത്.