തിരുവനന്തപുരം: അടുത്ത ദിവസങ്ങളിലായി തനിക്കും മകന്‍ അരുണ്‍ കുമാറിനും എതിരെ യു.ഡി.ഫ് പാളയത്തില്‍ നിന്നും ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി വി.എസ്സ് അച്ചുതാനന്ദന്‍ രംഗത്തെത്തി. ലോട്ടറി വിഷയത്തില്‍ അട്ടിമറിക്കുവാന്‍ കൂട്ടുനിന്നവരുടെ കൂട്ടത്തില്‍ തന്റെ മകന്‍ മകന്‍ ഉണ്ടെങ്കില്‍ അതും ചേര്‍ത്ത് അന്വേഷിക്കുവാന്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിനു കത്തെഴുതുമെന്ന് വി.എസ് പറഞ്ഞു. ലോട്ടറി കേസില്‍ അന്വേഷണം ആവശ്യപ്പെട്ടത് താന്‍ ആണെന്നും അതിനാല്‍ തന്നെ താനെന്തിനു അത് അട്ടിമറിക്കണമെന്നും വി.എസ്സ് ചോദിച്ചു. കേസുകള്‍ അട്ടിമറിക്കുവാന്‍ ലോട്ടറിമാഫിയ തന്റെ മകന് പണം നല്‍കിയതായുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. മറ്റൊന്ന് ചന്ദനഫാക്ടറികളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണമാണ്. തന്റെ മകനെതിരായ ആരോപണങ്ങള്‍ പ്രതിപക്ഷ നേതാവ് എഴുതിത്തരട്ടെ എന്നും ആര് അന്വേഷിക്കണമെന്നും അവര്‍ക്ക് നിശ്ചയിക്കാമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്ന ഏതു ഏജന്‍സിയെകൊണ്ടും അന്വേഷിപ്പിക്കാമെന്നും വി.എസ്സ് പറഞ്ഞു. വ്യക്തിപരമായ ആരോപണങ്ങള്‍ നിയമപരമായി നേരിടുവാന്‍ മകനോട് പറഞ്ഞിട്ടുണ്ടെന്നും ഒരു സാധാരണ ഇന്ത്യന്‍ പൌരനും നല്‍കുന്ന പരിഗണന മാത്രമേ മകനും നല്‍കുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാലകൃഷ്ണപിള്ള ജയിലില്‍ പോയി. കേരള്‍ കോണ്‍ഗ്രസ്സ് മാണി വിഭാഗത്തിലെ സജീവനും അകത്തു പോയി. കുഞ്ഞാലിക്കുട്ടിയുടെ അന്വേഷണം നടക്കുമ്പോള്‍ അടുത്തയാള്‍ക്കും പോകാമെന്നും പിന്നെ ജയിലില്‍ യു.ഡി.ഫിന് സ്ഥിരമായി കമ്മറ്റി കൂടാവുന്നതാണെന്നും വി.എസ്സ് തന്റെ സ്വതസിദ്ധമായ രീതിയില്‍ പരിഹസിച്ചു. ബാലകൃഷ്ണപിള്ള അഴിമതിക്കേസില്‍ സുപ്രീം കോടതിയില്‍ നിന്നും ശിക്ഷ ലഭിച്ചതിനെ തുടര്‍ന്ന് പൂജപ്പുരം ജയിലില്‍ ആയതും കുഞ്ഞാലിക്കുട്ടിക്കെതിരെ റൌഫ് നടത്തിയ വെളിപ്പെടുത്തലും കേരള കോണ്‍ഗ്രസ്സ് മാണിഗ്രൂപ്പും യൂത്ത് കോണ്‍ഗ്രസ്സും പി.ജെ. ജോസഫിന്റെ പേരില്‍ തെരുവില്‍ തമ്മിലടിച്ചതുമെല്ലാം ചേര്‍ന്നപ്പോള്‍ യു.ഡി.ഫ് ക്യാമ്പ് ശരിക്കും അങ്കലാപ്പിലായിരുന്നു. അതിനു മറുപടിയെന്നോണം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വി.എസ്സിനേയും മകനേയും ആരോപണങ്ങള്‍ കൊണ്ട് മൂടുവാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനം അക്ഷരാര്‍ഥത്തില്‍ പ്രതിപക്ഷത്തിനു പുതിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.