വേട്ടയാടുന്ന ദൃശ്യങ്ങള്‍

September 23rd, 2011

rafi-chettuwa-elephant-killing-mahout-epathram

അപൂര്‍വ്വമായ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുക എന്നത്‌ മറ്റു പല പ്രോഫഷണല്‍ ഫോട്ടോഗ്രാഫറുടേയും പോലെ എന്റെയും സ്വപ്നമാണ്‌. ആകസ്മികതയാണ്‌ ഈ
പ്രോഫഷന്റെ ഏറ്റവും വലിയ അനുഗ്രഹവും ശാപവും എന്നു വേണമെങ്കില്‍ പറയാം. ദുരന്തങ്ങള്‍ പോലും ഒരു ഫോട്ടോ ഗ്രാഫറെ സംബന്ധിച്‌ തന്റെ പ്രോഫഷണലിസം പ്രകടിപ്പിക്കുവാന്‍ പറ്റിയ അവസരമായി മാറുന്നു. താനെടുക്കുന്ന ചിത്രങ്ങളുടെ പ്രശസ്തിയും പ്രചാരവുമാണ്‌ എന്നെപ്പോലെ മിക്കവരും ആഗ്രഹിക്കുന്നത്‌. ഒരു പ്രോഫഷണല്‍ ഫോട്ടോ ഗ്രാഫര്‍ എന്ന നിലയില്‍ ഞാനെടുത്ത ചിത്രങ്ങള്‍ ഇന്ന് ഇന്റര്‍നെറ്റിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും ലോകത്തെമ്പാടും പ്രചരിച്ചു കൊണ്ടിരിക്കുന്നു, പക്ഷെ രണ്ടു കാരണങ്ങളാല്‍ ഞാന്‍ നിരാശനും. ഒന്ന് ആ ചിത്രത്തില്‍ ഒരു മനുഷ്യന്റെ ദാരുണമായ അന്ത്യം ആണെന്നതും മറ്റൊന്ന് ഒരു ഫൊഫഷണല്‍ എന്ന നിലയില്‍ ഫോട്ടോയെടുത്ത എനിക്കല്ല, മറിച്ച്‌ മറ്റു പലര്‍ക്കുമാണ്‌ അതിന്റെ ക്രെഡിറ്റ്‌ പോകുന്നത്‌ എന്നതും.

rafi-chettuwa-epathram

ചേറ്റുവ ചന്ദനക്കുടം നേര്‍ച്ച ഒരു ഫോട്ടോ ഗ്രാഫര്‍ എന്ന നിലയില്‍ എന്റെ ജീവിതത്തിലെ അവിസ്മരണീയമായ ഒരു അനുഭവമായി മാറിയത്‌ അവിടെ നടന്ന ദുരന്തം പകര്‍ത്തിയതിലൂടെയാണ്‌. ചേറ്റുവക്കാരെ സംബന്ധിച്ച് ആഘോഷത്തിന്റെ ദിവസങ്ങളാണ്‌ ചന്ദനക്കുടം നടക്കുന്ന സമയം. സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ഒത്തു കൂടും. ചേറ്റുവയിലെ സ്കൂള്‍ ഗ്രൗണ്ടില്‍ ആനകളുടെ പ്രദര്‍ശനവും ഗംഭീരമായ ശിങ്കാരി മേളവും കുടമാറ്റവും കാവടിയും ഉണ്ടാകും. ഞങ്ങളുടെ സ്റ്റുഡിയോക്കാണ്‌ ഔദ്യോഗികമായി പ്രോഗ്രാം കവര്‍ ചെയ്യുവാന്‍ ഉള്ള ഉത്തരവാദിത്വം എങ്കിലും ഈ ആഘോഷത്തിനിടയില്‍ ക്യാമറയുമായി നടന്നാല്‍ അതില്‍ മുഴുകുവാനോ ആസ്വദിക്കാനോ ആകില്ല എന്നതിനാല്‍ ഞാന്‍ വിസ്സമ്മതിച്ചു. എങ്കിലും സുഹൃത്തുക്കളില്‍ ചിലര്‍ ആനപ്പുറത്ത്‌ കയറുന്നത്‌ പകര്‍ത്തുവാന്‍ സ്നേഹപൂര്‍വ്വമുള്ള നിര്‍ബന്ധത്തിനു വഴങ്ങി ക്യാമറ കയ്യില്‍ വച്ചു. ആയിരക്കണക്കിനു ആളുകള്‍ തിങ്ങി നിറഞ്ഞ സ്കൂള്‍ കോമ്പൗണ്ടില്‍ ആനകളെ ഒറ്റ വരിയായി നിരത്തി നിര്‍ത്തിയിരുന്നു. ശിങ്കാരിമേളം അതിന്റെ ദ്രുത താളത്തിലേക്കു നീങ്ങിക്കൊണ്ടിരുന്നു. അതിനനുസരിച്ച്‌ കാവടിക്കാരും മേളക്കാരും ആസ്വാദകരും ഒരേ സമയം ആവേശത്തോടെ ചുവടു വെച്ചു.

കുട്ടിക്കാലം തൊട്ടേ ആനകളെ ഏറേ ഇഷ്ടപ്പെടുന്ന ഞാന്‍ കിട്ടുന്ന അവസരങ്ങളിലൊക്കെ അവയെ ക്യാമറയില്‍ പകര്‍ത്താറുണ്ട്‌. തിരക്കിനിടയിലൂടെ ഞാന്‍ ക്യാമറയുമായി ആനകള്‍ക്ക്‌ തൊട്ടു മുമ്പിലെത്തി. ഏതാനും സ്നാപുകള്‍ എടുത്തു. സുഹൃത്തുക്കള്‍ ആനപ്പുറത്തിരുന്ന് കൈ വീശി കാണിച്ചു. കൂടുതല്‍ ഫോട്ടോകള്‍ എടുക്കുവാന്‍ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.

ഇതിനിടയില്‍ കിഴക്കു ഭാഗത്തു നിന്നിരുന്ന ഒരാന ചെറിയ പ്രശനങ്ങള്‍ ഉണ്ടാക്കുവാന്‍ തുടങ്ങിയെങ്കിലും അതത്ര കര്യമാക്കിയില്ല. ഉത്സവങ്ങള്‍ക്കിടയില്‍ ചില ആനകള്‍ ഇത്തരത്തില്‍ ചില തലയാട്ടലുകള്‍ ഒക്കെ നടത്തുക പതിവാണ്‌. ഞാന്‍ അതു കാര്യമാക്കാതെ ക്യാമറയിലൂടെ പുതിയ ഷോട്ടുകള്‍ പകര്‍ത്തി ക്കൊണ്ടിരുന്നു. ആളുകള്‍ ചെറിയ തോതില്‍ പരിഭ്രമിച്ചെങ്കിലും കുഴപ്പം ഒന്നും ഇല്ലെന്നും ശാന്തരായി ഇരിക്കുവാനും മൈക്കിലൂടെ അറിയിപ്പ്‌ നടത്തുന്നുണ്ടായിരുന്നു.

പെട്ടെന്നാണ്‌ ആഘോഷത്തെയും ആഹ്ലാദത്തേയും പിടിച്ചു നിര്‍ത്തിക്കൊണ്ട്‌ എന്റെ തൊട്ടു മുമ്പില്‍ നിന്നിരുന്ന വെട്ടത്ത്‌ വിനയന്‍ എന്ന ആന തന്റെ പുറത്തിരുന്നവരെ കുടഞ്ഞിടുവാന്‍ തുടങ്ങിയത്‌. നാലു പേരില്‍ മൂന്നു പേര്‍ പിടഞ്ഞെഴുന്നേറ്റ്‌ ഓടി രക്ഷപ്പെട്ടു. സുബൈര്‍ എന്ന ചെറുപ്പക്കാരന്‍ ആനയുടെ മുന്‍ കാലുകള്‍ക്ക് അരികില്‍ വീണു. ആന അവനെ കുത്തുവാനായി തപ്പിക്കൊണ്ടിരുന്നു. പല തവണ ആന കുത്തിയെങ്കിലും സുബൈര്‍ ഉരുണ്ടു മാറിക്കൊണ്ടിരുന്നു, അവര്‍ക്കിടയില്‍ ഒരു കുട മറവ്‌ സൃഷ്ടിച്ചത്‌ അവന്റെ ഭാഗ്യമായി. വല്ലാത്തൊരു വാശിയോടെ ആന സുബൈറിനെ കുത്തുവാനായി ശ്രമിക്കുന്നുണ്ടായിരുന്നു. ഈ സമയം തൊട്ടടുത്ത്‌ നിന്ന് ക്യാമറയുടെ ലെന്‍സിലൂടെ നോക്കിയപ്പോള്‍ എന്തോ എനിക്കപ്പോള്‍ ആ ദൃശ്യങ്ങള്‍ പകര്‍ത്തുവാനാണ്‌ തോന്നിയത്‌.

