തിരുവനന്തപുരം:സി. പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മലങ്കര സഭയുടെ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ ക്ലിമ്മിസ് കാത്തോലിക്ക ബാവ ഉള്‍പ്പെടെ വിവിധ ബിഷപ്പുമാരെ സന്ദര്‍ശിച്ചു. ലത്തീന്‍ കത്തോലിക്ക ആര്‍ച്ച് ബിഷപ് സൂസൈപാക്യം, സീ. എസ്. ഐ ബിഷപ്പ് ധര്മരാജ് റസാലം എന്നിവരും പിണറായി സന്ദര്‍ശിച്ചവരില്‍ ഉള്‍പ്പെടുന്നു. വരാനിരിക്കുന്ന നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പിണറായിയുടെ സന്ദര്‍ശനത്തിന് പ്രാധാന്യമേറുന്നു. മത്സ്യത്തൊഴിലാളികളുമയി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ ഭാഗമായി പാര്‍ട്ടി നടത്തുന്ന പ്രതിഷേധങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും മറ്റും പിന്തുണ തേടിയാണ് സന്ദര്‍ശനമെന്നാണ് ഔദ്യോഗിക ഭാഷ്യം. നാടാര്‍ വിഭാഗത്തിന് നിര്‍ണ്ണായക സ്വാധീനമുള്ള നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ നിര്‍ണ്ണായകമാകും. അതിനാല്‍ അവര്‍ക്ക് കൂടെ താല്പര്യമുള്ള സ്ഥാനാര്‍ഥിയെ പരിഗണിക്കുവാന്‍ ഇടയുണ്ട്. പിറവത്ത് സി. പി. എം സ്ഥാനാര്‍ഥിക്ക് ഉണ്ടായ വന്‍പരാജയം കണക്കിലെടുത്ത് പാര്‍ട്ടി വളരെ ശ്രദ്ധാപൂര്‍വ്വമാണ് നെയ്യാറ്റിന്‍കരയിലെ ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.