കോഴിക്കോട്: താമരശ്ശേരി ചുരം റോഡിലെ നവീകരണ പ്രവൃത്തികള്‍ തുടങ്ങുന്നതിനാല്‍ ചുരത്തില്‍ ലോറി, ബസ് തുടങ്ങിയ ഹെവി വാഹനങ്ങളുടെ ഗതാഗതം നിരോധിക്കും. ജനുവരി രണ്ടിന് തുടങ്ങി ഒരുമാസംകൊണ്ട് പണി പൂര്‍ത്തിയാക്കും. ലോറികള്‍ക്കായി അഞ്ച് ബദല്‍ റോഡുകള്‍ നിര്‍ദേശിക്കും. മൈസൂര്‍- ഗോണികുപ്പ – തലശ്ശേരി, ബാവലി -മാനന്തവാടി-തലശ്ശേരി, കല്‍പ്പറ്റ-നിലമ്പൂര്‍, ഗുണ്ടില്‍പ്പേട്ട – പാലക്കാട്- കോയമ്പത്തൂര്‍, കല്‍പ്പറ്റ- വൈത്തിരി- തരുവണ-കുറ്റ്യാടി എന്നിവയാണ് നിര്‍ദ്ദേശിക്കപ്പെട്ട ബദല്‍ റോഡുകള്‍. തിങ്കളാഴ്ച കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലെ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് പ്രവൃത്തി സമയം തീരുമാനിച്ചത്. ജില്ലാ കലക്ടര്‍ ഡോ. പി. ബി. സലീം അദ്ധ്യക്ഷനായിരുന്നു. യോഗത്തില്‍ എം. എല്‍. എമാരായ സി. മോയിന്‍കുട്ടി, എം. വി. ശ്രേയാംസ്കുമാര്‍, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. എല്‍. പൗലോസ്, വയനാട് ജില്ലാ പൊലീസ് സൂപ്രണ്ട് ജെ. ജയനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.