(രണ്ടാം ഭാഗം തുടരുന്നു)
പാര്‍ട്ടി ഒരു സംഘടന മാത്രമല്ല, പ്രത്യയ ശാസ്ത്രം പ്രയോഗിക്കാനുള്ള ഉപകരണവും കൂടിയാണ്. പ്രത്യയ ശാസ്ത്രമില്ലെങ്കില്‍ പിന്നെന്തു പാര്‍ട്ടി? വലതുപക്ഷ വല്ക്കരണത്തിനു പൂര്‍ണ്ണമായും കീഴ്പെട്ട ഒന്നിനെ ‘ഇടതുപക്ഷം’ എന്ന് വിളിക്കാനാമുമോ? അതിലെ നേതൃത്വത്തെ എല്ലാ വ്യതിയാനങ്ങളും മറന്നു പിന്താങ്ങുക എന്നതിനര്‍ത്ഥം വലതു പക്ഷത്തെ പിന്താങ്ങുക എന്ന് തന്നെയാണ്. ഈ കേവലം ‘എല്‍. ഡി. എഫ്, യു. ഡി. എഫ് എന്ന് നേര്‍രേഖയില്‍ വായിക്കുന്നതിന്റെ ഒരു തകരാറുമാണിത്. പേരിലല്ല നിലപാടുകളിലാണ് ഇടതു – വലതു പക്ഷങ്ങള്‍ ഉണ്ടാകുന്നത്. കഴിഞ്ഞ പതിറ്റാണ്ടിനിടയില്‍ ഏതു ജനകീയ സമരമാണ് സി. പി. ഐ. എം കേരളത്തില്‍ ഏറ്റെടുത്തിട്ടുള്ളത്? ഇവിടെ ഉയര്‍ന്നുവന്ന ഒട്ടുമിക്ക ജനകീയ സമരങ്ങളുടെയും എതിര്‍ പക്ഷത്തായിരുന്നു അവര്‍. പിന്നീട് നിലപാട് മാറ്റിയ അനുഭവവും ഉണ്ട്. എന്തായാലും അധിനിവേശ വിരുദ്ധ സമരങ്ങളുടെ നേതൃത്വത്തില്‍ അവര്‍ ഉണ്ടായിരുന്നില്ല. നന്ദിഗ്രാം, സിംഗൂര്‍ വിഷയത്തില്‍ പശ്ചിമ ബംഗാളിലെ ഇടതു സര്‍ക്കാരിനെ വിമര്‍ശിച്ചപ്പോള്‍ കുറെ ബുദ്ധിജീവികള്‍ ഇത് ഇടതു പക്ഷത്തെ ദുര്‍ബലമാക്കും എന്ന വാദമുയര്‍ത്തിയിരുന്നു. എന്നാല്‍ പിന്നീട് എന്തുണ്ടായി? ആ വ്യതിയാനം പശ്ചിമ ബംഗാളിലെ ഇടതുപക്ഷത്തിന്റെ അടിത്തറ തകര്‍ത്തില്ലേ? മറിച്ച് ആ വലതു പക്ഷ വ്യതിയാനത്തിനെതിരായ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് അത് തിരുത്താന്‍ തയ്യാറാവുമായിരുന്നു എങ്കില്‍ സ്ഥിതി വ്യത്യസ്തമാകുമായിരുന്നില്ലേ? അതിനു പകരം ജനാധിപത്യ സംവാദ സാധ്യതകള്‍ തന്നെ അന്ന് അടച്ചു കളഞ്ഞു. എതിര്‍ക്കുന്നവരെ ശത്രുക്കളായിട്ടാണ് പാര്‍ട്ടി കണ്ടത്. ലാവലിന്‍, എ. ഡി. ബി, കിനാലൂര്‍, മൂലമ്പിള്ളി, ചെങ്ങറ തുടങ്ങി നിരവധി വിഷയങ്ങളില്‍ കേരളത്തിലുള്ള അനുഭവമാണ്. യഥാര്‍ത്ഥ ജനാധിപത്യത്തിനു പകരം ബൂര്‍ഷ്വാ കക്ഷികളെ പോലെ ‘സെക്രെട്ടറിയെ വിമര്‍ശിക്കുന്നവര്‍ പാര്‍ട്ടി വിരുദ്ധര്‍’ (ഇന്ത്യയാണ് ഇതെന്ന് ഓര്‍ക്കുക) എന്നവര്‍ എപ്പൊഴുമാക്രോശിക്കുന്നു!
ഇപ്പോഴും രാഷ്ട്രീയ സംവാദത്തെ പിണറായി – വി. എസ് തര്‍ക്കമാക്കി മാറ്റാനല്ലേ പാര്‍ട്ടി (മുഖ്യധാരാ മാധ്യമങ്ങളും) ശ്രമിക്കുന്നത്. പാര്‍ട്ടിയെ തകര്‍ക്കാന്‍ വി. എസ് ശ്രമിക്കുന്നു വെന്ന രീതിയില്‍ മാധവന്‍ കുട്ടിമാരും ഭാസുരചന്ദ്രന്മാരും ആക്രോശിക്കുമ്പോള്‍ ജനങ്ങള്‍ക്ക് ഫലിതമായിട്ടാണ് തോന്നുന്നത്. വി. എസ് എന്നതിലപ്പുറത്തുയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്കാണ് പ്രാധാന്യം. കഴിഞ്ഞ ലോകസഭ നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങളിലെ വ്യത്യാസം ഇതിന്റെ സത്യം വ്യക്തമാക്കുന്നു. പാര്‍ട്ടി തീര്‍ത്തും വലതു പക്ഷമായെന്നു കരുതി വിട്ടുപോയവര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചെത്തിയത് വി. എസ് എന്ന പ്രതീക്ഷയിലാണ്. ഇപ്പോള്‍ വി. എസിന് മരണ ശിക്ഷ വരെ വിധിച്ചവര്‍ അദ്ദേഹത്തിന്റെ ചിത്രം വളരെ വലുതാക്കി വെച്ച് വോട്ടു പിടിച്ചു. ആരും പാര്‍ട്ടി സെക്രെട്ടറിയുടെ പടം ഇങ്ങനെ വെച്ചില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ‘ പാലം കടന്നപ്പോള്‍… ‘ എന്നതു പോലെയായി.
