കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ 34 ബ്ളോക്കുകള്‍ക്കിടയിലൂടെ ശക്തിയായി ജലം ചോരുന്നുണ്ടെന്നും, ബലവത്തല്ലാത്ത അണക്കെട്ടിന് സമീപം വലിയ ഭൂചലനം ഉണ്ടായാല്‍ അണക്കെട്ട് നിലംപൊത്തുമെന്ന് നിയമസഭാ പെറ്റീഷന്‍ കമ്മിറ്റി ചെയര്‍മാന്‍ തോമസ് ഉണ്ണിയാടന്‍ വ്യക്തമാക്കി. അണക്കെട്ടിന്‍റെ നില ഏറെ ആശങ്കാജനകമാണ്. 19.5 ടി. എം. സി. ജലമാണ് വര്‍ഷന്തോറും തമിഴ്നാടിന് നല്‍കുന്നത്. ഇത് തുടര്‍ന്നും നല്‍കാമെന്ന് കേരളം ഉറപ്പ് നല്‍കിയിട്ടുള്ളതാണ്. അതിനാല്‍ പുതിയ അണക്കെട്ട് മാത്രമാണ് ഏക പരിഹാരം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച ഉച്ചയോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട്, ബേബി ഡാം, എര്‍ത്തണ്‍ ഡാം, ഗാലറി എന്നിവ നിരീക്ഷിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തോമസ് ഉണ്ണിയാടന്‍. എം. എല്‍. എ. മാരായ കെ. കുഞ്ഞഹമ്മദ്, ടി. ഉബൈദുല്ല, കെ. എം. ഷാജി എന്നിവരും മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എം. കെ. പരമേശ്വരന്‍ നായര്‍, ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായി, മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടര്‍ ബലരാമന്‍ ഉള്‍പ്പെടെ നിരവധി സാങ്കേതിക വിദഗ്ധരും പെറ്റീഷന്‍ കമ്മിറ്റി അംഗങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.