കൊച്ചി: ദേശാഭിമാനി കൊച്ചി യൂണീറ്റിലെ സീനിയര്‍ സെസ്പാച്ചര്‍ പി.കെ. മോഹന്‍ദാസിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സീമ(34), കാമുകന്‍ വൈക്കം കിഴക്കേനട സ്വദേശി ഹരിശ്രിയില്‍ ഗിരീഷ് (31) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. എറണാംകുളം പെന്റ മേനകയിലെ അടുത്തടുത്ത സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാണ് ഇരുവരും. ആറുവര്‍ഷമായി ഗിരീഷും സീമയും തമ്മില്‍ പ്രണയത്തിലായിരുന്നു. മാസത്തിലൊരിക്കല്‍ പകല്‍ സമയത്ത് ഗുരുവായൂരില്‍ ഇവര്‍ ഒത്തു കൂടാറുണ്ട്. ഇതിനിടയിലാണ് ഒരുമിച്ചു ജീവിക്കുവാനായി മോഹന്‍ ദാസിനെ കൊലപ്പെടുത്തുവാനുള്ള പദ്ധതി തയ്യാറാക്കിയത് എന്ന് കരുതുന്നു.
കൊല്ലപ്പെട്ട മോഹന്‍ദാസിനു സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നു. ഇതു തീര്‍ക്കുവാനായി ചെറിയ തുക കൈമാറിക്കൊണ്ടായിരുന്നു സീമയും ഗിരീഷും തമ്മില്‍ കൂടുതല്‍ അടുപ്പത്തിലായത്. താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും വലിയ തുകയുടെ സാമ്പത്തിക തിരിമറി നടത്തിയണ് ഗിരീഷ് സീമയെ സഹായിച്ചിരുന്നത്. ബന്ധം പുറത്തറിയാതിരിക്കുവാന്‍ ഇരുവരും പരമാവധി ശ്രദ്ധിച്ചിരുന്നു. കൊലപാതകം നടന്ന ഡിസംബര്‍ 2 നു രാത്രി ദേശാഭിമാനിയില്‍ പോകാനിറങ്ങിയ മോഹന്‍ ദാസിനോട് അമൃത ഹോസ്പിറ്റലില്‍ ഉള്ള ഒരു ബന്ധുവിനെ കാണുവാനായി ഗിരീഷ് പാതാളം ജംഗ്ഷനില്‍ നില്‍ക്കുന്നുണ്ടെന്നും അയാളെ അടുത്തൊരിടത്ത് എത്തിക്കണമെന്നും സീമ അറിയിച്ചു. മോഹന്‍ ദാസ് ഗിരീഷ് നിന്നിടത്തെത്തി അയാളുമായി ബൈക്കില്‍ യാത്ര തുടര്‍ന്നു. കണ്ടൈനര്‍ റോഡിലെ വിജനമായ സ്ഥലത്ത് എത്തിയപ്പോള്‍ ഷര്‍ട്ടില്‍ എന്തോ അഴുക്കു പറ്റിയതായി പറഞ്ഞ് ഗിരീഷ് ബൈക്ക് നിര്‍ത്തിച്ചു. തുടര്‍ന്ന് നേരത്തെ കരുതിയിരുന്ന ക്ലോറോഫോം ബലംപ്രയോഗിച്ച് മണപ്പിച്ച് ബോധം കെടുത്തുവാന്‍ ശ്രമിച്ചെങ്കിലും മോഹന്‍ദാസ് കുതറിയോടി. അതോടെ ഗിരീഷ് വിദേശ നിര്‍മ്മിത കത്തി ഉപയോഗിച്ച് മോഹന്‍ദാസിന്റെ കഴുത്തില്‍ കുത്തുകയായിരുന്നു. സംഭവശേഷം നേരത്തെ കളമശ്ശേരിയില്‍ വച്ചിരുന്ന ബൈക്കില്‍ ഗിരീഷ് രക്ഷപ്പെട്ടു.
ബൈക്ക് അപകടത്തിലാണ് മോഹന്‍ദാസ് മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ കഴുത്തില്‍ ആഴത്തിലേറ്റ മുറിലൂടെ രക്തം വാര്‍ന്നാണ് മരിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയപ്പോള്‍ മനസ്സിലാകുകയായിരുന്നു. തുടര്‍ന്ന് മോഹന്‍ദാസിന്റെയും അയാളുമായി അടുപ്പമുള്ളവരുടേയും മൊബൈല്‍ ഫോണുകല്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുവാന്‍ ആരംഭിച്ചു. കൊലക്ക് മുമ്പും പിന്‍പും ഉള്ള ദിവസങ്ങളില്‍ സീമയും ഗിരീഷും തമ്മില്‍ ദീര്‍ഘമായി സംസാരിച്ചതായി കണ്ടെത്തി. ഇതിനിടയില്‍ താന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നടത്തിയ സാമ്പത്തിക ക്രമക്കേടുകള്‍ കേസായതോടെ ഗിരീഷ് കുറ്റ സമ്മതം നടത്തുവാനായി തൃക്കാക്കര അസി.കമ്മീഷ്ണര്‍ ബിജോ അലക്സാണ്ടറെ സമീപിച്ചു. കൊലപാതകത്തില്‍ നടക്കുന്ന അന്വേഷണം തന്ത്രപൂര്‍വ്വം തന്നില്‍ നിന്നും തിരിച്ചു വിടുവാനുള്ള ഉപായമായാണ് ഗിരീഷ് ഇപ്രകാരം ചെയ്തത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ മോഹന്‍ദാസിന്റെ കൊലപാതകവും സീമയുമായി തനിക്കുള്ള ബന്ധവും ഇയാള്‍ തുറന്നു പറഞ്ഞു. കൊലനടത്തുവാന്‍ ഉപയോഗിച്ച കത്തി സംഭവസ്ഥലത്തിനു സമീപത്തു നിന്നും കണ്ടെടുത്തു. തുടര്‍ന്നാണ് സീമയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
അസിസ്റ്റന്റ് സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്‍.അജിത് കുമാര്‍, ഡെപ്യൂട്ടി കമീഷ്ണര്‍ ടി.ഗോപാലകൃഷ്ണന്‍ പിള്ള എന്നിവരുടെ മേല്‍ നോട്ടത്തില്‍ നടന്ന അന്വേഷണത്തില്‍ അസി.കമ്മീഷണര്‍ സുനില്‍ ജേക്കബ്, സി.ഐ മാരായ എ.ജി.സാബു,ഡി.എസ്.സുനീഹ്സ് ബാബു, എസ്.ഐമാരായ എസ്.വിജയ ശങ്കര്‍, സെബാസ്റ്റ്യന്‍ തോമസ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.