
കേരളം ഭരിക്കുന്നത് മുസ്ലിം ലീഗാണെന്നും ലീഗിന് അപ്രിയമായതൊന്നും കേരളത്തില്‍ നടക്കില്ലെന്നും പൊതു യോഗത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയതു സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മറുപടി പറയണമെന്ന് എൻ. എസ്. എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. പാര്‍ട്ടി വേദിയില്‍ പാര്‍ട്ടിയുടെ നേതാവ് പറയുന്നതും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ മന്ത്രി പറയുന്നതും ഒരു പോലെ കാണാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ പരക്കെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കേരളം ഭരിക്കുന്നത് മുസ്ലിം ലീഗാണ് എന്ന് പറഞ്ഞ പൊതുമരാമത്ത് മന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞ് താനാണ് സാമ്രാജ്യമെന്ന് പ്രഖ്യാപിച്ച ലൂയി പതിനാലാമനെ പോലെയാണ് പെരുമാറുന്നതെന്ന് ഹിന്ദു ഐക്യവേദിയുടെ കേരള ഘടകം അധ്യക്ഷ കെ. പി. ശശികല ടീച്ചര്‍ പറഞ്ഞു. കേരളത്തില്‍ എല്ലാം തങ്ങളുടെ കീഴിലാണെന്ന അഹങ്കാരമാണ് ലീഗിനെന്നും ഇബ്രാഹിം കുഞ്ഞിനെ കൊണ്ട് ഇങ്ങനെ പറയിച്ചത് ഈ അഹങ്കാരം മൂലമാണെന്നും അവര്‍ പറഞ്ഞു. ലീഗിനെ ഇത്തരത്തില്‍ വളരുവാന്‍ വളം വെച്ചു കൊടുത്തത് കോണ്‍ഗ്രസ്സാണെന്നും ലീഗിന്റെ ഇത്തരം ധാര്‍ഷ്ട്യത്തിനെതിരെ ജനവികാരം ഉണരമെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
ആര്‍. ബാലകൃഷ്ണപിള്ള, സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദൻ, എസ്. എൻ. ഡി. പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എന്നിവരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
- എസ്. കുമാര്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം
പട്ടാമ്പി: കേരളത്തില്‍ ഭരണം നടത്തുന്നത് മുസ്ലിം ലീഗ് ആണെന്ന് പൊതു മരാമത്ത് മന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞ്. സത്യം അതാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും നമ്മളത് ഏറ്റു പറയുന്നില്ലെന്നും പറഞ്ഞ മന്ത്രി ലീഗിന് അഹിതമായ ഒരു സംഗതിയും നടക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം ലീഗ് പ്രവര്‍ത്തകരും അനുഭാവികളും മനസ്സിലാക്കണമെന്നും ഇബ്രാഹിം കുഞ്ഞ് ഓര്‍മ്മപ്പെടുത്തി. പട്ടാമ്പി കുലുക്കുല്ലൂരിലെ സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ തുറന്നു പറച്ചില്‍. വെള്ളിയാഴ്ച മന്ത്രി നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ ഒരു ചാനല്‍ പുറത്തു വിടുകയായിരുന്നു.
അഞ്ചാം മന്ത്രി വിഷയത്തില്‍ ലീഗിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങിയതുള്‍പ്പെടെ സംസ്ഥാന ഭരണത്തില്‍ ലീഗിന്റെ അപ്രമാദിത്വമാണെന്ന് പല ഭൂരിപക്ഷ സമുദായ സംഘടനകളും പ്രതിപക്ഷ കക്ഷികളും കാലങ്ങളായി ആരോപണം ഉന്നയിക്കുന്ന പശ്ചാത്തലത്തില്‍ മന്ത്രിയുടെ പ്രസ്ഥാവന പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ്. യു. ഡി. എഫിലെ ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ്സ് ബി. നേതാവ് ആര്‍. ബാലകൃഷണപിള്ള മന്ത്രിയുടെ അഭിപ്രായം സത്യ സന്ധമാണെന്നും അത് തന്നെയാണ് കേരളത്തില്‍ നടക്കുന്നതെന്നും പറഞ്ഞു.