പക്ഷെ പ്രശ്നം ഇനി എന്ത് എന്നതാണ്. പലതരം വാദങ്ങള്‍ ഉണ്ട്. ‘വി. എസ് പാര്‍ട്ടി വിട്ടു പുറത്തുവരണം’ എന്ന വാദം ഇന്നേറെ ശക്തമായിട്ടുണ്ട്. ഒരു ശരിയായ ഇടതുപക്ഷം ഇന്ത്യക്കും കേരളത്തിനും ആവശ്യമാണെന്ന വാദമാണ് ഇതിനു പിന്നില്‍. പക്ഷെ അത്ര നിഷ്കളങ്കമാണോ രാഷ്ട്രീയം? കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ‘ഇറങ്ങിവരാന്‍’ വി. എസിനോട് ആവശ്യപ്പെട്ടു വരുന്നുണ്ട്. പക്ഷെ അതിനകത്ത് നിന്നുകൊണ്ട് ചെയ്യുന്ന കാര്യങ്ങള്‍ പുറത്തു വന്നു ചെയ്യാന്‍ വി. എസിന് കഴിയില്ലെന്ന് കരുതുന്നവരും കുറവല്ല. കാരണം പുറത്ത് അതിനു ചേര്‍ന്ന ഒരു ഭൌതിക സാഹചര്യമില്ലെന്നു തന്നെ. പുതിയ ഒരു പാര്‍ട്ടി (1964 ലേതുപോലെ) ഇന്ന് എളുപ്പമല്ല. കാരണം കഴിഞ്ഞ അര നൂറ്റാണ്ട് കൊണ്ട് ലോകം മുഴുവന്‍ ഉണ്ടായ മാറ്റം തന്നെ. ‘ഉരുക്കുപോലെയുറച്ച’ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ന് പ്രസക്തമാണോ? എന്തുപരിപാടി, എന്ത് സംഘടനാ രൂപം എന്നിങ്ങനെ പല പ്രശ്നങ്ങളും ഉണ്ട്. ആരൊക്കെ അതിലുണ്ടാകണമെന്നതിനെ ആശ്രയിച്ചിരിക്കും അത്. വ്യക്തമായ ഒരു ധാരണ ഇനിയും രൂപപ്പെടേണ്ടതുണ്ട്. മറ്റൊരു പ്രശ്നമുള്ളത് അനേക ലക്ഷം മനുഷ്യരുടെ ചോരയും വിയര്‍പ്പുംകൊണ്ട് പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തെ പൂര്‍ണ്ണമായും വലതു പക്ഷക്കാര്‍ക്ക് വിട്ടുകൊടുത്ത് ഇറങ്ങി പോരണോ എന്നതാണ്. ഒപ്പം കേരളത്തിലെയും ഇന്ത്യയിലെയും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ‘ഇടതു പക്ഷ ഗ്രൂപ്പുകളുടെ’ അനുഭവങ്ങളും പാഠമാക്കണം. സി. പി. എമ്മിനകത്ത് ഇത്രയേറെ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടും ഒരു ബദല്‍ ഗ്രൂപ്പിന് ഇതിന്റെ ‘നേട്ടം’ ഉണ്ടാക്കാന്‍ കഴിയാത്തത് എന്തുകൊണ്ട്? ജനം അങ്ങോട്ടോഴുകാത്തത് എന്തുകൊണ്ട്?
ഇവിടെയാണ് എന്താകണം ഇടതു പക്ഷത്തിന്റെ ഇന്നത്തെ ധര്‍മ്മം എന്ന ചര്‍ച്ച നടക്കേണ്ടത്. ജനങ്ങള്‍ നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. അതിന്റെ പോരാട്ടങ്ങളും നടക്കുന്നുണ്ട്. അതിലൊന്നും പങ്കെടുക്കാതെ പഴഞ്ചന്‍ പ്രത്യയ ശാസ്ത്ര ഗീര്‍വാണങ്ങള്‍ നടത്തുന്ന വരോടൊപ്പം മനുഷ്യരുണ്ടാകില്ല. എന്നും ഇടതു പക്ഷത്തോടൊപ്പം ജനങ്ങള്‍ നിന്നത് പൂര്‍ണ്ണമായും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന പ്രത്യാശയോടെയാണ്. ഇനി വരും കാലത്തെ ഇടതു പക്ഷത്തിന്റെ രൂപ ഭാവങ്ങള്‍ തീരുമാനിക്കപ്പെടേണ്ടതുണ്ട്. അതെന്തായാലും വലതുപക്ഷവല്ക്കരിക്കപ്പെടുന്ന ഇടതു പക്ഷത്തെ സംരക്ഷിച്ചു കൊണ്ടാകില്ല. തീര്‍ച്ച.
സി. ആര്‍. നീലകണ്ഠന്‍
**********************************************
അവസാനിച്ചു.