ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത അവതാര്‍ മോഷണമായിരുന്നു എന്ന് കാണിച്ച് എറിക് റൈഡര്‍ എന്നയാള്‍ ലോസ് എയ്ജല്‍സ് കൗണ്ടി സുപ്പീരിയര്‍ കോടതിയില്‍ കാമറൂണിനെതിരേ പരാതി നല്‍കി. വന്‍ വിജയം നേടിയ ഈ ഹോളിവുഡ് 3ഡി വിസ്മയ ചിത്രത്തിനെതിരെ വന്ന ആരോപണം വിവാദമായിരിക്കുകയാണ്. കാമറൂണിന്‍റെ മാസ്റ്റര്‍പീസായാണ് ഈ സയന്‍സ് ഫിക്ഷന്‍ ചിത്രത്തെ കണക്കാക്കുന്നത്. കെ. ആര്‍. ഇസഡ് 2068 എന്ന തന്‍റെ കഥയാണ് അവതാര്‍ ആയി മാറിയതെന്നാണ് എറിക് റൈഡറിന്‍റെ വാദം. 1999ല്‍ കാമറൂണിന്‍റെ പ്രൊഡക്ഷന്‍ കമ്പനി ലൈറ്റ്സ്റ്റോം എന്‍റര്‍റ്റെയ്ന്‍മെന്‍റുമായി എറിക് സംസാരിച്ചിരുന്നതായും പരിസ്ഥിതി വിഷയമാക്കി ഒരു 3ഡി ചിത്രം എടുക്കാന്‍ തയ്യാറാണെന്നും അന്ന് പറഞ്ഞതായി ഇദ്ദേഹം അവകാശപ്പെടുന്നു. 2002ല്‍ ഇക്കാര്യത്തെക്കുറിച്ചു വീണ്ടും സംസാരിച്ചപ്പോള്‍ പ്രതികരിക്കാന്‍ ആരും തയാറായില്ല എന്നും അതിനാല്‍ ഇനി കോടതിയെ സമീപിപ്പിക്കുക അല്ലാതെ വേറെ മാര്‍ഗമില്ലെന്നും എറിക് കൂട്ടിച്ചേര്‍ത്തു.