“ഞാന്‍ മരിച്ചിട്ടേ നീ മരിക്കൂ” എന്ന് സുബൈറിനോട്‌ പാപ്പാന്‍ ഉണ്ണി പറയുന്നത്‌ എനിക്ക്‌ കേള്‍ക്കാം. അയാള്‍ കൊമ്പില്‍ കയറി തൂങ്ങി ആനയെ ഉടക്കി നിര്‍ത്തുവാന്‍ നോക്കി. പക്ഷെ അയാളുടെ ശ്രമങ്ങളില്‍ ഒന്നും ആന അടങ്ങിയില്ല. 10 മിനിട്ടോളം ആനയുടെ കാലിനിടയില്‍ സുബൈര്‍ കിടന്നുരുണ്ടു കാണും.

rafi-elephant-photo-epathram

എനിക്കു ചുറ്റും ചിതറിയോടുന്ന ജനക്കൂട്ടം. ഒപ്പം ഉണ്ടായിരുന്ന ആനകളെ അതിവേഗം സംഭവ സ്ഥലത്തു നിന്നും നീക്കുവാനായി പാപ്പാന്മാര്‍ ശ്രമിച്ചു കൊണ്ടിരുന്നു. വിനയനും പാപ്പാനും സുബൈറും എന്റെ തൊട്ടു മുമ്പില്‍. ആന തൊട്ടടുത്തെത്തിയതും ഞാന്‍ പുറകിലേക്ക്‌ ഓടി മാറി. ഇതിനിടയില്‍ മറ്റൊരാനയുടെ വയര്‍ എന്റെ ശരീരത്തില്‍ ഉരഞ്ഞു ഞാന്‍ താഴെ വീണു. ക്യാമറ തെറിച്ച്‌ മണ്ണില്‍ വീണു. എങ്കിലും ഞാന്‍ പിടഞ്ഞെഴുന്നേറ്റ്‌ വീണ്ടും വീണ്ടും ചിത്രങ്ങള്‍ എടുത്തു കൊണ്ടിരുന്നു. സുബൈറിനെ രക്ഷിക്കുവാന്‍ ആനയുടെ ശ്രദ്ധ തിരിക്കുവാന്‍ ചിലര്‍ അവിടെ കിടന്നിരുന്ന കവുങ്ങിനെ വലിയ പത്തലുകള്‍ കൊണ്ട്‌ അടിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ സുബൈറിനെ കിട്ടാത്തതിനാല്‍ കലിയടങ്ങാത്ത ആന പാപ്പാന്‍ ഉണ്ണിയെ കൊമ്പില്‍ കോരിയെടുത്ത് എറിഞ്ഞു. പിന്നെ അയാളെ കാലു കൊണ്ട്‌ ചവിട്ടി. തൊട്ടു മുമ്പില്‍ ഒരു മനുഷ്യന്‍ ആനയുടെ പരാക്രമത്തില്‍ ജീവന്‍ വെടിയുന്നത്‌ എന്തോ എനിക്കപ്പോള്‍ ഫീല്‍ ചെയ്തില്ല. ഞാന്‍ ക്യാമറ ക്ലിക്ക്‌ ചെയ്തു കൊണ്ടേയിരുന്നു.

സങ്കല്‍പ്പിക്കുവന്‍ പോലും കഴിയാത്ത ദൃശ്യങ്ങള്‍ക്കാണ്‌ പിന്നെ സാക്ഷിയാകേണ്ടി വന്നത്‌. ജീവരക്ഷാര്‍ത്ഥം ഓടിയ പാപ്പാന്മാര്‍ ഉപേക്ഷിച്ചിട്ടു പോയ ഒരാന (രഘുറാം ആണെന്ന് തോന്നുന്നു) ഈ സമയം ഗ്രൗണ്ടിന്റെ നടുവില്‍ നില്‍ക്കുന്നുണ്ടായിരുന്നു. അവനെ വിനയന്‍ പുറകില്‍ നിന്നും കുത്തി മറിച്ചിട്ടു. വീണു കിടന്ന ആനയെ വീണ്ടും കുത്തി. എഴുന്നേല്‍ക്കുവാന്‍ അനുവദിക്കാതെ അവനെ കുത്തി സ്കൂളിന്റെ വരാന്തയിലേക്ക്‌ കയറ്റി. ഇതിനിടയില്‍ പാപ്പാനെ ആളുകള്‍ ആശുപത്രിയിലേക്ക്‌ കോണ്ടു പോയെങ്കിലും അയാള്‍ മരിച്ചിരുന്നു.

ആനയെ സ്കൂള്‍ വരാന്തയിലേക്ക്‌ കുത്തിക്കയറ്റിയ ശേഷം വീണ്ടും ഗ്രൗണ്ടില്‍ ഇറങ്ങിയ വിനയന്റെ സംഹാര താണ്ടവത്തിനാണ്‌ അന്ന് ചേറ്റുവ സാക്ഷ്യം വഹിച്ചത്‌. മരങ്ങള്‍ കടപുഴക്കി എറിഞ്ഞും, സൈക്കിളുകള്‍ ഉള്‍പ്പെടെ ചില വാഹനങ്ങള്‍ തകര്‍ത്തും, ഇടയ്ക്ക്‌ മറ്റേ ആനയെ ഉപദ്രവിക്കാന്‍ ശ്രമിച്ചും രാത്രി എട്ടു മണി വരെ അവന്‍ സ്കൂള്‍ കോമ്പൗണ്ടില്‍ തന്റെ കലിയാട്ടം നടത്തി. അതെല്ലാം ഞാന്‍ ക്യാമറയില്‍ പകര്‍ത്തി ക്കൊണ്ടിരുന്നു.

ഒരു ഫോട്ടോ ഗ്രാഫര്‍ എന്ന നിലയില്‍ അതെന്റെ ജീവിതത്തിലെ നിര്‍ണ്ണായക ദിവസമായിരുന്നു. ആനയുടെ കാലിനും കൊമ്പിനുമിടയില്‍ നിന്നും അല്‍ഭുതകരമായി രക്ഷപ്പെട്ട സുബൈറിനെ മാധ്യമങ്ങള്‍ വളഞ്ഞു. എന്റെ ചിത്രങ്ങള്‍ പല പ്രമുഖ മാധ്യമങ്ങളിലും വന്നു. പേരും മറ്റു വിവരങ്ങളും നല്‍കിയെങ്കിലും പ്രമുഖരായ ചില മാധ്യമങ്ങള്‍ അതു പക്ഷെ നല്‍കിയില്ല. ഇന്ത്യാ ടുഡേ കവര്‍ പേജായി തന്നെ ഞാന്‍ എടുത്ത ഫോട്ടോ പ്രസിദ്ധീകരിച്ചു. അവര്‍ മാത്രം പ്രതിഫലവും നല്‍കി.

എന്റെ അനുമതിയില്ലാതെ പലരുടേയും പേരില്‍ പലയിടങ്ങളിലായി ഈ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. കഴിഞ്ഞ ആഴ്ചയില്‍ വരെ ഒരു പ്രമുഖ മലയാളം വാരികയില്‍ ആനകളുമായി ബന്ധപ്പെട്ട ഒരു ഫീച്ചറില്‍ മറ്റൊരു പേരില്‍ ആ ചിത്രം ഞാന്‍ കണ്ടു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഈ സംഭവത്തെ പെരുപ്പിച്ചു കാട്ടി ആനകളെ ഉത്സവങ്ങളില്‍ നിന്നും ആഘോഷങ്ങളില്‍ നിന്നും വിലക്കുവാനായി ചിലര്‍ ഈ ചിത്രങ്ങളെ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നുണ്ടെന്നതും ദുഃഖകരമാണ്‌. എന്റെ ചിത്രങ്ങള്‍ ആനകളെ ഉത്സവങ്ങളില്‍ നിന്നും നമ്മുടെ സമൂഹത്തില്‍ നിന്നും അകറ്റുവാന്‍ ഇടയാക്കരുതെന്ന് എനിക്ക്‌ ആഗ്രഹമുണ്ട്‌.

ഒരു ഫോട്ടോ ഗ്രാഫര്‍ എന്ന നിലയില്‍ പലയിടങ്ങളില്‍ നിന്നും അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു ആ ദിവസങ്ങളില്‍ എനിക്ക്‌ ലഭിച്ചു കൊണ്ടിരുന്നത്‌. എന്നാല്‍ കറുത്തു മെലിഞ്ഞ ആ മനുഷ്യനെ മരണത്തിലേക്ക്‌ ആനയെടുത്തെറിയുന്ന ആ ദൃശ്യങ്ങള്‍ അന്നു മുതല്‍ എന്നെ വേട്ടയാടുവാന്‍ തുടങ്ങി എന്നതാണ്‌ യാഥാര്‍ത്ഥ്യം. രക്ഷപ്പെടുവാന്‍ ആവുമായിരുന്നിട്ടും മറ്റൊരാളുടെ ജീവന്‍ രക്ഷിക്കുവാനായി “ഞാന്‍ മരിച്ചിട്ടേ നീ മരിക്കൂ” എന്ന് പറഞ്ഞ്‌ ആനയുടെ കൊമ്പില്‍ തൂങ്ങിയ ഉണ്ണിയെന്ന മനുഷ്യനെ രക്ഷപ്പെടുത്തുവാന്‍ എന്തേ ശ്രമിച്ചില്ല എന്ന് ഒരു മനസ്സാക്ഷിക്കുത്ത്‌. ആ ചിത്രങ്ങള്‍ ഇന്ന് കാണുമ്പോള്‍ ഞാന്‍ വല്ലാതെ അസ്വസ്ഥനാകുന്നു. ആ സമയത്ത്‌ ഞാന്‍ എന്തു കൊണ്ട്‌ അവിടെ നിന്നും ഓടി രക്ഷപ്പെട്ടില്ല എന്നും ഇടയ്ക്ക്‌ ചിന്തിക്കാറുണ്ട്‌.