- എസ്. കുമാര്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം
കൊച്ചി: കള്ളു നിരോധിക്കണമെന്ന ഹൈക്കോടതി പരാമരശത്തെ വിമര്‍ശിച്ച എക്സൈസ് മന്ത്രി കെ. ബാബുവിനു ഹൈക്കോടതിയുടെ വിമര്‍ശനം. എന്തു കള്ളാണ് കുടിക്കേണ്ടതെന്ന് ഹൈക്കോടതിയല്ല ജനങ്ങളാണ് തീരുമാനിക്കുന്നതെന്ന് എക്സൈസ് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കള്ളു നിരോധിക്കുവാന്‍ ആയില്ലെങ്കില്‍ മായം ചേര്‍ക്കാത്ത കള്ള് നല്‍കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്ന് പറഞ്ഞ കോടതി ജനങ്ങള്‍ തന്നിഷ്ട പ്രകാരം ജീവിക്കുകയാണെങ്കില്‍ നിയമങ്ങള്‍ക്ക് എന്ത് പ്രസക്തിയാണ് ഉള്ളതെന്ന് ചോദിച്ചു. കൊടിയുടെ നിറമേതായാലും എല്ലാ രാഷ്ടീയക്കാര്‍ക്കും വോട്ടു ബാങ്കാണ് പ്രധാനമെന്ന് ജസ്റ്റിസ് എസ്. സിരിജഗന്‍ അഭിപ്രായപ്പെട്ടു.
- എസ്. കുമാര്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, കേരള ഹൈക്കോടതി
കണ്ണൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ തൊഴില്‍ മന്ത്രിയുമായ എൻ. രാമകൃഷ്‌ണൻ (72) അന്തരിച്ചു. ഇന്നലെ ഉച്ചയോടെ മംഗലാപുരം കെ. എം. സി. ആശുപത്രിയിലായിരുന്നു അന്ത്യം. 1991-95 കാലഘട്ടത്തിലെ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രിയായിരുന്നു. കണ്ണൂരില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തിയതില്‍ പ്രധാന പങ്കു വഹിച്ച ആളാണ് എൻ. രാമകൃഷ്ണൻ. 18 വര്‍ഷം കണ്ണൂര്‍ ഡി. സി. സി. പ്രസിഡന്റായിരുന്നു. ഇപ്പോള്‍ സേവാദള്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്‌ഥാനവും കെ. പി. സി. സി. എക്‌സിക്യൂട്ടീവ് അംഗത്വവും വഹിക്കുന്നുണ്ടായിരുന്നു. എടക്കാട്, കണ്ണൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ നിന്നു നിയമസഭയിൽ എത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന സെക്രട്ടറി, കെ. പി. സി. സി. ജനറല്‍ സെക്രട്ടറി, ഹാന്‍വീവ് ചെയര്‍മാൻ, കേന്ദ്ര സര്‍ക്കാരിന്റെ എസ്. എസ്. ഐ. ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1996-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പിന്തുണയോടെ കോണ്‍ഗ്രസ് റിബലായി കെ. സുധാകരന് എതിരെ മത്സരിച്ചു പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ഇദ്ദേഹത്തെ വീണ്ടും കോണ്‍ഗ്രസിൽ തിരിച്ചെടുക്കുകയായിരുന്നു. 1941 മാര്‍ച്ച് 13ന് അഞ്ചരക്കണ്ടി മാമ്പയില്‍ കോമത്ത് രാഘവന്റെയും നാവത്ത് നാരായണിയുടെയും നാലു മക്കളില്‍ മൂത്ത മകനായി ജനിച്ചു. കണ്ണൂര്‍ നഗരസഭാ കൗണ്‍സിലറും വിദ്യാഭ്യാസ സ്‌റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണുമായ വിജയലക്ഷ്‌മി (കര്‍ണാടക സര്‍ക്കാര്‍ റിട്ട. സോഷ്യല്‍ വെല്‍ഫെയര്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍) യാണു ഭാര്യ. മക്കള്‍: നിരന്‍ ദാസ് (ഗള്‍ഫ്), അപര്‍ണ, അമൃത. മരുമക്കള്‍: അനില്‍ (ബിസിനസ്), മഹേഷ് (ബിസിനസ്). സഹോദരങ്ങള്‍: പരേതനായ സഹദേവൻ, പ്രേമൻ, സാവിത്രി.
- ഫൈസല്‍ ബാവ
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, ചരമം