തിരുവനന്തപുരം : കേവലം സ്വാര്‍ത്ഥമായ കച്ചവട താല്പര്യങ്ങള് മാത്രം മുന്നില്‍ കണ്ടു കൊണ്ട് എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട എന്ന കേന്ദ്ര കൃഷി മന്ത്രി സ്വീകരിച്ച മനുഷ്യത്വ രഹിത നിലപാടിന് എതിരെ പ്രതിഷേധിക്കാന്‍ വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വം ആഹ്വാനം ചെയ്തു.
ഏപ്രില്‍ 25ന് നടക്കുന്ന സ്റ്റോക്ക്‌ഹോം ജൈവ മാലിന്യ സമ്മേളനത്തില്‍ ആഗോള തലത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുവാനുള്ള പ്രമേയത്തെ ഇന്ത്യ പിന്തുണയ്ക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ കച്ചവട താല്പര്യങ്ങള് മാത്രം മുന്‍നിര്‍ത്തി എതിര്‍ക്കുന്ന കേന്ദ്ര കൃഷി മന്ത്രി ശരദ് പവാറിന്റെ നയങ്ങള്‍ രാജ്യത്തിന്റെ നയങ്ങള്‍ ആവാന്‍ അനുവദിച്ചു കൂടാ. എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ എതിര്‍ക്കാന്‍ ഇന്ത്യ തീരുമാനിച്ചതിന് എതിരെ നടക്കുന്ന ഒപ്പ് ശേഖരണത്തില്‍ പങ്കെടുത്ത് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുവാന്‍ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു.
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്രം ഒളിച്ചു കളി നടത്തുകയാണ്. കേന്ദ്ര കൃഷി മന്ത്രിക്കും പ്രധാന മന്ത്രി മന്‍മോഹന്‍ സിങ്ങിനും ജൈവ മാലിന്യ പുനപരിശോധനാ കമ്മിറ്റിയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ ഇന്ത്യ അനുകൂലിക്കണം എന്ന് സൂചിപ്പിച്ച് താന്‍ എഴുതിയ കത്ത് അവഗണിക്കപ്പെട്ടു എന്ന് അദ്ദേഹം വെളിപ്പെടുത്തി. ഈ കമ്മിറ്റിയുടെ ചര്‍ച്ചകളില്‍ നിന്നും ഇന്ത്യ പിന്മാറുകയും നിരോധനത്തിനുള്ള ശുപാര്‍ശ കമ്മിറ്റി അംഗീകരിക്കുകയും ചെയ്തു.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശങ്ങളിലെ പ്ലാന്റേഷന്‍ കോര്‍പ്പൊറേഷന്‍ തോട്ടങ്ങള്‍ പാട്ടം അവസാനിക്കുന്നതോടെ സര്‍ക്കാരിലേക്ക് തിരിച്ചു പിടിക്കാനുള്ള നിര്‍ദ്ദേശം വനം വകുപ്പ് സമര്‍പ്പിച്ചതാണ് എന്ന് അദ്ദേഹം വെളിപ്പെടുത്തി. ഈ ഭൂമി ദുരന്തത്തിന്റെ ഇരകളുടെ പുനരധിവാസത്തിനായി ഉപയോഗിക്കും. കീടനാശിനി തളിച്ചത് വഴി കെടുതി അനുഭവിക്കുന്ന പ്രദേശത്തെ കാര്യമാണിത്. തോട്ടം വ്യവസായത്തിന് സര്‍ക്കാര്‍ പ്രതികൂലമല്ല. സ്വകാര്യ പൊതു മേഖലാ സ്ഥാപനങ്ങള്‍ക്ക് പാട്ടം പുതുക്കി നല്‍കണം എന്ന് തന്നെയാണ് സര്‍ക്കാര്‍ നയം. എന്നാല്‍ പാട്ടം വ്യവസ്ഥകള്‍ ലംഘിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനായി നടക്കുന്ന ഓണ്‍ലൈന്‍ ഒപ്പു ശേഖരണത്തില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഫോട്ടോ : അബ്ദുള്‍ നാസര്‍