ഇന്നിപ്പോള്‍ ആലോചിക്കുമ്പോള്‍ ആ സമയത്തെടുത്ത റിസ്ക്‌ എത്ര വലുതാണെന്ന് മനസ്സിലാകുന്നു. നോര്‍മല്‍ ലെന്‍സായതിനാല്‍ തൊട്ടടുത്ത്‌ നിന്നായിരുന്നു അത്‌ പകര്‍ത്തിയത്‌. കലിയടങ്ങാതെ കൊലവിളിയുമായി നടക്കുന്ന ആനയുടെ കൈപ്പാടകലെ നിന്നാണ്‌ അത്രയും ദൃശ്യങ്ങള്‍ എടുത്തത്‌. അത്തരം ചിത്രങ്ങള്‍ എടുക്കുവാന്‍ പല റിസ്കുകളൂം ഫോട്ടോഗ്രാഫര്‍മാര്‍ എടുക്കാറുണ്ട്‌. മഴയുടേ രൗദ്ര ഭാവം പകര്‍ത്തുവാന്‍ പോയ വിക്ടര്‍ ജോര്‍ജ്ജ്‌ എന്ന അതുല്യനായ ഫോട്ടോഗ്രാഫര്‍ അകാലത്തില്‍ പൊലിഞ്ഞു പൊയത്‌ അപൂര്‍വ്വമായ ചിത്രങ്ങള്‍ എടുക്കുവാന്‍ ഉള്ള ശ്രമത്തിനിടയിലായിരുന്നു.

ടെക്സ്റ്റ്‌ & ഫോട്ടോ:റാഫി ചേറ്റുവ
ലേഖനം അയച്ചത്: എസ്. കുമാര്‍
(ആനക്കാര്യം എന്ന വെബ്സൈറ്റില്‍ മെയ്‌ 17, 2011 ന് പ്രസിദ്ധീകരിച്ചത്)

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

വി. എസ്. തന്നെ താരം

April 12th, 2011

vs-achuthanandan-epathram

ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതു മുതല്‍ അവസാനിക്കുമ്പോള്‍ വരെ താരം താന്‍ തന്നെയെന്ന് ഒരിക്കല്‍ കൂടെ വി. എസ്. അച്യുതാനന്ദന്‍ തെളിയിച്ചു. മറ്റേതൊരു നേതാവിനേക്കാളും വി. എസ്സിനെ കാണുവാനായിരുന്നു ജനം ഇരമ്പി യെത്തിയത്.

തിരഞ്ഞെടുപ്പിന്റെ പ്രചാരണം തുടങ്ങിയതു മുതല്‍ യു. ഡി. എഫ്. ലക്ഷ്യം വച്ചതും വി. എസ്സിനെ തന്നെ. ആരോപണ പ്രത്യാരോപണ ങ്ങളുമായി രംഗം ചൂടു പിടിച്ചു. ഒടുവില്‍ കൊട്ടിക്കലാശ ദിനത്തില്‍ വി. എസ്സും കേന്ദ്ര പ്രതിരോധ മന്ത്രി എ. കെ. ആന്റണിയും നേര്‍ക്കു നേരെന്ന മട്ടിലായി ആരോപണ പ്രത്യാരോപണങ്ങള്‍. അഞ്ചു വര്‍ഷം വികസനമൊന്നും ഉണ്ടായില്ലെന്നും കേരളത്തിലെ സര്‍ക്കാരിന് കാര്യക്ഷമതയില്ലെന്നും ആന്റണി ആരോപിച്ചപ്പോള്‍ തിരിച്ച് 2ജി സ്പെക്ട്രം അഴിമതിയും, ആദര്‍ശ് ഫ്ലാറ്റ് ഇടപാടുമെല്ലാം ആന്റണിക്കെതിരെ വി. എസ്സ് തൊടുത്തു വിട്ടു.

പ്രധാന മന്ത്രി മന്‍‌മോഹന്‍ സിങ്ങും, സോണിയാ ഗാന്ധിയും, പ്രകാശ് കാരാട്ടും കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ ത്തിനെത്തിയെങ്കിലും വേണ്ടത്ര ശ്രദ്ധിക്ക പ്പെട്ടില്ലെന്നാണ് വിലയിരുത്ത പ്പെടുന്നത്. മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദന്റെ പ്രായം സംബന്ധിച്ചുള്ള രാഹുല്‍‌ ഗാന്ധിയുടെ ചില പ്രസ്താവനകള്‍ക്ക് എല്‍. ഡി. എഫ്. നേതാക്കള്‍ ചുട്ട മറുപടി നല്‍കുകയും ചെയ്തു.

വികസനം, എന്‍ഡോസള്‍ഫാന്‍, തൊഴിലില്ലായ്മ, ആദിവാസികളുടേ അടക്കം ഭൂമി പ്രശ്നങ്ങള്‍ തുടങ്ങിയ പ്രധാന വിഷയങ്ങള്‍ പലതും ചര്‍ച്ചയാകാതെ വിവാദങ്ങളിലേക്കും വ്യക്തി ഹത്യകളിലേക്കും ചുരുങ്ങി.

- ഡെസ്ക്

വായിക്കുക: ,

1 അഭിപ്രായം »

മോശം പ്രകടനവുമായി ശ്രീശാന്ത്

April 3rd, 2011

sreesanth-worldcup-epathram

മുംബൈ : ലക്ഷക്കണക്കിനു ക്രിക്കറ്റ് ആരാധകരെ സാക്ഷി നിര്‍ത്തി ലോക കപ്പില്‍ ഇന്ത്യ മുത്തമിടുമ്പോള്‍ മലയാളി താരം ശ്രീശാന്തിന്റെ മോശം പ്രകടനം മലയാളിയുടെ ആഹ്ലാദത്തിനു അല്പം മങ്ങലേല്‍‌പിച്ചു. ലോക കപ്പ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഇടം കണ്ട മലയാളി താരം ശ്രീശാന്തിനെ പല കാരണങ്ങളാല്‍ കളികളില്‍ നിന്നും മാറ്റി നിര്‍ത്തിയി രിക്കുകയായിരുന്നു ക്യാപ്റ്റന്‍ ധോണി. ഇത് ക്രിക്കറ്റ് ആരാധക ര്‍ക്കിടയില്‍ വലിയ ചര്‍ച്ചയുമായിരുന്നു.
ഇന്ത്യ – പാക്ക് സെമി ഫൈനല്‍ മത്സരത്തില്‍ പോലും ശ്രീശാന്തിനെ ഉള്‍പ്പെടുത്താ തിരുന്നതിനെ ആരാധകര്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ധോണിയുടെ തീരുമാനം തെറ്റിയില്ലെന്ന് ഒരിക്കല്‍ കൂടെ വ്യക്തമായി. ലോക കപ്പ് ഫൈനലില്‍ മറ്റേതൊരു ഇന്ത്യന്‍ ബൌളറേക്കാളും ഏറ്റവും മോശം പ്രകടനമാണ് ശ്രീശാന്ത് കാഴ്ച വെച്ചത്.

എട്ട് ഓവറില്‍ 52 റണ്‍സ് വഴങ്ങിയ ശ്രീശാന്തിന്റെ മോശം പ്രകടനം സ്കോര്‍ ഉയര്‍ത്തുന്നതില്‍ ശ്രീലങ്കന്‍ ടീമിന് വലിയ സഹായമായി. വിക്കറ്റൊന്നും എടുക്കാതെ എട്ട് ഓവര്‍ എറിഞ്ഞ ശ്രീശാന്തിന്റെ പന്തുകളില്‍ ശ്രീലങ്ക നേടിയ റണ്‍‌റേറ്റ് 6.50 ആയിരുന്നു. ഇതില്‍ രണ്ട് നോബോളും ഉള്‍പ്പെടുന്നു. പത്ത് ഓവര്‍ എറിഞ്ഞ ഹര്‍ഭജനാകട്ടെ ഒരു വിക്കറ്റെടുത്ത് 50 റണ്‍സ് നല്‍കി (5.00 റണ്‍‌റേറ്റ്). വിക്കറ്റൊന്നും എടുത്തില്ലെങ്കിലും മനാഫ് പട്ടേല്‍ ഒമ്പത് ഓവറില്‍ 41 റണ്‍സ് മാത്രമേ വഴങ്ങിയുള്ളൂ (4.56 റണ്‍‌ റേറ്റ്). യുവരാജ് പത്ത് ഓവറില്‍ 42 റണ്‍സ് വഴങ്ങി (5.00 റണ്‍ റേറ്റ്) രണ്ടു വിക്കറ്റെടുത്തു. സഹീര്‍ഖാന്‍ മൂന്ന് വിക്കറ്റെടുത്ത് പത്ത് ഓവറില്‍ 60 റണ്‍സ് വഴങ്ങിയെങ്കിലും (6.00 റണ്‍ റേറ്റ്) ആദ്യ ഓവറുകളില്‍ ശ്രീലങ്കയെ ശരിക്കും വെള്ളം കുടിപ്പിച്ചു.

