തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്രൂരനായി ചിത്രീകരിച്ചു കൊണ്ട് പുറത്തിറക്കിയ കാമ്പസ് മാഗസിന്‍ വിവാദമാകുന്നു. തൃശ്ശൂര്‍ ജില്ലയിലെ കുന്ദംകുളം ഗവണ്മെന്റ് പോളിടെക്‍നിക്ക് പുറത്തിറക്കിയ 2012 – 2013ലെ മാഗസിനാണ് നെഗറ്റീവ് ഫേസസ് എന്ന പേരില്‍ മുബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്‌മല്‍ കസബിനും, ബിന്‍ ലാദനും ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹിറ്റ്‌ലര്‍, മുസോലിനി, വീരപ്പന്‍, ജോര്‍ജ്ജ് ബുഷ് എന്നിവരുടെയും പേരുകൾ ഈ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. ഇടത് വിദ്യാർത്ഥി സംഘടനയിൽ അംഗങ്ങളായ ഒരു സംഘം എഡിറ്റർമാരാണ് മാഗസിന് പുറകിൽ.
പ്രധാനമന്ത്രി മോദിയെ മോശക്കാരനായി ചിത്രീകരിച്ച സംഭവം വിവാദമായതോടെ മാഗസിനില്‍ നിന്നും വിവാദമുയര്‍ത്തിയ പേജ് പിന്‍വലിക്കുവാന്‍ തീരുമാനിച്ചെങ്കിലും അത് പ്രായോഗികമല്ലെന്നാണ് എതിര്‍പ്പുമായി രംഗത്തെത്തിയവര്‍ പറയുന്നത്. കാരണം മാഗസിന്റെ അച്ഛടി പൂര്‍ത്തിയാക്കി വിതരണം പൂര്‍ത്തിയാക്കിയിരുന്നു.
മാഗസിനില്‍ ഭീകരര്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ചേര്‍ത്തതിനെതിരെ എ. ബി. വി. പി. യും യുവ മോര്‍ച്ചയും പ്രതിഷേധവുമായി രംഗത്തെത്തി. അവര്‍ വിവാദ മാഗസിന്റെ കോപ്പികള്‍ കത്തിച്ചു.
എന്നാല്‍ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിലാണ് മോദിയെ നെഗറ്റീവ് ഫേയ്സസിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നും ഇതില്‍ തെറ്റില്ലെന്നുമാണ് മാഗസിന്‍ കമ്മറ്റിയുടെ നിലപാട്. അച്ചടി കഴിഞ്ഞ് ഫെബ്രുവരിയിൽ 2013 എഡിഷൻ മാഗസിൻ പുറത്തിറങ്ങിയത് തെരഞ്ഞെടുപ്പിനും മോദി പ്രധാന മന്ത്രി ആകുന്നതിനും മുൻപായിരുന്നു എന്ന് പോളിടെക്നിൿ അധികൃതരും വിശദീകരിച്ചു.
പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ കുന്ദംകുളം പോളി ടെക്നിക് പ്രിന്‍സിപ്പല്‍, സ്റ്റുഡന്റ് എഡിറ്റര്‍ എന്നിവര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
ബി. ജെ. പി. സംസ്ഥാന ഘടകത്തിന്റെ ആവശ്യ പ്രകാരം കേസെടുത്ത പോലീസ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153ആം വകുപ്പ് ആണ് പ്രതികൾക്ക് എതിരെ ചുമത്തിയിരിക്കുന്നത്. “ബോധപൂർവ്വം കലാപം ഉണ്ടാക്കാനുള്ള ശ്രമം” എന്നതാണ് ഈ കുറ്റം. എതിർപ്പിന്റെ ശബ്ദങ്ങളെ അടിച്ചമർത്താൻ പ്രാപ്തമാണ് ഈ വകുപ്പ് എന്ന് നിയമജ്ഞർ ചൂണ്ടിക്കാണിക്കുന്നു.