കോഴിക്കോട് : മലയാളത്തിലെ വൈറല്‍ ഹിറ്റായ പ്രേമം എന്ന സിനിമയുടെ പ്രദര്‍ശനം ഇടയ്ക്ക് വച്ച് നിലച്ചതോടെ കാണികള്‍ തീയേറ്റര്‍ തകര്‍ത്തു. കോഴിക്കോട് അപ്സര തീയേറ്ററിലാണ് സംഭവം. ബുധനാഴ്ച രാത്രി 10.45 ഓടെയാണ് സംബവം. ഇടവേള കഴിഞ്ഞ് ഡിജിറ്റല്‍ തകരാറിനെ തുടര്‍ന്ന് സിനിമയുടെ പ്രദര്‍ശനം നിലച്ചു .ഇതേ തുടര്‍ന്ന് പ്രേക്ഷകര്‍ വ്യാപകമായ അക്രമം അഴിച്ചു വിടുകയായിരുന്നു. സ്ക്രീന്‍ കുത്തിക്കീറുകയും കസേരകളും വാതിലുകളും തകര്‍ക്കുകയും ചെയ്തു. ഇതിനിടയില്‍ ആരോ സീറ്റുകള്‍ക്ക് തീയിടുകയും ചെയ്തു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഉള്ളവര്‍ സിനിമ കാണാന്‍ എത്തിയിരുന്നു. അവര്‍ തീയേറ്ററിനു പുറത്തേക്ക് ഇറങ്ങിയോടി. അക്രമം വ്യാപകമായതോടെ പോലീസ് എത്തിയെങ്കിലും രംഗം ശാന്തമായില്ല. തുടര്‍ന്ന് പോലീസ് ലാത്തി വീശി ഇതോടെ അക്രമികള്‍ തീയേറ്ററിനു നേരെ കല്ലേറ് ആരംഭിച്ചു.കല്ലേറില്‍ തീയേറ്ററിന്റെ ചില്ലുകള്‍ തകരുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സംഭവം നിയന്ത്രണ വിധേയമാക്കുവാന്‍ എ.ആര്.ക്യാമ്പില്‍ നിന്നും പോലീസ് സംഘം എത്തി. നൂറോളം പേരെ കസ്റ്റഡിയില്‍ എടുത്തതായി പോലീസ് പറഞ്ഞു. സാങ്കേതിക തകരാര്‍ മൂലം സിനിമ കാണുവാന്‍ അവസരം നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്യുമെന്ന് തീയേറ്റര്‍ ഉടമ പറഞ്ഞു.