എസ്. കുമാര്‍

- ഡെസ്ക്

വായിക്കുക:

7 അഭിപ്രായങ്ങള്‍ »

സ്വത്വ ബോധമല്ല സുബോധമാണ് ആദ്യം ഉണ്ടാകേണ്ടത്

July 24th, 2010

identity-politics-epathramബുദ്ധിജീവി – സാംസ്കാരിക നേതാക്കന്മാരും തൊഴിലാളികളും വേണ്ടുവോളം ഉണ്ട് കേരള സമൂഹത്തില്‍. ഇക്കൂട്ടര്‍ക്ക് പലപ്പോഴും മാന്യമായ ഇടം മാധ്യമങ്ങള്‍ നല്‍കുന്നുമുണ്ട്. ലഭ്യമായ വേദികളില്‍ സ്വത്വത്തെയും സ്വത്വ ബോധത്തെ പറ്റിയും ഇക്കൂട്ടരില്‍ പലരും നിരന്തരം മനോഹരമായ ഭാഷയില്‍ (എന്നാല്‍ പലപ്പോഴും സാധാരണക്കാര്‍ക്ക് മനസ്സിലാകണമെന്നില്ല) സംസാരിച്ചും എഴുതിയും നിറഞ്ഞു നില്‍ക്കുന്നു. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, തികച്ചും പക്ഷപാതപരവും വിപരീത ഫലം ഉളവാക്കുന്നവയുമാണ് ഇക്കൂട്ടരുടെ പല നിലപാടുകളും നിരീക്ഷണങ്ങളും.

സ്വത്വ ബോധത്തെ പറ്റി വാചലമാകുന്നതിനു മുമ്പ് താന്‍ ജീവിക്കുന്ന സമൂഹത്തെ കുറിച്ചും, അവിടെ നടക്കുന്ന സംഭവങ്ങളെ കുറിച്ചും, ജീവിക്കുന്ന മനുഷ്യരെ പറ്റിയും ആകണം ആദ്യം ബോധം ഉണ്ടാകേണ്ടത്. തന്റെ സമൂഹത്തില്‍ വളര്‍ന്നു വരുന്ന ദുഷ്പ്രവണതകളെ പക്ഷമില്ലാതെ വീക്ഷിക്കുവാനും വിമര്‍ശിക്കുവാനും ഇവര്‍ക്ക് സാധിക്കണം. സാംസ്കാരിക – സാമൂഹിക മണ്ഡലത്തെ നവീകരണ പ്രക്രിയക്ക് വിധേയമാക്കുവാന്‍ ഉപകരിക്കേണ്ട നിലപാടെടുക്കേണ്ടവര്‍ പലപ്പോഴും ബോധപൂര്‍വ്വമോ അല്ലാതെയോ ഇതിനു വിമുഖത കാണിക്കുന്നു. പ്രത്യക്ഷത്തില്‍ മാര്‍ക്സിസ്റ്റു വീക്ഷണങ്ങള്‍ നിരത്തുമ്പോളും അറിയാതെ അതിനകത്തു പൊതിഞ്ഞു വച്ചിരിക്കുന്ന വര്‍ഗ്ഗീയ ചായ്‌വ് പലപ്പോഴും പച്ചയ്ക്ക് വെളിവാകുന്നു.

രാഷ്ടീയ – മത – സാമ്പത്തിക താല്പര്യങ്ങള്‍ മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന “സങ്കുചിത“ ചിന്തക്കാരായ ബുദ്ധിജീവികള്‍ പടച്ചു വിടുന്ന സിദ്ധാന്തങ്ങളും നീരീക്ഷണങ്ങളും പലപ്പോഴും സമൂഹത്തിനു അങ്ങേയറ്റം ദോഷകരമായി ഭവിക്കാറുണ്ട്. പലപ്പോഴും ഇക്കൂട്ടരുടെ വിചിത്ര വാദങ്ങള്‍ വര്‍ഗ്ഗീയ വാദികള്‍ക്ക് ഊര്‍ജ്ജം പകരുന്ന തരത്തില്‍ ആയി മാറുന്നു.

ഗുജറാത്ത് സംഭവങ്ങളെ തുടര്‍ന്ന് കേരളത്തില്‍ എങ്ങും ഇര വാദത്തിന്റെ തരംഗമായിരുന്നു. ഗുജറാത്തിനെ അപേക്ഷിച്ച് ആയിരം മടങ്ങ് മികച്ച കേരളത്തിലെ സാമൂഹികാ ന്തരീക്ഷത്തില്‍ സുര്‍ക്ഷിതരായി ജീവിക്കുന്ന ന്യൂന പക്ഷങ്ങള്‍ എന്തോ അപകട ത്തിലാണെന്ന വ്യാജ ഭീതി ഇക്കൂട്ടര്‍ പടര്‍ത്തിയ / ത്തിക്കൊണ്ടിരിക്കുന്നത് നാം മറന്നു കൂട.
രാഷ്ടീയമായും, സാമ്പത്തികമായും, വിദ്യാഭ്യാസപരമായും മുന്നിട്ടു നില്‍ക്കുന്ന കേരളത്തിലെ ന്യൂന പക്ഷങ്ങള്‍ എന്തു ഭീഷണിയാണ് നേരിടുന്നത്? ഇരവാദത്തിനു പുറകെ / ഒപ്പം വന്നത് സ്വത്വ വാദമായിരുന്നു. സ്വത്വ വാദത്തിന്റെ മറവില്‍ എന്തൊക്കെ പ്രചാരണങ്ങളാണ് ഇവര്‍ അഴിച്ചു വിട്ടത്? സമൂഹത്തെ മതപരമായും സാമുദയികമായും വിഘടിപ്പിക്കുവാന്‍ മാത്രം ഉപകരിക്കുന്ന ഇത്തരം വ്യാജ പ്രചരണങ്ങളെ തള്ളി ക്കളയുവാനുള്ള ആര്‍ജ്ജവം നമ്മുടെ സമൂഹത്തിനു ഉണ്ടായേ തീരൂ.

ബുദ്ധിജീവികളും സാംസ്കാരിക പ്രവര്‍ത്തകര്‍ / തൊഴിലാളികളും മാത്രമല്ല എഴുത്തുകാരും നിരൂപകരും മറ്റു കലാകാരന്മാരും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. നിരൂപണം വിമര്‍ശനം എന്ന പേരില്‍ സിനിമയില്‍ നിന്നും സാഹിത്യത്തില്‍ നിന്നും നിര്‍ദ്ദോഷമായ ഡയലോഗുകളേയും,സന്ദര്‍ഭങ്ങളെയും, കഥാപാത്രങ്ങളെയും അടര്‍ത്തി മാറ്റി വര്‍ഗ്ഗീയ വ്യഖ്യാനങ്ങള്‍ നല്‍കുന്നത് ചിലരുടെ ശൈലിയായി മാറിയിരിക്കുന്നു. വെറുപ്പു വിതയ്ക്കുന്ന ഇത്തരം നിരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് പലപ്പോഴും അപകടകരമായ തലത്തിലേക്ക് സമൂഹത്തെ കൊണ്ടെത്തിക്കും.

