കോട്ടയം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 20 വര്‍ഷം പൂര്‍ത്തിയാകുന്നു. കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയായിരുന്ന സിസ്റ്ററ് അഭയയുടെ ജഡം 1992 മാര്‍ച്ച് 27നു രാവിലെ ആയിരുന്നു കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍ നിന്നും കണ്ടെത്തിയത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ച് അന്വേഷിച്ചെങ്കിലും സിസ്റ്ററുടെ മരണം സംബന്ധിച്ച് ദുരൂഹത ഉണ്ടെന്ന വിവാദം ഉയര്‍ന്നതോടെ കേസ് 1993-മാര്‍ച്ച് 29 നു സി. ബി. ഐ ഏറ്റെടുത്തു. ആദ്യം ആത്മഹത്യയാണെന്ന് പറഞ്ഞിരുന്ന സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകമാണെന്ന് പിന്നീട് വ്യക്തമായി. വൈദികരായ ഫാ. ജോസ് പൂതൃക്കയില്‍, ഫാ. തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കെതിരെ സി. ബി. ഐ കേസ് ചാര്‍ജ്ജ് ചെയ്തു കൊണ്ട് കുറ്റപത്രവും സമര്‍പ്പിച്ചു.
നിരവധി അന്വേഷണോദ്യോഗസ്ഥന്മാര്‍ മാറിവന്നതും വര്‍ക്ക് ബുക്ക് ഉള്‍പ്പെടെ പലതും തിരുത്തിയതായുള്ള അരോപണങ്ങളും നിറഞ്ഞ ഈ കേസില്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ തുടരുന്ന നിയമ പോരാട്ടം നിര്‍ണ്ണായകമായി. ഇരുപതു വര്‍ഷമായിട്ടും അഭയയുടെ കൊലപാതകത്തിന്റെ അന്വേഷണം ദുരൂഹതകള്‍ ഒഴിവാക്കി കേസ് അന്തിമ തീര്‍പ്പു കല്പിക്കുവാന്‍ ആയിട്ടില്ല.