തൃപ്പൂണിത്തുറ: ഒട്ടേറെ സിനിമകളില്‍ നായകനായിട്ടുള്ള ജയറാം മേള പ്രമാണിയായി മാറിയപ്പോള്‍ മേളക്കമ്പക്കാരും ഒപ്പം ആരാധകരും തിങ്ങിക്കൂടി. പതികാലത്തില്‍ തുടങ്ങി മെല്ലെ മെല്ലെ കൊട്ടിക്കയറിയ ജയറാമും സംഘവും അക്ഷരാര്‍ത്ഥത്തില്‍ പവിഴ മല്ലിത്തറയില്‍ മേളത്തിന്റെ മറ്റൊരു പൂമഴ തീര്‍ക്കുകയായിരുന്നു. അതില്‍ ആരാധകരുടെ മനസ്സ് കുളിര്‍ത്തു. പെരുവനത്തെയും, മട്ടന്നൂരിനേയും പോലുള്ള മേള കുലപതികള്‍ താള വിസ്മയം തീര്‍ത്ത വേദിയിലാണ് മലയാള സിനിമയിലെ നായകന്റെ മേള പ്രാമാണ്യം. നവരാത്രി ആഘോഷങ്ങളുടെ ആറാം ദിവസമായ തിങ്കളാഴ്ച രാവിലെ 8.15 നു ശീവേലി എഴുന്നള്ളിപ്പിനാണ് ജയറാമിന്റെ നേതൃത്വത്തില്‍ 147-ഓളം കലാകാരന്മാരുടെ സംഘം പഞ്ചാരി മേളം അവതരിപ്പിച്ചത്.
പതികാലത്തില്‍ തുടക്കമിട്ട് ജയറാം ചെണ്ടയില്‍ കോല്‍ തൊട്ടു. ഇടം തലയില്‍ ചോറ്റാനിക്കര സത്യ നാരായണ മാരാരും, തിരുമറയൂര്‍ രാജേഷും ഉള്‍പ്പെടെ 15 മേളക്കാര്‍ വലം തലയില്‍ കുഴൂര്‍ ബാലനും പള്ളിപ്പുറം ജയനും തിരുവാങ്കുളം രണ്‍ജിത്തും ഉള്‍പ്പെടുന്ന 45 കലാകാരന്മാര്‍. ചോറ്റാനിക്കര സുകുമാര മാരാരും ചോറ്റാനിക്കര സുനിലും ചാലക്കുടി രവിയുമടങ്ങുന്ന സംഘം. ഇലത്താളവും കുഴല്‍ വാദ്യം കൊടകര ശിവരാമന്‍ നായരും വെളപ്പായ നന്ദനും അടങ്ങുന്ന 20 കലാകാരന്മാര്‍. കൊമ്പു വാദ്യത്തിനു ചെങ്ങമനാട് അപ്പുനായരും കുമ്മത്ത് ഗിരീശനും ഉള്‍പ്പെടെ 29 പേര്‍. പ്രശസ്തരും പ്രഗല്‍ഭരുമായ കലാകാരന്മാരുടെ സംഘം ഒത്തു ചേര്‍ന്നപ്പോള്‍ അത് ചോറ്റാനിക്കര അമ്മയുടെ മുമ്പില്‍ താള വിസ്മയത്തിന്റെ അമൃത വര്‍ഷം തീര്‍ത്തു. സത്യന്‍ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തില്‍ ജയറാം ചെണ്ട കൊട്ടുന്നത് കണ്ടിട്ടുള്ള പ്രേക്ഷകര്‍ക്ക് ഈ കാഴ്ച തികച്ചും അവിസ്മരണീയമായിരുന്നു.
പതികാലത്തില്‍ തുടങ്ങി അഞ്ചു കാലങ്ങളില്‍ 96 അക്ഷരകാലങ്ങളും പൂര്‍ത്തിയാക്കി ക്ഷേത്രാങ്കണം വലം വച്ച് കിഴക്കേ നടപ്പുരയില്‍ എത്തി കലാശം കൊട്ടിയവസാനിപ്പിച്ചപ്പോള്‍ തിങ്ങിക്കൂടിയ പുരുഷാരം മേളകലയില്‍ മറ്റൊരു സൂപ്പര്‍ താരോദയത്തിനു സാക്ഷ്യം വഹിച്ചു. ചെറുപ്പം മുതലേ മേളക്കമ്പക്കാരനായ ജയറാം പ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പം മുമ്പും കൊട്ടിയിട്ടുണ്ട്. എന്നാല്‍ ഇത്രയും വലിയ ഒരു മേളത്തിനു പ്രാമാണ്യം വഹിക്കുന്നത് ഇത് ആദ്യം. മേള പ്രമാണിയാകുവാന്‍ നല്ല കൈത്തഴക്കവും അണുവിട തെറ്റാത്ത മനസ്സാന്നിധ്യവും ആവശ്യമാണ്. നോട്ടം കൊണ്ടും ആംഗ്യം കൊണ്ടും കലാകാന്മാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് ഒരു തികഞ്ഞ മേള പ്രമാണിയെ പോലെ ജയറാം മേളം നിയന്ത്രിച്ചു. മേളത്തിനൊപ്പം മുഖ ഭാവങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിമാരാര്‍ക്ക് കീഴിലെ ശിക്ഷണത്തിന്റെ ഗുണം ജയറാമിന്റെ പ്രകടനത്തില്‍ വ്യക്തമായിരുന്നു.
- എസ്. കുമാര്‍