ലണ്ടന്‍ : ആഗോള സാമ്പത്തിക മാന്ദ്യത്തിന് കാരണമായ കോര്‍പ്പൊറേറ്റ് അത്യാഗ്രഹത്തിനും ബാങ്കര്‍മാരുടെ അതിമോഹത്തിനും തെറ്റായ സര്‍ക്കാര്‍ നയങ്ങള്‍ക്കും വിലക്കയറ്റത്തിനും എതിരെ ആഗോള വ്യാപകമായ പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയ ഒരു ഫേസ്ബുക്ക് പ്രതിഷേധത്തിന് ലോകമെമ്പാടും നിന്നും വമ്പിച്ച പ്രതികരണമാണ് ഇന്നലെ ലഭിച്ചത്. Occupy Wall Street എന്ന പേരില്‍ അറിയപ്പെട്ട ഈ പ്രതിഷേധ പ്രകടനത്തില്‍ 82 ലോക രാഷ്ട്രങ്ങളില്‍ നിന്നുമുള്ള ആളുകള്‍ പങ്കെടുത്തു. പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്ത ആയിരങ്ങള്‍ അറസ്റ്റിലായി. പല ഇടങ്ങളിലും ചെറു സംഘങ്ങളാണ് പ്രകടനത്തില്‍ പങ്കെടുത്തത്. എന്നാല്‍ റോമാ നഗരത്തില്‍ പതിനായിരക്കണക്കിന് ആളുകളാണ് പ്രതിഷേധിക്കാന്‍ സംഘടിച്ചത്. ഇത് വന്‍ ക്രമസമാധാന പ്രശ്നങ്ങള്‍ക്കും കാരണമായി. കാറുകള്‍ക്ക് തീയിട്ടും, ബാങ്കുകള്‍ അടിച്ചു തകര്‍ത്തും, പടക്കങ്ങളും കുപ്പികളും വലിച്ചെറിഞ്ഞും മുന്നേറിയ ജനക്കൂട്ടത്തിനെ പോലീസ് ജല പീരങ്കികള്‍ കൊണ്ട് നേരിട്ടു.
ന്യൂസീലാന്‍ഡിലെ ഓക്ക് ലാന്‍ഡില്‍ മൂവായിരത്തോളം പേര്‍ ചെണ്ട കൊട്ടി പ്രതിഷേധിച്ചു. ഓസ്ട്രേലിയയിലെ സിഡ്നിയില്‍ തദ്ദേശീയരായ അബോറിജിന്‍ വംശജര്‍ അടക്കം ഓസ്ട്രേലിയന്‍ റിസര്‍വ് ബാങ്കിന് പുറത്തു നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തു. ജപ്പാനിലെ ടോക്യോയില്‍ ആണവോര്‍ജ വിരുദ്ധ പ്രകടനക്കാര്‍ വോള്‍ സ്ട്രീറ്റ് പ്രക്ഷോഭത്തില്‍ പങ്കെടുത്തത് വ്യത്യസ്തമായ അനുഭവമായി. ഫിലിപ്പൈന്‍സിലെ മാനിലയില്‍ “അമേരിക്കന്‍ സാമ്രാജ്യത്വം തുലയട്ടെ” എന്നും “ഫിലിപ്പൈന്‍സ് വില്‍പ്പനയ്ക്കല്ല” എന്നുമുള്ള ബോര്‍ഡുകള്‍ ഏന്തിയാണ് പ്രകടനക്കാര്‍ അമേരിക്കന്‍ എംബസിക്ക് മുന്‍പില്‍ എത്തിയത്. തായ്‌വാനിലെ തായ്പേയില്‍ സാമ്പത്തിക വളര്‍ച്ച വന്‍കിട കോര്‍പ്പൊറേറ്റ് കമ്പനികളെ മാത്രമാണ് സഹായിച്ചത് എന്ന് പ്രകടനക്കാര്‍ മുദ്രാവാക്യം മുഴക്കി. ബാങ്ക് ഓഫ് ഇറ്റലിക്ക് മുന്‍പില്‍ പ്രതിഷേധ പ്രകടനം തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ജര്‍മ്മനിയിലെ ഒട്ടേറെ നഗരങ്ങള്‍, മാഡ്രിഡ്, സൂറിച്ച്, ഏതെന്‍സ് എന്നിങ്ങനെ ഒട്ടേറെ യൂറോപ്യന്‍ നഗരങ്ങളിലെ ജനങ്ങളും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. ലണ്ടനില്‍ നടന്ന പ്രകടനത്തില്‍ വിക്കിലീക്ക്സ് സ്ഥാപകന്‍ ജൂലിയന് അസ്സാന്ജെ പ്രകടനക്കാരെ അഭിസംബോധന ചെയ്തു സംസാരിച്ചു.