കായംകുളം: പ്രസവിച്ച ഉടന്‍ തന്നെ കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ച സ്ത്രീയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മുരുക്കുംമൂടിന് വടക്ക് മുസ്ലിം പള്ളിക്ക് സമീപം കല്ലുംമൂട്ടില്‍ താമസിക്കുന്ന അംബിക(30)യെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുന്ന ഇവര്‍ക്ക് ആ ബന്ധത്തില്‍ രണ്ടു കുട്ടികള്‍ ഉണ്ട്. ഇതില്‍ ഇളയ കുട്ടി അംബികയുടെ കൂടെയാണ്.
ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്ന അംബിക മടങ്ങിയെത്തി അമ്മയോടും മകനോടുമൊപ്പം കല്ലുംമൂട്ടില്‍ താമസമായി. ഒരുവര്‍ഷം മുമ്പ് ഹരിപ്പാട് സ്വദേശിയായ പ്രദീപുമായി അംബിക പരിചയത്തിലായി. മൊബൈല്‍ ഫോണ്‍ വഴി തുടങ്ങിയ ബന്ധം ദൃഢമാകുകയും അംബിക ഗര്‍ഭിണിയാകുകയുമായിരുന്നു. ഇയാള്‍ ഇപ്പോള്‍ ഗള്‍ഫില്‍ ആണ്. കഴിഞ്ഞ 14 ന് പുലര്‍ച്ചെ രണ്ടരയോടെയാണ് അംബിക വീട്ടില്‍ പ്രസവിച്ചത്. പുലര്‍ച്ചെ തന്നെ ഇവര്‍ കുഞ്ഞിനെ പള്ളിക്ക് സമീപം കരീലക്കാട്ട് വീടിന്റെ മതിലിനുള്ളില്‍ ഉപേക്ഷിക്കുകയായിരുന്നു.
കുട്ടിയെ പോലീസ് ആശുപത്രിയില്‍ എത്തിച്ചു പരിശോധിച്ചപ്പോള്‍ പ്രസവം ആശുപത്രിയില്‍ അല്ല നടന്നത് എന്ന് പരിശോധിച്ച ഡോക്ടര്‍ അറിയിച്ചു. കാരണം ആശുപത്രിയില്‍ പ്രസവം നടക്കുമ്പോള്‍ ഡോക്‌ടര്‍ കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി മുറിക്കുന്ന രീതിയില്‍ ആയിരുന്നില്ല കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി. ഇതേത്തുടര്‍ന്നു പോലീസ് പലഭാഗങ്ങളിലും അന്വേഷണം നടത്തി. ഇതിനിടയിലാണ് അംബികയും മാതാവും വാടകയ്‌ക്കു താമസിക്കുന്ന വിവരം അറിഞ്ഞത്. മാത്രമല്ല ഇവിടെ ആരൊക്കയോ വന്നുപോയിരുന്നതായും പോലീസിനു വിവരം ലഭിച്ചു.
തുടര്‍ന്ന് ഇന്നലെ രാവിലെ അംബികയെ പോലീസ് പിടികൂടുകയായിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ചതായി ഇവര്‍ പോലീസിനോടു സമ്മതിച്ചു. അംബികയുടെ മാതാവ് വിജയമ്മയുടെ മൊഴിയില്‍ ദുരൂഹതയുളളതായി പോലീസ് പറഞ്ഞു. മകളുടെ പ്രസവം അറിഞ്ഞിരുന്നില്ലായെന്നാണ് ഇവര്‍ പോലീസിന് നല്‍കിയ മൊഴി. അമ്മയുടെ അറിവോടെയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് അംബിക പോലീസില്‍ മൊഴി നല്‍കി. രക്‌തസമ്മര്‍ദം കൂടിയതിനെത്തുടര്‍ന്ന് ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.