ലോകപ്രശസ്തനായ ജാപ്പനീസ് സിനിമാ സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമായിരുന്ന ‘അകിര കുറൊസാവ(Akira Kurosawa) 1998 സെപ്റ്റംബര്‍ ആറിനാണ് അന്തരിച്ചത് .1943 മുതല്‍ 1993 വരെയുള്ള അന്‍പതു നീണ്ടവര്‍ഷങ്ങളില്‍ മുപ്പതോളം സിനിമകള്‍ കുറോസോവ സംവിധാനം ചെയ്തു.
ഒരു ചിത്രകാരന്‍ എന്ന വിജയകരമാല്ലാത്ത തുടക്കത്തിന് ശേഷം 1936ലാണ് കുറൊസാവ ജപ്പാനിലെ ചലച്ചിത്ര രംഗത്തേക്ക് കടക്കുന്നത്. ആദ്യകാലത്ത് സഹസംവിധായകനായും തിരക്കഥാകൃത്തായും നിരവധി സിനിമകളില്‍ ജോലിചെയ്ത അദ്ദേഹം, രണ്ടാം ലോക മഹായുദ്ധ കാലത്ത് ജനപ്രിയ ചിത്രമായ സാന്ഷിരോ സുഗാതയിലൂടെയാണ് (Sanshiro Sugata)സ്വതന്ത്ര സംവിധായകന്‍ എന്ന നിലയില്‍ അരങ്ങേറ്റം കുറിക്കുന്നത്. യുദ്ധാനന്തരം, അക്കാലത്ത് പുതുമുഖമായിരുന്ന ടോഷിരോ മിഫുന്‍ (Toshirō Mifune) എന്ന നടനെ മുഖ്യ കഥാപാത്രമാക്കി സംവിധാനം ചെയ്ത കുടിയന്‍ മാലാഖ (Drunken Angel) എന്ന നിരൂപണ പ്രശംസ നേടിയ ചിത്രം അദ്ദേഹത്തിന് ജപ്പാനിലെ ശ്രദ്ദേയനായ യുവ സംവിധായകരില്‍ ഒരാള്‍ എന്ന പേര് നേടിക്കൊടുത്തു. ടോഷിരോ മിഫുന്‍ തന്നെ അഭിനയിച്ച് 1950ല്‍ ടോകിയോവില്‍ പ്രദര്‍ശിപ്പിച്ച റാഷോമോന്‍ (Rashomon) എന്ന സിനിമ അപ്രതീക്ഷിതമായി 1951ലെ വെനീസ് ചലച്ചിത്രോത്സവത്തില്‍ സുവര്‍ണ സിംഹ പുരസ്കാരം സ്വന്തമാക്കുകയും തുടര്‍ന്ന്‍ യൂറോപ്പിലും വടക്കേ അമേരിക്കയിലും പുറത്തിറക്കുകയും ചെയ്തു. നിരൂപക ശ്രദ്ധ നേടിയതിനൊപ്പം തന്നെ സാമ്പത്തികമായും വിജയമായ ഈ സിനിമ പാശ്ചാത്യ ചലച്ചിത്ര വിപണിയിയുടെ വാതിലുകള്‍ ജപ്പാനീസ് സിനിമക്ക് തുറന്നു കൊടുക്കുകയും കെന്‍ചി മിഷോഗൂച്ചി (Kenji Mizoguchi) യാസൂജിരൊ ഒസു ( Yasujiro Ozu) തുടങ്ങിയവര്‍ക്ക് അന്താരാഷ്ട്ര ശ്രദ്ധ നേടികൊടുക്കുകയും ചെയ്തു. 1950കളിലും 1960കളിലെ തുടക്കത്തിലും ഏതാണ്ടെല്ലാ വര്‍ഷത്തിലും കുറൊസാവ സിനിമ ചെയ്തു. ക്ലാസിക് സിനിമകളായി പരക്കെ അംഗീകരിക്കപ്പെട്ട ഇകിരു (1952), ഏഴു സാമുറായികള്‍ (1954), യോജിമ്പോ (1961) തുടങ്ങിയവ ഈ കാലത്ത് നിര്‍മിക്കപ്പെട്ട കുറൊസാവ സിനിമകളാണ്. 1960കളുടെ പകുതിക്ക് ശേഷം ഒരുപാട് മങ്ങിപ്പോയെങ്കിലും സിനിമാ ജീവിതത്തിന്‍റെ അവസാന കാലങ്ങളില്‍, പ്രത്യേകിച്ചും കഗേമുഷാ (Kagemusha-1980), റാന്‍(Ran-1985) എന്നീ ചിത്രങ്ങള്‍ അദ്ദേഹത്തിന് വീണ്ടും അംഗീകാരങ്ങള്‍ നേടികൊടുത്തു.
സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സ്വാധീക്കപ്പെടുകയും പ്രാധാന്യമര്‍ഹിക്കുകയും ചെയ്യുന്ന വ്യക്തിത്വമായി കുറൊസാവ പരക്കെ കണക്കാക്കപ്പെടുന്നു. 1990ല്‍ “ലോകം മുഴുവനുമുള്ള പ്രേക്ഷകരേയും സിനിമാപ്രവര്‍ത്തകരെയും സ്വാധീനിക്കുകയും സന്തോഷിപ്പിക്കുകയും സമ്പന്നമാക്കുകയും ആനന്ദിപ്പിക്കുകയും ചെയ്തതിന്” ആജീവനാന്ത സംഭാവനക്കുള്ള ഓസ്കാര്‍ പുരസ്കാരം അദ്ദേഹം സ്വന്തമാക്കി. മരണാനന്തരം, അമേരിക്കയിലെ ഏഷ്യന്‍ വീക്ക് മാസികയും സി.എന്‍.എന്നും “കല, സാഹിത്യം, സംസ്കാരം” വിഭാഗത്തിലെ “നൂറ്റാണ്ടിന്റെ ഏഷ്യക്കാരനായി” തിരെഞ്ഞെടുക്കുകയും കഴിഞ്ഞ നൂറ്റാണ്ടില്‍ ഏഷ്യയുടെ പുരോഗതിക്കായി ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ അഞ്ചുപേരില്‍ ഒരാളായി പ്രഖ്യാപിക്കുകയും ചെയ്തിടുണ്ട്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: film-festival, filmmakers, obituary