തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തിയേയും ബാലഗോകുലത്തെയും പറ്റി താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടും എം. എല്‍. എ. യുമായ പി. സി. വിഷ്ണുനാഥ്. മാനവിക യാത്രയ്ക്കിടെ അമ്പലപ്പുഴയില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ ബാലഗോകുലത്തിലൂടെ വളര്‍ന്നു വരുന്ന കുട്ടികള്‍ നാളത്തെ വര്‍ഗ്ഗീയ വാദികളായി മാറുമെന്നാണ് വിഷ്ണുനാഥ് പരാമര്‍ശിച്ചത്. ഇതിനെതിരെ ബാലഗോകുലവും ശ്രീകൃഷ്ണ ഭക്തരും രംഗത്തെത്തിയതോടെ പരാമര്‍ശം വിവാദമാകുകയായിരുന്നു.
പി. സി. വിഷ്ണുനാഥ് മാപ്പു പറയണമെന്ന് ബാലഗോകുലം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വിഷ്ണുനാഥിന്റെ ആരോപണത്തിന് തെളിവെന്താണെന്നും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട് വ്യക്തമാക്കണമെന്നും ബാലഗോകുലം സംസ്ഥാന പൊതു കാര്യദര്‍ശി വി. ഹരികുമാര്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ക്കായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്തയിലെ സംഘടനായി ഐക്യരാഷ്ട്ര സഭ ബാലഗോകുലത്തെ തിരഞ്ഞെടുത്തിട്ടുണ്ടെന്നും 2005ല്‍ പുതുപ്പള്ളിയിലെ ശോഭയാത്ര ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്നും സി. എച്ച്. മുഹമ്മദ് കോയ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ശ്രീകൃഷ്ണ ജയന്തി അവധി ദിനമായി പ്രഖ്യാപിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് ഉള്‍പ്പെടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും വിഷ്ണുനാഥിനെതിരെ പ്രതിഷേധം ശക്തമായി ക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ശ്രീകൃഷ്ണ ജയന്തിയെ വര്‍ഗ്ഗീയവല്‍ക്കരിച്ചു എന്ന പേരില്‍ തെറ്റിദ്ധരിപ്പിക്കുവാനാണ് സംഘ പരിവാര്‍ ശ്രമിക്കുന്നതെന്നും രഹസ്യ അജണ്ട പുറത്തായതിന്റെ പരിഭ്രാന്തിയിലാണ് അവരെന്നും പി. സി. വിഷ്ണുനാഥ് പ്രതികരിച്ചു. അഭിപ്രായം പറഞ്ഞാല്‍ ഭീഷണിപ്പെടുത്തി പിന്മാറ്റാമെന്ന ധാരണ ഫാസിസ്റ്റ് നയമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.