തിരുവനന്തപുരം: തന്റെ മന്ത്രിക്കാര്യത്തില്‍ ചില ചര്‍ച്ചകള്‍ അനൌദ്യോഗികമായി നടന്നു എന്നും വിശദാംശങ്ങള്‍ വെളിപ്പെടുത്തുവാന്‍ കഴിയില്ലെന്നും കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല. വിഷയം ഹൈക്കമാന്റിന്റെ പരിഗണനയിലായതിനാല്‍ പരസ്യമായി എന്തെങ്കിലും പറയുന്നതില്‍ നിയന്ത്രണങ്ങള്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് പ്രസ്‌ക്ലബില്‍ നടത്തിയ മുഖാമുഖത്തില്‍ ആയിരുന്നു ദിവസങ്ങളായി തുടരുന്ന ഉപമുഖ്യമന്ത്രി പദം സംബന്ധിച്ചുള്ള വിവാദങ്ങളില്‍ മൌനം വെടിഞ്ഞ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്. സ്ഥാനമാനങ്ങള്‍ക്ക് പുറകെ പോകുന്നവനല്ല താന്‍, ജനമനസ്സുകളില്‍ തനിക്കുള്ള സ്ഥാനം ആരും വിചാരിച്ചാലും തകരില്ല. എല്ലാ മന്ത്രിപദവികള്‍ക്കും മുകളിലാണ് കെ.പി.സി.സി പ്രസിഡണ്ട് സ്ഥാനം എന്ന് പറഞ്ഞ ചെന്നിത്തല പക്ഷെ താന്‍ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് തീര്‍ത്തു പറയുവാന്‍ തയ്യാരായുമില്ല.
തന്റെ മന്ത്രിസ്ഥാനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ വിവാദമാകുകയും അതില്‍കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കോ പ്രവര്‍ത്തകര്‍ക്കോ വിഷമുണ്ടാകുകയും ചെയ്തെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ മാധ്യമങ്ങളിളെ പഴിക്കുന്നില്ല. സമുദായ സംഘടനകളോട് ഏറ്റുമുട്ടുന്നത് കോണ്‍ഗ്രസ്സിന്റെ സമീപനമല്ലെന്നും വ്യക്തമാക്കി. രമേശ് ചെന്നിത്തലയുടെ ഫോണ്‍ ചോര്‍ത്തിയെന്ന സുകുമാരന്‍ നായരുടെ പരാമര്‍ശം മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ തനിക്ക് ഇക്കാര്യത്തില്‍ പരാതിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു.
ഒരുമാസത്തിലേറെയായി ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച് കേരളത്തിലും ദില്ലിയിലും ചര്‍ച്ച നടന്നുവരികയാണെങ്കിലും ഇനിയും ഒരു തീരുമാനം കൈകൊള്ളുവാന്‍ ആയിട്ടില്ല. വിശാല ഐ ഗ്രൂപ്പ് ആഭ്യന്തര മന്ത്രി പദത്തോട് കൂടി ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെട്ടു എന്നാല്‍ അത് വിട്ടു നല്‍കുവാന്‍ എ ഗ്രൂപ്പ് തയ്യാറല്ല. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പാര്‍ട്ടി ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്തെങ്കിലും അന്തിമ തീരുമാനം ആയില്ല. ഇതിനിടയില്‍ തങ്ങളുടെ രണ്ടാം സ്ഥാനം നഷ്ടപ്പെടുത്തുവാന്‍ തയ്യാറല്ലെന്ന് മുസ്ലിം ലീഗും വ്യക്തമാക്കി. ഉപമുഖ്യമന്ത്രി സ്ഥാനത്തോടെ ഉള്ള ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തിനു അതും തടസ്സമായി.