തിരുവനന്തപുരം: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് നിയമ സഭയില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ ബഹളം. മാണിയ്ക്കെതിരെ അന്വേഷണം നടത്തുക, മാണി രാജിവെക്കുക തുടങ്ങിയ പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം സഭയില്‍ എത്തിയത്. മന്ത്രി കെ.എം.മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമ സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
പണം കൈമാറിയതിന്റെ തെളിവുകള്‍ അടങ്ങുന്ന സി.ഡി. യുമായിട്ടാണ് പ്രതിപക്ഷ ഉപനേതാവ് സഭയില്‍ എത്തിയത്. കോഴപ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിനു അവതരണാനുമതി തേടിയെങ്കിലും ഡെപ്യൂട്ടി സ്പീക്കര്‍ അനുവാദം നല്‍കിയില്ല. തുടര്‍ന്ന് ചോദ്യോത്തര വേളയ്ക്ക് ശേഷം കോടിയേരി വീണ്ടും ബാര്‍ കോഴ പ്രശ്നം സഭയില്‍ ഉയര്‍ത്തി. ഈ സമയം മാണിയും സഭയില്‍ ഹാജരായിരുന്നു.
മാണിക്ക് കോഴ നല്‍കിയെന്ന ആരോപണം ഉന്നയിച്ച ബാറുടമ ബിജു രമേശിന്റെ കാറില്‍ ആണ് പണവുമായി എത്തിയതെന്നും. അത് രണ്ടു ഗഡുക്കളായി നല്‍കിയതെന്നും കോടിയേരി ആരോപിച്ചു. കഴിഞ്ഞ ഏപ്രില്‍ രണ്ടിനു തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ കാലത്ത് ആറരയ്ക്ക് കാറിലെത്തിയാണ്‍` ആദ്യ ഗഡു പണം കൈമാറിയതെന്നും ബിജു രമേശിന്റെ കെ.എല്‍.01- ബി 7878 നമ്പറ് കാറിലാണ് എത്തിയതെന്നും കോടിയേരി പറഞ്ഞു. ഇതു സംബന്ധിച്ച ദൃശ്യങ്ങളുടെ സി.ഡി. കോടിയേരി നിയമ സഭയുടെ മേശപ്പുറത്ത് വച്ചെങ്കിലും മുന്‍കൂട്ടി അനുമതി വാങ്ങാത്തതിനാല്‍ മേശപ്പുറത്ത് വെക്കുവാന്‍ ആകില്ലെന്ന് സഭ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍ റൂളിംഗ് നല്‍കി.
മദ്യ നയം ചര്‍ച്ച ചെയ്ത മന്ത്രിസഭയുടെ മിനിറ്റ്സ് നിയമ സഭയുടെ മേശപ്പുറത്ത് വെക്കണമെന്നും താന്‍ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും ബാറ് അസോസിയേഷന്‍ ഭാരവാഹികളുടേയും സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജിന്റേയും ടെലിഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഒപ്പം കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എയ്ക്ക് ആരോപണം സംബന്ധിച്ച് വെളിപ്പെടുത്തുവാന്‍ അവസരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്ന് മറുപടി പ്രസംഗത്തില്‍ മന്ത്രി കെ.എം.മാണി പറഞ്ഞു. ബാര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് താനോ തന്റെ പാര്‍ട്ടിയോ ഒരു പൈസയും കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ബാര്‍ ഉടമകളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുകയാണെന്ന് മാണി ആരോപിച്ചു.