പ്രശസ്തനും പുരസ്കാര ജേതാവുമായ ഒരു നിരൂപകന്റെ നിരീക്ഷണങ്ങള്‍ വായിച്ച് അങ്ങേയറ്റം ദുഖം തോന്നി. ഒരു പ്രത്യേക സമുദായത്തെ പറ്റി സിനിമകളില്‍ വരുന്ന പരാമര്‍ശങ്ങള്‍ ആണ് ഇദ്ദേഹത്തിന്റെ പല കുറിപ്പുകളിലും നിറഞ്ഞു നില്‍ക്കുന്നത്. ഹൈന്ദവമായ ദൈവങ്ങള്‍, മിത്തുകള്‍, ആചാരങ്ങള്‍, അതുമായി ബന്ധപ്പെട്ട ജ്യോതിഷികള്‍, മന്ത്രവാദികള്‍, വെളിച്ചപ്പാടുമാര്‍ ഒക്കെ എത്രയോ തവണ കോമഡിയായും വില്ലത്തരമായും സിനിമയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. അതെല്ലാം മലയാളി പ്രേക്ഷകര്‍ “മത രഹിതരായി“ ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്. രണ്‍ജിത്തിന്റെ നന്ദനം എന്ന ചിത്രത്തില്‍ ജഗതി അവതരിപ്പിക്കുന്ന ഒരു കഥാപാത്രം ഉണ്ട്. കോഴിയിറച്ചി തിന്നും വേലക്കാരി പെണ്ണുമായി ശൃംഗരിച്ചും ഇരിക്കുന്ന മന്ത്രവാദിയായ “മഹാ ദിവ്യന്‍” ആരെയും വ്രണപ്പെടു ത്തിയതായി തോന്നുന്നില്ല. ഇതൊന്നും ഈ നിരൂപകന്റെ ശ്രദ്ധയില്‍ പെടുന്നുമില്ല (ഭാഗ്യം അതു മൂലം അത്രയും കുറച്ച് ദുഷിച്ച ചിന്തകളേ സമൂഹത്തില്‍ പടരുകയുള്ളൂ). എന്നാല്‍ കുടുംബ ചിത്രങ്ങളുടെ സംവിധായകന്‍ എന്ന നിലക്ക് ഇരുപത്തഞ്ചു വര്‍ഷത്തില്‍ ഏറെ ആയി സിനിമാ പ്രവര്‍ത്തനം നടത്തുന്ന, കുടുംബ പ്രേക്ഷകരാല്‍ ഏറ്റവും കൂടുതല്‍ അംഗീകരിക്കപ്പെട്ട, സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ നിന്നു പോലും ഇദ്ദേഹം “ മത വിരുദ്ധ“ കണ്ടെത്തലുകള്‍ തല നാരിഴ കീറി കണ്ടെത്തി ക്കൊണ്ടിരിക്കുന്നു. സിനിമയെ സംബന്ധിച്ച് കഥയും, കഥാപാത്രങ്ങളും, അതിനു ഇണങ്ങുന്ന കഥാ സന്ദര്‍ഭങ്ങളും അനിവാര്യമാണ്. അത് പ്രമേയ ത്തിനനുസരിച്ച് വ്യത്യസ്ഥമായിരിക്കും. കഥയേയും, കലാകാരനേയും, കഥാപാത്രത്തെയും വര്‍ഗ്ഗീയമായി വേര്‍തിരിച്ചു നടത്തുന്ന ഇത്തരം നിരീക്ഷണങ്ങള്‍ സമൂഹത്തില്‍ അസ്വസ്ഥതകള്‍ നിറയ്ക്കുവാനും കലാകാരന്മാരെ വര്‍ഗ്ഗീയ വാദികളായി ചിത്രീകരിക്കുവാനും മാത്രമേ ഉപകരിക്കൂ.

തൊടുപുഴ ന്യൂമാന്‍ കോളേജിലെ ചോദ്യ പ്പേപ്പര്‍ സംഭവം നിര്‍ഭാഗ്യകരമാണ്. അതിന്റെ പേരില്‍ അവിടെ സംഘര്‍ഷവും ഉണ്ടായി. ഇത്തരം സംഭവങ്ങള്‍ മതങ്ങളുടെയും വിദ്യാഭ്യാസ ത്തിന്റേയും ലക്ഷ്യം മനുഷ്യ നന്മയോ അതോ പരസ്പരം ശത്രുതയോ ആണെന്ന് ചിന്തിക്കുവാന്‍ നിര്‍ബന്ധിതമാക്കുന്ന സാ‍ഹചര്യം ഉരുത്തിരിഞ്ഞു കൊണ്ടിരിക്കുന്നു. മത നിന്ദ പ്രത്യക്ഷത്തില്‍ തന്നെ ആ ചൊദ്യപ്പേപ്പറിലെ വരികളില്‍ വ്യക്തമാണ് (ഇത് ഒരു പുസ്തകത്തില്‍ നിന്നും എടുത്തതാണെന്ന് പിന്നീട് പറയുകയുണ്ടായി. എന്നാല്‍ ആ വരികളില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് മനസ്സിലാക്കുന്നു). ഇതേ തുടര്‍ന്ന് അധ്യാപകനെതിരെ വകുപ്പു തലത്തിലും നിയമപരമായും നടപടികള്‍ വന്നു. പിന്നീട് കഴിഞ്ഞ ദിവസം ഇതിന്റെ പേരില്‍ നടന്ന സംഭവത്തെ ഒരു തരത്തിലും നീതീകരിക്കുവാന്‍ ആകുന്നതല്ല. രണ്ടു ദിവസത്തെ മാധ്യമ ചര്‍ച്ചകള്‍ക്കും ബ്ലോഗ്ഗുകളിലെ കമന്റുകള്‍ക്കും അപ്പുറം ഈ സംഭവത്തിനും ആയുസ്സുണ്ടാകും എന്നു കരുതുക വയ്യ. അടുത്തിടെ നടന്ന തച്ചങ്കരി വിഷയം തന്നെ ഉദാഹരണം. ആ വിഷയം സജീവ മായി മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന സമയത്ത് ഒരു നേതാവ് കണ്ണൂരില്‍ വച്ച് ജഡ്ജിമാരെ പറ്റിയുള്ള ഒറ്റ പ്രസംഗം കോണ്ട് അട്ടിമറിക്കപ്പെട്ടു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ രാജീവ് ഗാന്ധിയെ പറ്റിയുള്ള പരാമര്‍ശം. മാധ്യമങ്ങള്‍ അവയുടെ പുറകെ പോയി. മാധ്യമങ്ങള്‍ വിസ്മൃതിയിലേക്ക് തള്ളിയാലും തൊടുപുഴ സംഭവം സൂചിപ്പിക്കുന്നത് സമൂഹത്തില്‍ വളര്‍ന്നു വരുന്ന ആപത്തിനെ പറ്റിയാണ്. ഇതിനെതിരായി പൊതു സമൂഹം സദാ ജാഗ്രത പാലിക്കുക തന്നെ വേണം.

മത വിശ്വാസിക്കും മതേതരനും ഒരേ സ്ഥാനമാണ് ശരിയായ ജനാധിപത്യം കല്പിച്ചു നല്‍കുന്നത്. ഒരു വ്യക്തിക്ക് ഏതു മതത്തില്‍ വേണമെങ്കിലും വിശ്വസിക്കുവാനും അത് പ്രചരിപ്പിക്കുവാനും ഉള്ള സ്വാതന്ത്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. മത വിശ്വാസത്തിനെതിരായ അവഹേളനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും തടയിടുവാന്‍ ശക്തമായ നിയമങ്ങളും ഇവിടെ ഉണ്ട്. പലപ്പോഴും ഇന്ത്യയില്‍ പലയിടത്തും മതങ്ങളുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങളും കൊലപാതകങ്ങളും ഉണ്ടാകാറുണ്ട്. ഉല്‍കൃഷ്ടമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന മതത്തിന്റേയും മത ഗ്രന്ധങ്ങളുടേയും പേരില്‍ ദയാരഹിതമായ അക്രമങ്ങള്‍ നടക്കുന്നു. ഇത്തരം സംഭവങ്ങള്‍ ഉയര്‍ത്തുന്ന ഒരു ചോദ്യമുണ്ട്. മത ദര്‍ശനങ്ങള്‍ സംരക്ഷിക്ക പ്പെടേണ്ടത് കൊലപാതകങ്ങളാലും കലാപങ്ങളാലും ആണോ? മത ദര്‍ശനങ്ങള്‍ വാളും തോക്കും ബോംബും പണവും ഭീഷണിയും കൊണ്ടല്ല സംരക്ഷിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും. അത് ഭീരുത്വത്തിന്റെ ലക്ഷണമായും ദര്‍ശനങ്ങളുടെ ദൌര്‍ബല്യമായും ചരിത്രത്തില്‍ കണക്കാക്കപ്പെടും. ജനാധിപത്യത്തില്‍ അഭിപ്രായ / ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനും സ്ഥാനമുണ്ട് എന്നാല്‍ ഒരുവന്റെ അഭിപ്രായം അന്യന്റെ മത വികാരങ്ങളെ വ്രണപ്പെടുത്തുവാന്‍ ഈ സ്വാതന്ത്ര്യം അനുവദിക്കുന്നില്ല. വിശ്വാസിയെ സംബന്ധിച്ച് അത് കാര്‍ടൂണിന്റെ രൂപത്തില്‍ ആയാലും, പെയ്ന്റിങ്ങിന്റെ രൂപത്തില്‍ ആയാലും മറ്റേതു രൂപത്തില്‍ ആയാലും അവഹേളിക്കപ്പെട്ടത് വിഷമകരമാണ്. മത വിദ്വേഷം പകരുന്ന മത നിന്ദ പ്രചരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കു ന്നതോടൊപ്പം ഇത്തരം ആക്രമണങ്ങളെ തള്ളിക്കളയുവാനും സമൂഹം തയ്യാറാകണം. ഇക്കാര്യത്തില്‍ മതത്തിനപ്പുറം ചിന്തിക്കുന്ന / ചിന്തിക്കുവാന്‍ ശേഷിയുള്ള മനുഷ്യ സ്നേഹികള്‍ കൂടുതല്‍ ജാഗ്രത പാലിക്കാതെ വയ്യ. ആര്‍ജ്ജവവും രാഷ്ടീയ ഇച്ഛാശക്തിയും ഇല്ലാ‍ത്ത ഭരണ കൂടങ്ങള്‍ ഉള്ളിടത്ത് മത മൌലിക വാദികള്‍ അഴിഞ്ഞാടുക സ്വാഭാവികമാണ്. എന്നാല്‍ കേരളത്തില്‍ അത്തരം ഒരു അവസ്ഥ നിലനില്‍ക്കുന്നു എന്നു കരുതുക വയ്യ. അതു കൊണ്ടു തന്നെ അധ്യാപകന്റെ കൈ വെട്ടിയ അക്രമിക ള്‍ക്കെതിരെ എന്തെങ്കിലും നടപടിയുണ്ടാകും എന്ന് പ്രതീക്ഷിക്കാം.

