കണ്ണൂര്‍:സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശിക്കെതിരെ ഉയര്‍ന്ന് ലൈംഗിക ആരോപണക്കേസുമായി ബന്ധപ്പെട്ട് സി.പി.ഐ.എം നേതാക്കളോട് കോടതിയില്‍ ഹാജരാകുവാന്‍ നോട്ടീസ്. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പ്രതിപക്ഷ നേതാവും കേന്ദ്രകമ്മറ്റി അംഗവുമായ വി.എസ്. അച്ച്യുതാനന്ദന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവരോടാണ് സെപ്റ്റംബര്‍ 13 നു ഹാജരാകുവാന്‍ ആവശ്യപ്പെട്ട് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ക്രൈം പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്റര്‍ ടി.പി നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് നടപടി.
സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന സമയത്ത് ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിക്കുവാന്‍ ശ്രമിച്ചു എന്നാണ് ആരോപണം. ശശിക്കെതിരെ ഉള്ള ലൈംഗിക ആരോപണങ്ങള്‍ പാര്‍ട്ടി നേതാക്കളും, പോലീസും ചേര്‍ന്ന് ഒതുക്കുകയായിരുന്നെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. ഡി.വൈ.എഫ്.ഐ. നേതാവിന്റെ ഭാര്യ നല്‍കിയ പരാതിയും തുടര്‍ന്ന് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷനു മുമ്പാകെ നല്‍കിയ മൊഴിയും അടങ്ങിയ രേഖകള്‍ ഹാജരാക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ ഗുരുതരമായ അച്ചടക്കവിലോപം കാട്ടിയതിന്റെ പേരില്‍ പി.ശശിക്കെതിരെ പാര്‍ട്ടി നടപടിയെടുത്തിരുന്നു. പ്രകാശ് കാരാട്ട്, വി.എസ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തുവെന്നും ഇത്രയും ഗുരുതരമായ ഒരു സംഗതി നടന്നിട്ടും പോലീസ് പ്രാഥമികമായ അന്വേഷണം നടത്തിയില്ലെന്ന് ആരോപിച്ചാണ് നന്ദകുമാര്‍ കോടതിയെ സമീപിച്ചത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, വിവാദം, സ്ത്രീ