തിരുവനന്തപുരം: വരാനിരിക്കുന്ന നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഒ. രാജഗോപാലിനെ ബി. ജെ. പി സ്ഥാനാര്‍ഥിയാക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് വി. മുരളീധരന് അറിയിച്ചു. ബി. ജെ. പിയുടെ സംസ്ഥാന ഭാരവാഹികളുടെ യോഗമാണ് രാജഗോപാലിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച തീരുമാനമെടുത്തത്. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ നേമത്ത് തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ചിരുന്നു. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലും രാജഗോപാല്‍ മത്സരിച്ചിട്ടുണ്ട്.
സമുദായ രാഷ്ടീയത്തിന്റെ സാധ്യതകള്‍ മുഴുവന്‍ പ്രയോജനപ്പെടുത്തുന്ന മുസ്ലിം ലീഗിന്റെ തന്ത്രം ജനങ്ങള്‍ തിരിച്ചറിയുവാന്‍ തുടങ്ങിയിട്ടുണ്ട്. യു. ഡി. എഫിനെ സമ്മര്‍ദ്ദത്തിലാക്കിക്കൊണ്ട് മുസ്ലിം ലീഗ് അഞ്ചാം മന്ത്രിസ്ഥാനം നേടിയത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. അഞ്ചാം മന്ത്രി വിവാദങ്ങള്‍ കേരളത്തില്‍ രാഷ്ടീയത്തിനതീതമായി ജനങ്ങള്‍ക്കിടയില്‍ സാമുദായികമായ ചേരിതിരിവിനും ചിന്തകള്‍ക്കും ആക്കം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ അവസരം മുതലെടുക്കുവാനാണ് ബി. ജെ. പി ശ്രമിക്കുന്നത്. അടുത്തിടെ നടന്ന പിറവം ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച ബി. ജെ. പി സ്ഥാനാര്‍ഥിക്ക് വളരെ കുറച്ച് വോട്ടു മാത്രമേ നേടുവാനായുള്ളൂ. ഒട്ടും ജനകീയനല്ലാത്ത നേതാവിനെ മത്സരിപ്പിച്ചത് ബോധപൂര്‍വ്വമാണെന്ന ആരോപണവും ബി. ജെ. പിക്ക് എതിരെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തവണ നെയ്യാറ്റിന് കരയില്‍ മത്സരിക്കുന്ന എല്‍. ഡി. എഫിന്റേയും, യു. ഡി. എഫിന്റേയും സ്ഥാനാര്‍ഥികള്‍ താതമ്യേന ദുര്‍ബലരാണെന്ന് മാത്രമല്ല ഇരുവരും രാഷ്ടീയ ചേരിമാറ്റം നടത്തിയതിന്റെ ദുഷ്പേരു പേറുന്നവരാണ് എന്നതും ബി. ജെ. പിയുടെ സാധ്യതകള്‍ക്ക് പ്രതീക്ഷ നല്കുന്നു.
മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രി വിഷയത്തിലും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും യു. ഡി. എഫില്‍ വലിയ ഒരു വിഭാഗം അസംതൃപ്തരാണ്. സാമുദായിക സന്തുലനാവസ്ഥ തകര്‍ക്കുമെന്ന് പറഞ്ഞു കൊണ്ട് എന്‍. എസ്. എസ് രംഗത്തെത്തി. അഞ്ചാം മന്ത്രിയെ നല്കിയതോടൊപ്പം ഒത്തു തീര്‍പ്പിനെന്നോണം ഉമ്മന്‍ചാണ്ടിക്ക് ആഭ്യന്തരം ഒഴിയേണ്ടി വന്നത് ഒരു വിഭാഗം ക്രിസ്ത്യാനികളുടെ ഇടയില്‍ അസംതൃപ്തിക്ക് ഇടവരുത്തി. എഫ്. ലോറന്‍സിന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലിയും പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഭാഗമായുള്ള പ്രശ്നങ്ങളും സി. പി. എം അണികളിലും അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇരുമുന്നണികളിലും ഉള്ള അസംതൃപ്തരുടെയും ഒപ്പം നിഷ്പക്ഷമായി നില്‍ക്കുന്നവരുടേയും വോട്ടുകളാണ് നിലവിലെ സ്ഥാനാര്‍ഥികളേക്കാള്‍ മികച്ച വ്യക്തിപ്രഭാവമുള്ള ഒ. രാജഗോപാലിലൂടെ ബി. ജെ. പി ലക്ഷ്യമിടുന്നത്.