കോട്ടയം: കേരള കോണ്‍ഗ്രസ് നടുകടലില്‍ ആണെന്നും പാര്‍ട്ടിയെ തള്ളിവിട്ടവര്‍ ആരെല്ലാമെന്ന് ചെയര്‍മാന്‍ കെ. എം. മാണി വ്യക്തമാക്കണമെന്നും പാര്‍ട്ടി വൈസ് ചെയര്‍മാനും ചീഫ് വിപ്പുമായ പി. സി. ജോര്‍ജ്ജ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബാര്‍ കോഴ ദുരാരോപണമാണ് പാര്‍ട്ടിയെ ഈ അവസ്ഥയില്‍ എത്തിച്ചതെന്ന് പറഞ്ഞ ജോര്‍ജ്ജ് ആരോപണം ഉയര്‍ന്നപ്പോള്‍ മാണി രാജി വെക്കണമായിരുന്നു എന്നും പറഞ്ഞു. അപ്പോള്‍ രാജി വെച്ചിരുന്നെങ്കില്‍ അന്വേഷണം പൂര്‍ത്തിയാക്കി വിജയകരമായി പുറത്തു വരാമായിരുന്നു. ഈ നിലയില്‍ മുന്നോട്ട് പോയാല്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും വരാനിരിക്കുന്ന നിയമ സഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി നേതാക്കളെ മണിയടിക്കുന്നവരുടെ കൈയ്യില്‍ അകപ്പെട്ടിരിക്കുകയാണ് പാര്‍ട്ടിയെന്നും മണിയടിക്കാരുടെ വാക്കുകളാണ് നേതാക്കള്‍ കേള്‍ക്കുന്നതെന്നും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ ദു:ഖിതരാണെന്നും പി. സി. ജോര്‍ജ്ജ് ആരോപിച്ചു.
പാര്‍ട്ടി നടുക്കടലില്‍ അല്ലെന്നും ഭൂമിയില്‍ ഉറച്ചാണ് നില്‍ക്കുന്നതെന്നും ജോര്‍ജ്ജ് ഉള്‍പ്പെട്ട പാര്‍ട്ടി യോഗമാണ് താന്‍ രാജി വെയ്ക്കേണ്ടെന്ന തീരുമാനം കൈക്കൊണ്ടതെന്നും പറഞ്ഞ് ധന മന്ത്രി കെ. എം. മാണി പി. സി. ജോര്‍ജ്ജിന്റെ ആരോപണങ്ങളെ തള്ളി. ജോര്‍ജ്ജ് പറയുന്നത് പാര്‍ട്ടിയുടെ നയമല്ല, അത് വ്യക്തിപരമായ അഭിപ്രായമാണെന്നും അതിനു മറുപടി പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ കോഴ പ്രശ്നം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യില്ലെന്ന് നേരത്തെ പറഞ്ഞ മാണി പക്ഷെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ തന്റെ മുന്‍ നിലപാട് തിരുത്തി. ബാര്‍ കോഴ വിഷയം പാര്‍ട്ടിയില്‍ വീണ്ടും ചര്‍ച്ച ചെയ്യും എന്ന് അദ്ദേഹം വ്യക്തമാക്കി.
മാണി രാജി വെക്കണമായിരുന്നു എന്ന പി. സി. ജോര്‍ജ്ജിന്റെ ആവശ്യത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തള്ളിക്കളഞ്ഞു. ജോര്‍ജ്ജ് കൂടെ പങ്കെടുത്ത യു. ഡി. എഫ്. യോഗമാണ് മാണി രാജി വെക്കേണ്ടതില്ല എന്ന് തീരുമാനമെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. ജോര്‍ജ്ജിന്റെ പ്രസ്ഥാവന ഏതു സാഹചര്യത്തിലാണെന്ന് അറിയില്ല. ബാര്‍ കോഴ കേസില്‍ അന്വേഷണം നല്ല രീതിയിലാണ് നടക്കുന്നത്. അന്വേഷണത്തില്‍ ഇതു വരെ ലഭിച്ച മൊഴികള്‍ ഒന്നും മാണിക്ക് എതിരല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.