കുമളി: മുല്ലപ്പെരിയാര്‍ വിഷയത്തെ ചൊല്ലി കേരളം-തമിഴ്നാട് അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ സംഘര്‍ഷം. തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേയ്ക്ക് വന്ന വാഹനങ്ങള്‍ തടഞ്ഞതാണ് സംഘര്‍ത്തിനിടയായത്. കുമളിയിലും കമ്പംമെട്ടിലും ഇടുക്കി ജില്ലാ കളക്ടര്‍ മൂന്നുദിവസം നിരോധനാജ്ഞ പുറപ്പെടുവിച്ചു. തിങ്കളാഴ്ച രാത്രി ഏഴരയോടെ കുമളി ചെക്ക്പോസ്റ്റിനടുത്ത് സംസ്ഥാനാതിര്‍ത്തിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ശക്തമായ കല്ലേറുനടത്തി. കുമളി കെ.എസ്.ആര്.ടി.സി. ബസ്സ്റ്റേഷനടുത്ത് മലയാളിയുടെ ഹോട്ടല്‍ അടിച്ചുതകര്‍ത്ത അക്രമികള്‍ കേരള റജിസ്ട്രേഷനുള്ള വാഹനങ്ങളുടെ ചില്ലുകള്‍ തല്ലിത്തക്കുകയും ചെയ്തു. ഇതിനിടെ ചെക്ക്പോസ്റ്റ് കടന്ന് തമിഴ്നാട്ടില്‍നിന്നുള്ള ഇരുനൂറോളം പേര് ആയുധങ്ങളുമായി കുമളിയിലെത്തി. ഇതില്‍ അറുപതിലധികംപേര്‍ ബൈക്കിലാണെത്തിയത്.
വിവരമറിഞ്ഞ് നൂറുകണക്കിനാളുകള്‍ കേരളാതിര്‍ത്തിയില്‍ തടിച്ചുകൂടി. ഇവരുടെ ശക്തമായ കല്ലേറില്‍ തമിഴ്നാട്ടില്‍നിന്നുവന്നവര്‍ പിന്മാറി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. നിരവധി പോലീസുകാര്‍ക്കും പരിക്കേറ്റു. സംഘര്‍ഷത്തെത്തുടര്‍ന്ന് കുമളിയിലെ കടകള്‍ മുഴുവന്‍ അടച്ചു. തമിഴ്നാടിന്റെ പലഭാഗങ്ങളിലും മലയാളികളുടെ വാഹനങ്ങള്‍ കുടുങ്ങിക്കിടപ്പാണ്. കമ്പം, ഗൂഡല്ലൂര്‍ പ്രദേശങ്ങളില്‍ മലയാളികള്‍ വ്യാപക അക്രമത്തിനിരയായി.
വിവിധ തമിഴ്സംഘടനകളുടെ നേതൃത്വത്തില്‍ നൂറുകണക്കിനാളുകള്‍ വൈകീട്ട് കേരളാതിര്‍ത്തിയില്‍ കുമളിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഗൂഡല്ലൂരിലും ലോവര്‍ ക്യാമ്പിലും പോലീസ് ഇവരെ തടഞ്ഞു. ഈ സംഘത്തില്‍ നിന്നുള്ളവരാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് ചെക്ക്പോസ്റ്റില്‍വന്ന് കല്ലെറിഞ്ഞത്. രാത്രി വൈകിയും കുമളിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കട്ടപ്പനയിലെ തമിഴ് വ്യാപാര സ്ഥാപനങ്ങള്‍ക്കു നേരേ കല്ലേറുണ്ടായി. പലയിടങ്ങളിലും നാട്ടുകാര്‍ തമിഴ്നാട്ടുകാരായ ആളുകളെ തേടിപ്പിടിച്ച് ഭീഷണി മുഴക്കി. സംഭവത്തെത്തുടര്‍ന്ന് കമ്പംമെട്ട്, കുമളി എന്നിവിടങ്ങളിലുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു.