കോഴിക്കോട്: വര്‍ദ്ധിച്ചു വരുന്ന സ്ത്രീ പീഡനങ്ങള്‍ക്ക് ഒരു കാരണം സ്ത്രീകള്‍ അനുഭവിക്കുന്ന അനിയന്ത്രിതമായ സ്വാതന്ത്ര്യമാണ് എന്ന് സുന്നി വിഭാഗത്തിന്റെ മത പണ്ഡിതന്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍. പുരുഷന്മാര്‍ക്ക് ഒപ്പം തുല്യത വേണമെന്ന് പറയുന്നതാണ് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണമെന്നും ശിക്ഷ കര്‍ശനമാക്കുന്നതുകൊണ്ട് പീഡനങ്ങള്‍ തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ പുരുഷ സമത്വം പ്രകൃതി വിരുദ്ധമാണെന്നും കാന്തപുരം അഭിപ്രായപ്പെടുന്നു. ഭര്‍ത്താവിനേയും മക്കളേയും പരിചരിച്ച് വീട്ടില്‍ കഴിയേണ്ടവളാണ് ഭാര്യയെന്ന് കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗത്ത് പറഞ്ഞതിനെ കാന്തപുരം പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. ഒരു പത്രത്തിനു അനുവദിച്ച അഭിമുഖത്തിലാണ് അബൂബക്കര്‍ മുസ്ല്യാര്‍ സ്ത്രീ പീഡനങ്ങളുമായി ബന്ധപ്പെട്ട് തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്.
ദില്ലിയില്‍ പെണ്‍കുട്ടി ക്രൂരമായി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തില്‍ ഉയര്‍ന്ന ആവശ്യത്തെ അദ്ദേഹം പരിഹസിക്കുന്നുമുണ്ട്. ഞങ്ങള്‍ എന്ത് വസ്ത്രങ്ങള്‍ ധരിക്കണമെന്ന് പറയണ്ട, ഞങ്ങളെ ആക്രമിക്കരുതെന്ന് മറ്റുള്ളവരോട് പറയുകയാണ് വേണ്ടതെന്ന് പറയുന്നത് ഞങ്ങളുടെ വീടുകള്‍ തുറന്നിടും പക്ഷെ നിങ്ങള്‍ മോഷ്ടിക്കരുത് എന്ന് പറയുന്നത് പോലെ ആണ് എന്ന് അദ്ദേഹം ഉദാഹരിക്കുന്നു. അറബ് രാജ്യങ്ങളില്‍ സ്ത്രീകളുടെ നേരെ ഉള്ള അതിക്രമങ്ങള്‍ കുറവാണ്. കര്‍ശന നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ സ്ത്രീകളുടെ സാമൂഹികമായ ഇടപെടലുകള്‍ കുറവാണെന്നും അതിനാല്‍ അവര്‍ക്ക് ദുരിതം വരുത്തിവെക്കുന്നില്ല. ഇവിടെ കാര്യങ്ങള്‍ തിരിച്ചാണെന്നും അദ്ദേഹം പറയുന്നു.
കാന്തപുരത്തിന്റെ നിലപാടിനെതിരെ സ്ത്രീ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
സ്ത്രീ സ്വാതന്ത്യത്തിനെതിരെ ആര്‍.എസ്.എസിനും കാന്തപുരത്തിനും ഒരേ നിലപാട് ആണെന്ന് അവര്‍ ആരോപിക്കുന്നു.