തിരുവനന്തപുരം: മദ്യ നയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കെ. പി. സി. സി. പ്രസിഡണ്ട് വി. എം. സുധീരന്‍ പുറത്തിറക്കിയ പ്രസ്ഥാവനയ്ക്കെതിരെ ഗ്രൂപ്പ് വൈരം
മറന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ ഒറ്റക്കെട്ടായി രംഗത്തെത്തി. മദ്യ നയം അട്ടിമറിക്കപ്പെട്ടു എന്ന സുധീരന്റെ പ്രസ്ഥാവന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുമെന്ന് എം. എം. ഹസന്‍ പറഞ്ഞു. സര്‍ക്കാരിനെ നിലനിര്‍ത്തുവാനുള്ള ബാധ്യത കെ. പി. സി. സി. പ്രസിഡണ്ടിനുമുണ്ടെന്ന് ഹസന്‍ സുധീരനെ ഓര്‍മ്മപ്പെടുത്തി.
മദ്യ നയത്തില്‍ ഇനി മാറ്റമില്ലെന്ന് മന്ത്രി കെ. സി. ജോസഫ് പറഞ്ഞത് സുധീരനുള്ള വ്യക്തമായ സന്ദേശമാണ്. സര്‍ക്കാര്‍ ഒരു മദ്യ ലോബിക്കും കീഴടങ്ങിയിട്ടില്ലെന്നും സുധീരന്റെ ധാരണ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സുധീരന്റെ അഭിപ്രായങ്ങള്‍ വ്യക്തിപരമാണെന്ന് പറഞ്ഞ് തള്ളുകയും ചെയ്തു.
കെ. പി. സി. സി. പ്രസിഡണ്ടിനെ നോക്കുകുത്തി യാക്കിക്കൊണ്ട് പുതിയ ബിയര്‍, വൈന്‍ പാര്‍ളറുകള്‍ തുറക്കുന്നതിനും നിലവില്‍ പൂട്ടിയ പല ബാറുകളും തുറക്കുന്നതിനും സാഹചര്യം ഒരുക്കുകയാണ് ഉമ്മന്‍ ചാണ്ടിയും സംഘവും ചെയ്തിരിക്കുന്നത്. ജനപക്ഷ യാത്രയില്‍ തന്റെ പ്രതിച്ഛായക്ക് ഉതകും വിധം കാര്യങ്ങള്‍ നീക്കിയ സുധീരനു സര്‍ക്കാറിന്റെ പുതിയ നിലപാട് കനത്ത തിരിച്ചടിയാണ് നല്‍കിയത്.
മദ്യ നയവുമായി ബന്ധപ്പെട്ട് സുധീരന്റെ നിലപാടിനെ തള്ളിക്കൊണ്ട് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായ നീക്കം ഗ്രൂപ്പ് വ്യത്യാസമില്ലാതെ പ്രമുഖ കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ അംഗീകരിച്ചു എന്ന് അവരുടെ വാക്കുകള്‍ വ്യക്തമാക്കുന്നു. തനിക്ക് പറയുവാനുള്ളത് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിവാദങ്ങളില്‍ നിന്നും വിട്ടു നിന്നു. ഫലത്തില്‍ കെ. പി. സി. സി. പ്രസിഡണ്ട് ബാര്‍ വിഷയത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ടിരിക്കയാണ്. കെ. പി. സി. സി. പ്രസിഡണ്ട് എന്ന നിലയില്‍ നിസ്സാര കാര്യങ്ങള്‍ക്ക് പോലും മണ്ഡലം നേതാക്കന്മാര്‍ക്കെതിരെ അച്ഛടക്ക നടപടിയെടുത്തിരുന്ന സുധീരന്‍ ബാര്‍ വിഷയത്തില്‍ നിലപാട് മാറ്റുകയും തനിക്കെതിരെ പരസ്യ പ്രസ്ഥാവനകള്‍ നടത്തുന്ന മുതിര്‍ന്ന നേതാക്കന്മാര്‍ക്കെതിരെ നടപടിയെടുക്കുവാന്‍ ആകാത്ത അവസ്ഥയിലാണ്.
ബാര്‍ കോഴക്കേസില്‍ കെ. എം. മാണിയ്ക്ക് അനുകൂലമായ നിലപാടാണ് സുധീരന്‍ എടുത്തത്. എന്നാല്‍ മാണിക്കെതിരെ നിലപാട് കടുപ്പിച്ചു കൊണ്ട് ബാറുടമകളുടെ സംഘടനാ നേതാവ് ബിജു രമേശ് രംഗത്ത് നിലയുറപ്പിച്ചതോടെ സുധീരന്‍ വെട്ടിലാകുകയും ചെയ്തു. പ്രതിപക്ഷവും ഇത് സുധീരനെതിരെ ഫലപ്രദമായി ഉപയോഗിച്ചു. മദ്യ നയം അട്ടിമറിക്ക പ്പെട്ടിരിക്കുകയാണെന്ന് വിവിധ കൃസ്ത്രീയ സഭകളുടെ നേതാക്കന്മാരും പറഞ്ഞു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ സുധീരന്‍ രാജി വെച്ച് ആദര്‍ശ ശുദ്ധി പ്രകടിപ്പിക്കണമെന്നും വിവിധ കോണില്‍ നിന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.