തിരുവനന്തപുരം : ആരോപണ വിധേയനായ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ പി. ജെ. തോമസിന്റെ നിയമനത്തെ സുപ്രീം കോടതി ചോദ്യം ചെയ്ത നടപടിയെ മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദന്‍ സ്വാഗതം ചെയ്തു. സുപ്രീം കോടതി നടപടിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം ഉള്‍പ്പെടെ തോമസിന്റെ നിയമനത്തിന് ഉത്തരവാദികളായവര്‍ രാജി വെയ്ക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകളെ അവഗണിച്ചാണ് തോമസിനെ കേന്ദ്രം നിയമിച്ചത് എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പി. ജെ. തോമസ് പ്രതിയായ 1992ലെ പാമോലിന്‍ ഇറക്കുമതി അഴിമതി കേസ് താന്‍ ഇപ്പോഴും പിന്തുടരുന്നുണ്ട് എന്നും അച്യുതാനന്ദന്‍ അറിയിച്ചു.
കോണ്ഗ്രസ് നേതാവ് കെ. കരുണാകരന്‍ മുഖ്യമന്ത്രിയും തോമസ് ഭക്ഷ്യ വകുപ്പ് സെക്രട്ടറിയും ആയിരുന്ന കാലത്ത് മലേഷ്യയില്‍ നിന്നും പാമോലിന്‍ ഇറക്കുമതി ചെയ്ത കരാറില്‍ സംസ്ഥാനത്തിന് രണ്ടു കോടിയിലേറെ നഷ്ടം സംഭവിച്ചതുമായി ബന്ധപ്പെട്ട അഴിമതിയാണ് പാമോലിന്‍ കേസിന് ആധാരം.