കൊച്ചി: ചീഫ് വിപ്പ് പി. സി. ജോര്‍ജ്ജിനെ കയറൂരി വിട്ടവര്‍ തന്നെ നിയന്ത്രിക്കണമെന്നും ആര്‍ക്കും കൊട്ടാവുന്ന വഴിച്ചെണ്ടയല്ല കോണ്‍ഗ്രസ്സ് എം. എല്‍. എ. മാരെന്നും വി. ഡി. സതീശന്‍ എം. എല്‍. എ. കഴിഞ്ഞ ദിവസം പി. സി. ജോര്‍ജ്ജ് ടി. എന്‍ . പ്രതാപന്‍ എം. എല്‍. എ. യെ ജാതിപരമായും വ്യക്തിപരമായും അധിക്ഷേപിച്ചതിനെതിരെ പത്ര സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു വി. ഡി. സതീശന്‍ . നെല്ലിയാമ്പതിയിലെ പാട്ട ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് ഔദ്യോഗിക രേഖകള്‍ നിരത്തിക്കൊണ്ട് പ്രതാപന്‍ നടത്തിയ ചില നീക്കങ്ങളാണ് പി. സി. ജോര്‍ജ്ജിനെ ചൊടിപ്പിച്ചത്. പ്രതാപന്റെയും പരിസ്ഥിതി പ്രവര്‍ത്തകരുടേയും നീക്കം തന്റെ താല്പര്യങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് കണ്ടതോടെയാണ് ഭരണത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള പി. സി. ജോര്‍ജ്ജ് പ്രതികരണവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് കര്‍ഷകരുടെ പ്രശ്നം നോക്കുവാന്‍ താന്‍ ഉണ്ടെന്നും പ്രതാപന്‍ തന്റെ സമുദായത്തിലെ ആളുകളുടെ കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും പി. സി. ജോര്‍ജ്ജ് പറഞ്ഞിരുന്നു.
തനിക്കിഷ്ടമില്ലാത്തവരെ ജാതി പറഞ്ഞ് ആക്ഷേപിക്കുന്നത് പി. സി. ജോര്‍ജ്ജിന്റെ പതിവാണെന്ന് വി. ഡി. സതീശന്‍ പറഞ്ഞു. പി. സി. ജോര്‍ജ്ജിന്റെ പരാമര്‍ശം തന്റെ ശ്രദ്ധയില്‍ പെട്ടില്ലെന്ന് പറഞ്ഞ് ഉമ്മന്‍ ചാണ്ടി ഒഴിഞ്ഞു മാറുകയായിരുന്നു. തുടര്‍ന്നാണ് പ്രതാപനെതിരായ പി. സി. ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് വി. ഡി. സതീശനും, ഹൈബി ഈഡനും രംഗത്തെത്തിയത്. എം. എല്‍. എ. മാരെ ഇത്തരം ആക്ഷേപങ്ങളില്‍ നിന്നും സംരക്ഷിക്കുവാന്‍ കെ. പി. സി. സി. പ്രസിഡണ്ട് രമേശ് ചെന്നിത്തലക്കും മുഖ്യമന്ത്രിക്കും ഉത്തരവാദിത്വമുണ്ടെന്നും അവര്‍ ആ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറിയാല്‍ യു. ഡി. എഫ്. രാഷ്ടീയത്തില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി. ടി. എന്‍ . പ്രതാപനെ ജാതി പറഞ്ഞ് ആക്ഷേപിച്ചതിനേക്കാള്‍ വലിയ വേദന നേതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടായ പ്രതികരണം ഉണ്ടാക്കിയെന്ന് വി. ഡി. സതീശന്‍ പറഞ്ഞു.
നെല്ലിയാമ്പതി സന്ദര്‍ശിച്ച ഉപസമിതിയില്‍ പി. സി. ജോര്‍ജ്ജ് അംഗമാണെന്നും പ്രതാപനെതിരെ അദ്ദേഹം ഉന്നയിച്ച പരാമര്‍ശങ്ങളോടെ ഉപസമിതിയുടെ വിശ്വാസ്യത കുറഞ്ഞുവെന്നും സതീശന്‍ അഭിപ്രായപ്പെട്ടു. ഈ പശ്ചാത്തലത്തില്‍ ടി. എന്‍ . പ്രതാപന്‍ , വി. ഡി. സതീശന്‍ , ഹൈബി ഈഡന്‍ , എം. വി. ശ്രേയാംസ് കുമാര്‍, വി. ടി. ബല്‍റാം, കെ. എന്‍ . ഷാജി എന്നിവര്‍ അടങ്ങുന്ന ആറ് യു. ഡി. എഫ്. എം. എല്‍. എ. മാരുടെ സംഘം തിങ്കളാഴ്ച നെല്ലിയാമ്പതി സന്ദര്‍ശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടാന്‍ സമ്മതിക്കില്ലെന്നും കയ്യേറ്റക്കാര്‍ കര്‍ഷകരുടെ വേഷം ധരിച്ച് എത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തോട്ട ഭൂമിയുടെ അഞ്ച് ശതമാനം സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ 9000 ഏക്കര്‍ എങ്കിലും ടൂറിസം മേഖലയായി മാറുമെന്നും അതു കൊണ്ട് ടൂറിസമെന്നത് ഒഴിവാക്കുവാന്‍ ഉള്ള തങ്ങളുടെ നിര്‍ദ്ദേശം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും വി. ഡി. സതീശന്‍ പറഞ്ഞു.