തിരുവനന്തപുരം: ആര്‍. എം. പി. നേതാവ് ടി. പി. ചന്ദ്രശേഖരന്റേയും മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന അബ്ദുള്‍ ഷുക്കൂറിന്റെയും വധക്കേസുകളുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് അനുകൂലമായ നിലപാട് എടുത്തില്ലെന്നതിന്റെ പേരില്‍ ആംഭിച്ച സി. പി. എം. – സി. പി. ഐ. പോരു മുറുകുന്നു. നേതാക്കന്മാരുടെ ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടെ ഇരു പാര്‍ട്ടികളുടേയും മുഖപത്രങ്ങള്‍ കൂടെ ഇപ്പോള്‍ രംഗത്തെത്തി. ഇടതു പക്ഷത്തിന്റെ കോട്ട പണിതത് വിപ്ലവ മാനവികതയുടെ കൂട്ടു കൊണ്ട് എന്ന തലക്കെട്ടോടെ ആണ് സി. പി. ഐ. മുഖപത്രമായ ജനയുഗം മുഖപ്രസംഗം എഴുതിയിരിക്കുന്നത്. ധാര്‍ഷ്ട്യങ്ങളും ശാഠ്യങ്ങളും ഏതു ഭാഗത്തു നിന്നും ഉണ്ടായാലും വെച്ചു പൊറുപ്പിക്കില്ലെന്ന് സി. പി. എമ്മിന്റെ പേരു എടുത്തു പറയാതെ തന്നെ ജനയുഗം വ്യക്തമാക്കുന്നു. ഇതിനു മറുപടിയെന്നോണം സി. പി. ഐ. വര്‍ഗ്ഗ വഞ്ചന കാണിച്ചെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മിലുള്ള സാഹോദര്യത്തിനു സി. പി. ഐ. സംസ്ഥാന നേതൃത്വം പോറല്‍ ഏല്‍പ്പിക്കുകയാണെന്നും സി. പി. എം. മുഖപത്രമായ ദേശാഭിമാനി പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വ്യക്തമാക്കുന്നു.
ഏതാനും ദിവസങ്ങളായി ഇരു പാര്‍ട്ടികളുടേയും സംസ്ഥാന സെക്രട്ടറിമാരായ പിണറായി വിജയനും പന്ന്യന്‍ രവീന്ദ്രനും മറ്റു മുതിര്‍ന്ന നേതാക്കന്മാരും ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരു പാര്‍ട്ടി പ്രഖ്യാപിക്കുന്ന പ്രക്ഷോഭങ്ങളില്‍ മറ്റു പാര്‍ട്ടികള്‍ കൂട്ടു ചേരണമോ എന്നത് തീരുമാനിക്കുന്നത് അതാതു പാര്‍ട്ടികള്‍ ആണെന്നും സി. പി. എമ്മിന്റെ നിലപാട് തങ്ങളുടെ മേല്‍ അടിച്ചേല്പിക്കുവാന്‍ ശ്രമിക്കരുതെന്നും സി. പി. ഐ. നേതൃത്വം വ്യക്തമാക്കി. തങ്ങളുടെ നിലപാടുകള്‍ അംഗീകരിക്കുവാന്‍ സി. പി. ഐ. യെ ഒരിക്കലും നിര്‍ബന്ധിച്ചിട്ടില്ലെന്നും ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജന്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ സി. പി. ഐ. സ്വീകരിച്ച നിലപാടിനെ ആണ് ചോദ്യം ചെയ്തതെന്നും പിണറായി പറഞ്ഞു. ഹര്‍ത്താല്‍ സംബന്ധിച്ച ജനയുഗത്തിന്റെ നിലപാട് തിരുത്തുന്നതാണ് സി. പി. ഐ. ക്ക് നല്ലതെന്ന പിണറായിയുടെ താക്കീതിനു മറുപടിയെന്നോണം പൊതു വേദിയില്‍ പക്വത കാണിക്കണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
നെല്ലിയാമ്പതി പാട്ടക്കാര്‍ ലംഘിച്ച തോട്ടങ്ങള്‍ പിടിച്ചെടുക്കല്‍, നിത്യോപയോഗ സാധനങ്ങളുടെ കുതിച്ചുയരുന്ന വില , ആരോഗ്യ രംഗത്തെ പ്രശ്നങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളുമായി ബന്ധപെട്ട് യു. ഡി. എഫ്. സര്‍ക്കാരിനെതിരെ ശക്തമായ സമരങ്ങള്‍ ഉയര്‍ന്നു വരേണ്ട സമയത്ത് ഇടതു പക്ഷത്തെ പ്രമുഖ പാര്‍ട്ടികളുടെ ആരോപണ പ്രത്യാരോപണങ്ങള്‍ അണികളില്‍ അസംതൃപ്തിയും ആശങ്കയും ഉണര്‍ത്തിയിട്ടുണ്ട്.