തിരുവനന്തപുരം: കവയിത്രി സുഗതകുമാരിയുടെ പിന്നില്‍ അണിനിരക്കുന്നത് കപട പരിസ്ഥിതിവാദികളാണെന്ന മന്ത്രി കെ. ബി. ഗണേഷ്കുമാറിന്റെ പ്രസ്താവന വിവാദമാകുന്നു. ലോക പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി വൃക്ഷവത്കരണ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുന്നതിന് ഇടയിലാണ് സുഗതകുമാരി വേദിയില്‍ ഇരിക്കെ ഈ വിവാദ പ്രസ്താവന മന്ത്രി നടത്തിയത്. ഇവിടെ പരിസ്ഥിതി പ്രവര്‍ത്തനത്തിന്‍റെ മറവില്‍ പലരുടെയും കച്ചവട താത്പര്യമാണ് സംരക്ഷിക്കപ്പെടുന്നത്. വന്യമൃഗങ്ങളുടെ തോലുകള്‍ വീടുകളില്‍ സൂക്ഷിക്കുന്ന കപട പരിസ്ഥിതി വാദികള്‍വരെയുണ്ട്. അവരെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ തന്‍റെ കൈവശമുണ്ട്. കപട പരിസ്ഥിതി പ്രേമികളുടെ മുഖംമൂടി വലിച്ചുകീറുമെന്നും മന്ത്രി പ്രസംഗത്തില്‍ പറഞ്ഞതോടെ സുഗതകുമാരി വേദിയില്‍ നിന്നും ഇറങ്ങിപോയി. മന്ത്രിയുടെ പ്രസ്താവനക്കെതിരെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തുള്ള പലരും രംഗത്ത് വന്നു. മന്ത്രിയുടെ പ്രസ്താവന അനവസരത്തില്‍ ആയെന്നും മന്ത്രിയായാല്‍ എന്തും പറയാമെന്നാണ് ചിലര്‍ കരുതുന്നതെന്നും സി. പി. മുഹമ്മദ് എം. എല്‍.എ പറഞ്ഞു. കവി ഒ. എന്‍. വി കുറുപ്പും മന്തിയുടെ പ്രസ്താവന തെറ്റായിപോയെന്നു പറഞ്ഞു. എന്നാല്‍ മന്ത്രിയുടെ പ്രസ്താവന തന്നെ വേദനിപ്പിച്ചുവെന്നും എന്നാല്‍ ചടങ്ങില്‍ നിന്ന് ഇറങ്ങിപ്പോയിട്ടില്ലെന്നും പരിസ്ഥിതി വാദ മെന്നാല്‍ വികസനത്തെ എതിര്‍ക്കലാണെന്ന തെറ്റിദ്ധാരണയാണ് പലര്‍ക്കുമെന്നും സുഗത കുമാരി പറഞ്ഞു