കലുഷിതമായ ഒരു കാലഘട്ടത്തിലൂടെ ആണ് നാം കടന്നു പോകുന്നത്. അസ്വസ്ഥതകള്‍ നിറഞ്ഞ ഒരു ലോക ക്രമം ഒരിക്കലും നല്ലതല്ല. വിശാലമായ സാമൂഹിക കാഴ്ചപ്പാടും സഹിഷ്ണുത നിറഞ്ഞ ആശയങ്ങളും ഉണ്ടെങ്കിലേ സമൂഹം സമാധാന പരമായും സുഗമമായും മുന്നോട്ടു പോകൂ. ഏതൊരു വ്യക്തിക്കും താന്‍ ജീവിക്കുന്ന സമൂഹത്തിലെ ശാന്തിയും സമാധാനവും ഉണ്ടാകണം എന്നും എങ്കിലേ തനിക്കും കുടുംബത്തിനും സ്വസ്ഥമായി ജീവിക്കാന്‍ ആകൂ എന്ന ബോധം ആണ് ആദ്യം ഉണ്ടാകേണ്ടത്. തന്റെ വിശ്വാസങ്ങളില്‍ സഹജീവികളോട് കരുണയും അനുകമ്പയും ഉണ്ടാകണം. അന്യന്റെ ആത്മാഭിമാനത്തെയും സ്വാതന്ത്ര്യത്തേയും ഹനിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം. ജനാധിപത്യ സമൂഹത്തില്‍ ജീവിക്കുന്ന ഒരു വ്യക്തിക്ക് ആദ്യം ഉണ്ടാകേണ്ടത് തന്റെ സമൂഹത്തെ പറ്റിയുള്ള “സു“ ബോധമാണ് അല്ലാതെ അന്യനോട് വിരോധം ഉണ്ടാക്കുന്ന സങ്കുചിതമായ വര്‍ഗ്ഗീയ സ്വത്വ ബോധമല്ല.

എസ്. കുമാര്‍

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

ആന ഇടയുന്നത് ആഘോഷമാക്കി മാറ്റരുത് ‌- സുന്ദര്‍ മേനോന്‍

March 21st, 2010

sundermenonദുബായ് : ഉത്സവങ്ങ ള്‍ക്കിടയിലും മറ്റും ആനകള്‍ ഇടയുമ്പോള്‍, അതിനെ ഒരു ആഘോഷമാക്കി മാറ്റുന്ന പ്രവണത വര്‍ദ്ധിക്കുന്നതായും, ഇത് ഒട്ടും ആശാസ്യമല്ലെന്നും കേരള സ്റ്റേറ്റ് എലിഫെന്റ് ഓണേഴ്സ് മള്‍ട്ടി പര്‍പ്പസ് സൊസൈറ്റി പ്രസിഡണ്ടും ആന യുടമയുമായ സുന്ദര്‍ മേനോന്‍ പറഞ്ഞു. ആനയിടയുന്നത് സാധാരണമായി ക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ അതിന്റെ കാരണങ്ങളെ പറ്റി സംസാരിക്കു കയായിരുന്നു അദ്ദേഹം. കാലാവസ്ഥയില്‍ ഉണ്ടായ വ്യതിയാനം ആനയി ടയുന്നതില്‍ ഒരു പ്രധാന ഘടകമാണ്. വിയര്‍പ്പു ഗ്രന്ധികള്‍ തീരെ കുറവും കറുത്ത നിറവും ഉള്ള ആനകള്‍ കൊടും ചൂടില്‍ പലപ്പോഴും അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ട്.
എഴുന്നള്ളി ക്കുമ്പോള്‍ ആന നില്‍ക്കുന്നിടത്ത് ചാക്കു നനച്ചിട്ടു കൊടുത്തും തണ്ണി മത്തന്‍, വെള്ളരിക്ക തുടങ്ങിയവ നല്‍കിയും അവയെ തണുപ്പിക്കുവാന്‍ ശ്രമിക്കണം. ആനയുടെ ജീവിത ചക്രത്തിലെ ഒരു പ്രധാന സംഭവമാണ് മദപ്പാട്. മദപ്പാടിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ അവയെ ബന്ധവ സ്സിലാക്കണം, നല്ല പരിചരണവും നല്‍കണം. പൂര്‍ണ്ണമായും നീരു വറ്റിയതിനു ശേഷം മാത്രം ആനയെ അഴിക്കുവാന്‍ പാടുള്ളൂ. ഉള്‍ക്കോള്‍ ഉള്ള ആനകളേയും, അതു പോലെ മദപ്പാടിന്റെ അവസാന ഘട്ടമായ വറ്റു നീരിലും ആനകളെ എഴുന്നള്ളിപ്പിനും മറ്റും കൊണ്ടു പോ‍കുന്നത് അപകടം ക്ഷണിച്ചു വരുത്തും. ഇപ്രകാരം മദപ്പാടിന്റെ ലക്ഷണം ഉള്ള ആനകളുടെ മദ ഗ്രന്ധിയില്‍ നിന്നും വരുന്ന രൂക്ഷ ഗന്ധം മറ്റാനകളെ അസ്വസ്ഥ രാക്കുവാന്‍ ഇടയുണ്ട്.
 
പല ആനകളും പല സ്വഭാവക്കാരാണ്. ആളുകള്‍ അവയുടെ കൊമ്പില്‍ പിടിക്കുവാന്‍ ശ്രമിക്കുന്നതും, വാലിലെ രോമം പറിക്കുവാന്‍ ശ്രമിക്കുന്നതുമെല്ലാം അവയെ പ്രകോപിത രാക്കിയേക്കാം. മറ്റൊരു കാരണം, മതിയായ വിശ്രമവും, ഭക്ഷണവും, വെള്ളവും നല്‍കാതെ തുടര്‍ച്ചയായി യാത്ര ചെയ്യിക്കുന്നതും, എഴുന്ന ള്ളിപ്പുകളില്‍ പങ്കെടുപ്പി ക്കുന്നതാണ്.
ആനയെ സംബന്ധി ച്ചേടത്തോളം വിശ്രമം ഒരു പ്രധാന ഘടകമാണ്. വിശ്രമ മില്ലാതെയുള്ള ജോലി അവയെ അസ്വസ്ഥരാക്കും. ആന പരിപാലനത്തില്‍ വേണ്ടത്ര
പരിചയമോ ശ്രദ്ധയോ ഇല്ലാത്തവര്‍ ആന പാപ്പാന്മാരാകുന്നതും അനാവശ്യമായി അവയെ ഉപദ്രവി ക്കുന്നതുമെല്ലാം അപകട ങ്ങളിലേക്കു നയിച്ചേക്കും. മത്സര പ്പൂ‍രങ്ങള്‍ / തലയെടുപ്പിന്റെ പേരില്‍ ആനയെ അനാവശ്യമായി തോട്ടി കൊണ്ടും കത്തി കൊണ്ടും കുത്തി പ്പൊക്കുന്ന പ്രവണതയും നല്ലതല്ല. ആനകളുടെ സ്വാഭാവിക നിലയില്‍ അവയെ നില്‍ക്കുവാന്‍ അനുവദി ക്കുകയാണ് വേണ്ടത്.
 
