കണ്ണൂര്‍: തൃശ്ശൂര്‍ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ആയിരുന്ന ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും വിവാദ വ്യവസായിയുമായ നിസാമിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തി. കാപ്പ ചുമത്തപ്പെട്ട നിസാമിന് 12 മണിക്കൂര്‍ സെല്ലില്‍ കഴിയേണ്ടിവരും. കൊടും കുറ്റവാളികളെ പാര്‍പ്പിക്കുന്ന പത്താം നമ്പര്‍ സെല്ലിലാണ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നിസാമിനേയും പാര്‍പ്പിച്ചിരിക്കുന്നത്. സൌമ്യ വധക്കേസ് പ്രതി ഗോവിന്ദ ചാമി, കണിച്ചു കുളങ്ങര കേസിലെ പ്രതി ഉണ്ണി, ഗുണ്ടാ നിയമ പ്രകാരം അറസ്റ്റിലായ നാലു പേര്‍, ജയില്‍ ചാട്ടത്തിനു പിടിയിലായര്‍ അടക്കം 13 പേരാണ് ഈ ബ്ലോക്കില്‍ ഉള്ളത്.
ആഢംബര ജീവിതം നയിച്ചു വരികയായിരുന്ന ഈ സമ്പന്ന വ്യവസായിക്ക് ഇപ്പോള്‍ കൊതുകടിയേറ്റ് ചട്ടപ്രകാരം നല്‍കുന്ന പായയും ഷീറ്റും വിരിച്ച് തലയിണയില്ലാതെ സിമന്റ് തറയില്‍ കിടക്കേണ്ടിവരും. അധികൃതര്‍ അനുവദിച്ചാല്‍ കൊതുകു തിരി ലഭിക്കും. ആഴ്ചയില്‍ ഒരിക്കലേ സന്ദര്‍ശകരെ അനുവദിക്കൂ. ശിക്ഷിക്കപ്പെട്ട കുറ്റവാളി അല്ലാത്തതിനാല്‍ ജയില്‍ വസ്ത്രങ്ങള്‍ ധരിക്കേണ്ടതില്ല.