ബാങ്കോക്ക് : തിരക്ക് പിടിച്ച ഓഫീസ് ജോലികൾക്കിടയിൽ ഒരു സിഗരറ്റിന് തീ കൊളുത്തി ആഞ്ഞൊന്ന് വലിച്ച് ആസ്വദിച്ച് പുക ഊതുന്നതിനിടയ്ക്ക് ഒരു കൊച്ചു പെൺകുട്ടി മുന്നിൽ വന്ന് തീ ചോദിച്ചാൽ നിങ്ങൾ എന്ത് പറയും? മോളെ സിഗരറ്റ് വലിക്കരുത്, അത് നല്ലതല്ല എന്നാണ് ബാങ്കോക്കിലെ പുകവലി വിരുദ്ധ പ്രചരണ പരിപാടിയുടെ ഭാഗമായി നടത്തിയ ഒരു പരീക്ഷണത്തിൽ അവരറിയാതെ പങ്കെടുത്ത എല്ലാ മുതിർന്നവരും കുട്ടികളോട് പറഞ്ഞത്.
പരീക്ഷണത്തിന്റെ ഭാഗമായി കൊച്ചു കുട്ടികൾ സിഗരറ്റ് വലിക്കുന്ന മുതിർന്നവരുടെ അടുത്ത് പോയി തീ ചോദിച്ചു. മുതിർന്നവർ എല്ലാവരും തന്നെ കുട്ടികളെ പുകവലിയുടെ ദൂഷ്യ വശങ്ങളെ പറ്റി പറഞ്ഞു മനസ്സിലാക്കുകയും അവരെ വിലക്കുകയും ചെയ്തു. “നിനക്ക് ജീവിക്കുകയും കളിക്കുകയും വേണ്ടേ?” എന്ന ഒരാളുടെ ചോദ്യം ഈ പരസ്യം യൂട്യൂബിലൂടെ പ്രസിദ്ധമായതോടെ പുകവലി വിരുദ്ധ പ്രചരണ പരിപാടിയുടെ തന്നെ പ്രധാന പരസ്യ വാചകമായി മാറി.
അങ്ങനെയെങ്കിൽ പിന്നെ നിങ്ങൾ എന്തിനാ പുകവലിക്കുന്നത്? ഈ ചോദ്യം അടങ്ങിയ ഒരു ലഘുലേഖ കുട്ടികൾ പുകവലിക്കുന്ന മുതിർന്നവർക്ക് നൽകുന്നതാണ് അടുത്ത രംഗം. അപ്പോഴാണ് ഇതൊരു പുകവലി വിരുദ്ധ പരിപാടിയാണ് എന്ന് വ്യക്തമാകുന്നത്. എന്നാൽ കൊച്ചു കുട്ടികൾക്ക് പുകവലിയുടെ ദൂഷ്യത്തെ പറ്റി പറഞ്ഞു കൊടുത്ത ഇവരെല്ലാം തന്നെ തങ്ങളുടെ കയ്യിലുള്ള സിഗരറ്റ് വലിച്ചെറിഞ്ഞു. ഇവരാരും തന്നെ കുട്ടികൾ നൽകിയ പുകവലി വിരുദ്ധ ലഘുലേഖകൾ വലിച്ചെറിഞ്ഞുമില്ല എന്ന് പരസ്യം സാക്ഷ്യപ്പെടുത്തുന്നു.
പുകവലിക്കെതിരെ ശക്തമായ സന്ദേശം നൽകിയ ഈ പരസ്യം യൂട്യൂബിലൂടെ ഇന്റർനെറ്റിൽ വൻ തോതിലാണ് പ്രചാരം നേടിയത്.