ഇടഞ്ഞ ആന എപ്രകാരം പെരുമാറും എന്ന് പ്രവചി ക്കാവുന്നതല്ല, ആന ഇടയുമ്പോള്‍ പലപ്പോഴും ആദ്യം അപകടം സംഭവിക്കുന്നത് പാപ്പാന്മാര്‍ക്കാണ്. വലിയ ഒരു ആള്‍ക്കൂട്ട ത്തിന്റെ നടുവില്‍ വച്ച് ആന തെറ്റിയാല്‍ തന്റെ ജീവന്‍ പോലും അവഗണിച്ചു കൊണ്ടാണ് കൈ വിട്ട ആനയെ നിയന്ത്രിക്കുവാന്‍ പാപ്പാന്മാര്‍ ശ്രമിക്കുന്നത്. അതു കൊണ്ടു തന്നെ അവരുടെ പരിശ്രമങ്ങള്‍ക്ക് സഹാ‍യകമാകും വിധം സംഭവ സ്ഥലത്തു നിന്നും ജനം അകന്നു നില്‍ക്കുകയാണ് വേണ്ടത്. പലപ്പോഴും ആനയിടയുന്ന കാഴ്ച കാണുവാന്‍ ചുറ്റും കൂടുന്ന ആളുകളുടെ അസ്ഥാനത്തുള്ള ഇടപെടലുകള്‍ കൂടുതല്‍ അപകടങ്ങള്‍ വരുത്തി വെക്കുന്നു. ഒന്നോ രണ്ടോ പാപ്പാന്മാര്‍ക്ക് മാത്രം ചട്ടമുള്ള ആനയെ നിയന്ത്രിക്കുവാന്‍ സാധാരണക്കാര്‍ക്ക് ആകില്ല എന്നത് ആളുകള്‍ ശ്രദ്ധിക്കണമെന്നും ഇടഞ്ഞ ആനയെ എത്രയും വേഗം നിയന്ത്രിക്കുവാന്‍ ആയില്ലെങ്കില്‍ അവ ഒരു പക്ഷെ വലിയ നാശ നഷ്ടങ്ങള്‍ വരുത്തി വെക്കുംമെന്നും, ഇത് ആനയുടമകള്‍ക്ക് കനത്ത് ബാധ്യത വരുത്തി വെക്കുമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

ലോകത്തെ ഏറ്റവും ചെറിയ മനുഷ്യന്‍ മരിച്ചു

March 18th, 2010

ലോകത്തെ ഏറ്റവും ചെറിയ മനുഷ്യനായിരുന്ന ചൈനക്കാരന്‍ ഹി പിങ് പിങ് മരിച്ചു. 76 സെന്റീമീറ്റര്‍ (രണ്ടടി അഞ്ച് ഇഞ്ച്) മാത്രം ഉയരം ഉണ്ടായിരുന്ന ഈ ഇരുപത്തൊന്നു കാരാന്‍ ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇടം പിടിച്ചിരുന്നു. ചൈനയിലെ മംഗോളിയന്‍ പ്രദേശത്താണ് പിങ് പിങിന്റെ ജനനം.
 
വളരെ ഊര്‍ജ്ജസ്വലനായിരുന്ന ഹി പിങ് പിങ് ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുത്തു കൊണ്ടിരി ക്കുന്നതിനിടെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഹൃദയ സംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.
 
ഹി പിങ് പിങ്ന്റെ മരണത്തോടെ നേപ്പാള്‍ സ്വദേശിയായ ഖാങെന്ദ്ര താപ്പ ആയിരിക്കും ഇനി ലോകത്തിലെ കുറിയ മനുഷ്യനാകുവാന്‍ ഉള്ള സാധ്യത.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ആയിരം കണ്ണി ഉത്സവത്തിനിടെ ആന “പിണങ്ങി”

February 23rd, 2010

വാടാനപ്പള്ളി: മണപ്പുറത്തെ മഹോത്സവമായ ആയിരം കണ്ണി ഉത്സവത്തിന്റെ കൂട്ടിയെന്ന ള്ളിപ്പിനിടെ ആന പിണങ്ങിയത്‌ ഉത്സവം നേരത്തെ അവസാനി പ്പിക്കുവാന്‍ ഇടയാക്കി. വൈകീട്ട്‌ അഞ്ചു മണിയോടെ ആണ്‌ സംഭവം. കൂട്ടിയെഴു ന്നള്ളിപ്പിനു 33 ആനകള്‍ ആണ്‌ നിരന്നിരുന്നത്‌. വളരെ ബന്ധവസോടെ ആയിരുന്നു ആനകളെ നിര്‍ത്തിയിരുന്നത്‌. എന്നാല്‍ ഇതിനിടെ കൂട്ടാനയുടെ കുത്തേറ്റതിനെ തുടര്‍ന്ന് പരിഭ്രാന്തനായ ഒരു “പ്രമുഖ” ആന പിണങ്ങി, അവന്റെ ഉച്ചത്തില്‍ ഉള്ള ചിന്നം വിളി കേട്ട്‌ ആളുകള്‍ നാലു പാടും ചിതറിയോടി. ആനകളെ നിയന്ത്രിക്കുവാന്‍ പാപ്പാന്മര്‍ ശ്രമിക്കു ന്നതിനിടയില്‍ പരിഭ്രാന്തി പരത്തുവാന്‍ ചില സാമൂഹ്യ വിരുദ്ധര്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.
 
തിക്കിലും തിരക്കിലും പെട്ട്‌ നിരവധി ആളുകള്‍ക്ക്‌ പരിക്കുണ്ട്‌. പരിക്കേറ്റ ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. ബഹളത്തി നിടയില്‍ പലരുടേയും പേഴ്സും, മൊബെയില്‍ ഫോണും, ആഭരണങ്ങളും നഷ്ടമായിട്ടുണ്ട്‌. മോഷ്ടാക്കള്‍ ഈ അവസരം ഉപയോഗ പ്പെടുത്തിയതായും പരാതികള്‍ ഉണ്ട്‌.
 
വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന ഘോഷ യാത്രകള്‍ സന്ധയോടെ ക്ഷേത്രത്തില്‍ വന്ന് പതിവു പോലെ സമാപിച്ചു.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ആയിരം കണ്ണി ഉത്സവം

February 21st, 2010

മണപ്പുറത്തിന്റെ മഹോത്സവമാണ്‌ തൃശ്ശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ ഉള്ള ആയിരം കണ്ണി ക്ഷേത്രത്തിലേത്‌. ഈ വര്‍ഷം അത്‌ ഫെബ്രുവരി 22 നാണ്. ചേറ്റുവ മുതല്‍ വാടാനപ്പള്ളി വരെയുള്ള പ്രദേശത്തെ ആളുകള്‍ ജാതി മത ഭേദമന്യേ ഒത്തൊരുമയോടെ ഈ ഉത്സവം കൊണ്ടാടുന്നു. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇത്‌ ഒരു ഒത്തു ചേരലിന്റെ മുഹൂര്‍ത്തമാണ്‌. പ്രവാസികളുടെ സജീവമായ സഹകരണം, വിദേശ ടൂറിസ്റ്റുകളുടെ സാന്നിധ്യം എന്നിവ ഈ ഉത്സവത്തിന്റെ മാറ്റു പതിന്മടങ്ങ്‌ വര്‍ദ്ധിപ്പിക്കുന്നു.
 
നാഷ്ണല്‍ ഹൈവേയില്‍ ആശാന്‍ റോഡിനു കിഴക്കു ഭാഗത്ത്‌ ടിപ്പു സുല്‍ത്താന്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഭഗവതീ ക്ഷേത്രം കാതോട്‌ ട്രസ്റ്റിന്റെ കീഴിലാണ്‌. ഉച്ചയോടെ ദേവീ ക്ഷേത്രത്തിനു സമീപമുള്ള ദേവന്റെ അമ്പലത്തില്‍ നിന്നും അനുമതിയും അനുഗ്രഹവും വാങ്ങി ആയിരം കണ്ണി ഭഗവതിയുടെ തിടമ്പേറ്റിയ ഗജ വീരന്‍ തിരിച്ചെത്തുന്നു. ഈ സമയം നാടിന്റെ നാനാ ദിക്കുകളില്‍ നിന്നും കാവടി, ശിങ്കാരി മേളം, നാദ സ്വരം, തെയ്യം, ദേവ നൃത്തം, മേളം എന്നിവയുടെ അകമ്പടിയോടെ പൂരങ്ങള്‍ വരികയായി. ദേവിയുടെ തിടമ്പേറ്റിയ കൊമ്പന്‍ ഇവരെ എതിരേറ്റ്‌ ക്ഷേത്ര നടയില്‍ വരി വരിയായി നില്‍ക്കുന്നു.
 
പങ്കെടുക്കുന്ന ആനകളുടെ പേരു കൊണ്ടും, എണ്ണം കൊണ്ടും പ്രസിദ്ധമാണ് ഇവിടത്തെ പൂരം. മുന്‍ കാലങ്ങളില്‍ നാല്‍പ്പത്തഞ്ചോളം ആനകള്‍ ഇവിടെ പങ്കെടുക്കാ റുണ്ടായിരുന്നു‌. ഇപ്പോള്‍ അതു മുപ്പത്തി മൂന്നായി ചുരുക്കി. വഴിപാടു പൂരങ്ങള്‍ രാവിലെ മാത്രമാക്കി. ഉത്സവ പ്രേമികള്‍ക്ക്‌ ഹരം പകരുന്ന ഒരു മല്‍സര പ്പൂരം കൂടെ ആണ് ഇവിടത്തേത്‌. ഏറ്റവും തലയെടുപ്പുള്ള ആനക്കാണ്‌ കൂട്ടി എഴുന്നള്ളിപ്പിന്റെ സമയത്ത്‌ തിടമ്പ്‌. ഒരു കാലത്ത്‌ സ്ഥിരമായി തിടമ്പേറ്റി യിരുന്നത്‌ അടുത്തിടെ ചരിഞ്ഞ കണ്ടമ്പുള്ളി ബാല നാരായണന്‍ ആയിരുന്നു. അക്കാലത്ത്‌ ഗുരുവായൂര്‍ പത്മനാഭനും, ഗണപതിയും ഇതില്‍ പങ്കെടുക്കാ റുണ്ടായിരുന്നു.
 
