കോഴിക്കോട്: പ്രശസ്ത്ര നടനും നിര്‍മ്മാതാവുമായ അഗസ്റ്റിന്‍ (58) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു അന്ത്യം. ഏറെ നാളായി പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അഗസ്റ്റിന്‍. മൃതദേഹം വെള്ളിയാഴ്ച ഉച്ചക്ക് കോഴിക്കോട് ടൌണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിനു വെച്ച ശേഷം പാറോപ്പടി സെന്റ് ആന്റണീസ് ചര്‍ച്ചില്‍ മറവു ചെയ്യും.
കുന്നുമ്പുറത്ത് മാത്യുവിന്റേയും റോസി ദമ്പതികളുടെ മകനായി കോടഞ്ചേരിയിലാണ് ജനനം. ഹാന്‍സിയാണ് ഭാര്യ. ചലച്ചിത്ര താരമായ ആന്‍ അഗസ്റ്റിന്‍ മകളാണ്. നാടക രംഗത്തു നിന്നുമാണ് അഗസ്റ്റിന്‍ സിനിമയില്‍ എത്തുന്നത്. ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടര്‍ എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. ദേവാസുരം, ആറാം തമ്പുരാന്‍, കമ്മീഷ്ണര്‍, ഉസ്താദ്, രാവണപ്രഭു, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, ഊട്ടിപ്പട്ടണം, ചന്ദ്രോത്സവം, മിഴിരണ്ടിലും, ബാവൂട്ടിയുടെ നാമത്തില്‍ തുടങ്ങി നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.മിഴി രണ്ടിലും എന്ന ചിത്രം നിര്‍മ്മിച്ചു.
പക്ഷാഘാതത്തെ തുടര്‍ന്ന് സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്ന അഗസ്റ്റിന്‍ അടുത്ത കാലത്ത് സിനിമയില്‍ ഒരു തിരിച്ച് വരവ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഊന്നുവടിയുടെ സഹായത്തോടെ നടക്കുവാന്‍ ആരംഭിച്ചപ്പോള്‍ ആണ് ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചത്. ഹാസ്യനടനായും ക്യാരക്ടര്‍ റോളുകളിലും തിളങ്ങിയ അഗസ്റ്റിന്‍ അരങ്ങൊഴിഞ്ഞതോടെ മികച്ച ഒരു നടനെയാണ് മലയാള സിനിമയ്ക്ക് നഷ്ടമായത്.