തലയെടുപ്പിന്റെ തമ്പുരാന്‍ തെച്ചിക്കോട്ടു കാവ്‌ രാമചന്ദ്ര ഇത്തവണ തിടമ്പ്‌. ഉത്സവ പ്പറമ്പിലെ ഏക ഛത്രാധിപതി യായ തെച്ചിക്കോട്ടു കാവ്‌ രാമചന്ദ്രന്റെ സാന്നിധ്യം ഒന്നു മാത്രം മതി ആന പ്രേമികളെ ആഹ്ലാദ ചിത്തരാക്കുവാന്‍. ഉത്സവ ദിവസം രാവിലെ ക്ഷേത്ര നടയില്‍ ആനകളെ അളന്ന് സ്ഥാനം നിശ്ചയിക്കുന്നു. നിലവിന്റെ കാര്യത്തില്‍ കാണികള്‍ക്ക്‌ ആവേശം പകരുവാന്‍ യുവ താരങ്ങളായ ചെര്‍പ്പ്ലശ്ശേരി പാര്‍ത്ഥനും, ചുള്ളിപ്പറമ്പില്‍ വിഷ്ണുവും ഉണ്ടാകും. കൂടാതെ ഗുരുവായൂര്‍ വലിയ കേശവന്‍, പാമ്പാടി രാജന്‍, ചെറക്കല്‍ കാളിദാസന്‍ തുടങ്ങി പേരെടുത്ത ഗജ വീരന്മാര്‍ വേറെയും ഉണ്ടാകും.
 
ഷൂട്ടേഴ്സ്‌ ക്ലബ്ബും, ടി. എ. സി. ക്ലബ്ബും, അമ്പിളി ക്ലബ്ബും ഒരുക്കുന്ന പ്രത്യേക പരിപാടികളും വലിയ ശില്‍പങ്ങളും ഏടുത്തു പറയേണ്ട പ്രത്യേകതയാണ്‌. നാടു നീളെ ഫ്ലക്സുകളും, തോരണങ്ങളും, ആന പ്പന്തലുകളും ഒക്കെയായി മണപ്പുറം ഉത്സവത്തിനായി ഒരുങ്ങി ക്കഴിഞ്ഞു. ആയിരം കണ്ണി ഉത്സവത്തിലെ പ്രധാന പങ്കാളിയായ ഷൂട്ടേഴ്സ്‌ ക്ലബ്ബ്‌ ഇത്തവണയും വിപുലമായ സംഗതികളാണ്‌ ഒരുക്കിയിരിക്കുന്നത്‌. തെയ്യം, ശിങ്കാരി മേളം, കാവടി, അമ്മങ്കുടം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്കു വേണ്ടി ഇത്തവണ ഇത്തവണ തിടമ്പേറ്റുന്നത്‌ ദുബായില്‍ എഞ്ചിനീയറായ ജയപ്രകാശ്‌ കൊട്ടുക്കല്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഗുരുജിയില്‍ അനന്ദ പത്മനാഭന്‍ എന്ന ആനയാണ്‌.
 
സന്ധ്യക്ക്‌ ദീപാരാധനയും, തുടര്‍ന്ന് ക്ഷേത്രത്തിനു സമീപം വര്‍ണ്ണ മഴയും ഉണ്ടാകും. ഉത്സവത്തിന്റെ നടത്തിപ്പിനായി ജാതി മത ഭേദമന്യേ ഗണ്യമായ പങ്കു വഹിക്കുന്നത്‌ പ്രവാസികളാണ്‌. നേരിട്ട് പങ്കെടുക്കുവാന്‍ ആകില്ലെങ്കിലും‍, മനസ്സു കൊണ്ട്‌ ആ ഉത്സവാര വങ്ങളില്‍ അവര്‍ പങ്കാളികള്‍ ആകുന്നു.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

അന്തിക്കാട്‌ ആനയിടഞ്ഞു

February 21st, 2010

അന്തിക്കാട്‌: പുത്തന്‍ പീടിക തോന്യാവ്‌ ഭഗവതീ ക്ഷേത്രത്തിലെ ഉത്സവത്തിനു എഴുന്നള്ളത്തിനു കൊണ്ടു വന്ന ആനയിടഞ്ഞ്‌ പരിഭ്രാന്തി പരത്തി. വെട്ടത്തു മന വിനയന്‍ എന്ന ആനയാണ്‌ ഇടഞ്ഞത്‌. രാവിലെ കുളിപ്പിക്കു ന്നതിനിടയില്‍ പാപ്പാന്‍ ആനയുടെ കൊമ്പില്‍ ഉള്ള പഴുപ്പില്‍ മരുന്നു പുരട്ടുവാന്‍ ശ്രമിച്ചപ്പോള്‍ ആന പാപ്പാന്‍ കൃഷണന്‍ കുട്ടിയെ ആക്രമിക്കു കയാണുണ്ടായത്‌. പാപ്പാന്റെ തോളെല്ലിനു പരിക്കേറ്റു. ഇയാളെ തൃശ്ശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനയെ പിന്നീട്‌ മയക്കു വെടി വിദഗ്ദ്ധരും മറ്റും എത്തി തളച്ചു.
 
രണ്ടു വര്‍ഷം മുമ്പ്‌ ചേറ്റുവ ചന്ദനക്കുടം നേര്‍ച്ചയ്ക്കിടയില്‍ ഇടഞ്ഞ വിനയന്‍ പാപ്പാനെ ചവിട്ടി ക്കൊല്ലുകയും മറ്റൊരാനയെ കുത്തി മറിച്ചിടുകയും തുടര്‍ന്ന് സ്കൂള്‍ കെട്ടിടത്തി നകത്തേക്ക്‌ ഇടിച്ച്‌ കയറുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വിദേശ ടെലിവിഷ നുകളില്‍ പോലും അന്ന് വന്നിരുന്നു.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഏങ്ങണ്ടിയൂരില്‍ ആനയിടഞ്ഞു – എസ്‌. കുമാര്‍

January 30th, 2010

തൃശ്ശൂര്‍ : തൃശ്ശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ പൂയാഘോഷത്തിനു കൊണ്ടു വന്ന കുട്ടിക്കൊമ്പന്‍ ഇടഞ്ഞു. രാവിലെ കാവടിയാ ഘോഷത്തി നിടയില്‍ തിരുമംഗലം ക്ഷേത്ര ത്തിനടുത്ത്‌ വച്ച്‌ ഇടഞ്ഞ കൊമ്പന്‍ പള്ളിക്കടവത്ത്‌ രാമകൃഷണന്റെ പറമ്പിലേക്ക്‌ ഓടി ക്കയറി. പുറത്തു ണ്ടായിരുന്ന രത്നാകരന്‍ എന്ന‌യാള്‍ അടുത്തുള്ള മരത്തില്‍ കയറിയും, മറ്റുള്ളവര്‍ ആനയുടെ പുറത്തു നിന്നു ചാടിയും രക്ഷപ്പെട്ടു. ആര്‍ക്കും കാര്യമായ പരിക്കില്ല.
 
ആളുകള്‍ പുറകെ കൂടിയതോടെ ആന കൂടുതല്‍ പ്രകോപിതനായി മുന്നോട്ടു കുതിച്ചു. ഇതിനിടയില്‍ ആനയുടെ മുമ്പില്‍ വന്നു പെട്ട ഒരു സ്ത്രീയെ അവന്‍ ഓടിച്ചു. അടുത്തുള്ള വീട്ടില്‍ കയറി അവര്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് കരീപ്പാടത്ത്‌ സതീശന്റെ വീടിനു സമീപം നിലയുറപ്പിച്ച ആനയെ പാപ്പാന്മാര്‍ തളച്ചു.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

1 of 4123»|

« Previous « പുത്തന്‍ പള്ളിക്കാവിലും മാമ്പിള്ളി ക്കാവിലും ഉത്സവം ആഘോഷിച്ചു
Next Page » നവ ലിബറല്‍ നയങ്ങളാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി : പ്രകാശ് കാരാട്ട് »



  • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
  • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
  • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
  • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
  • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
  • നിയമം പിള്ളേടെ വഴിയേ…
  • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
  • വേട്ടയാടുന്ന ദൃശ്യങ്ങള്‍
  • പോന്നോണം വരവായി… പൂവിളിയുമായി
  • ദൂരം = യു. ഡി. എഫ്.
  • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
  • വി. എസ്. തന്നെ താരം
  • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
  • ഗാന്ധിയന്മാരുടെ പറന്നു കളി
  • മോശം പ്രകടനവുമായി ശ്രീശാന്ത്
  • നമ്മുടെ ചിഹ്നം ഐസ്ക്രീം…
  • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
  • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
  • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
  • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine