കോഴിക്കോട് : വണ്ണാന്‍മല ഗവണ്മെന്റ് മോഡല്‍ ഹൈസ്കൂള്‍ അദ്ധ്യാപകനായ വിനയ ചന്ദ്രന്‍ അതിജീവന ത്തിന്‍റെ കഥ പറയാന്‍ വരുന്നു. ‘മാണിക്യക്കല്ല്’ എന്ന സിനിമ യിലൂടെ യുവ നായകന്‍ പൃഥ്വിരാജ് ഒരു പുതിയ ഭാവത്തില്‍ എത്തുന്നു.
മലയാള ത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് സിനിമ ‘കഥ പറയുമ്പോള്‍’ എന്ന ചിത്രത്തിന് ശേഷം എം. മോഹനന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന മാണിക്യക്കല്ല് പ്രദര്‍ശനത്തിന് എത്തി. ഗുരു ശിഷ്യ ബന്ധ ത്തിന്‍റെ കഥ പറയുന്ന ഈ ചിത്രം കണ്ടു മടുത്ത സ്ഥിരം ഫോര്‍മുല കളില്‍ നിന്നും വ്യത്യസ്ഥമാണ് എന്ന്‍ പ്രതീക്ഷി ക്കുന്നു. ഗ്രാമീണ പശ്ചാത്തല ത്തില്‍ കാലിക പ്രസക്തി യുള്ള ഒരു വിഷയമാണ് ചിത്രം കൈ കാര്യം ചെയ്യുന്നത്.
1864 – ല്‍ ബ്രിട്ടീഷു കാര്‍ സ്ഥാപിച്ച താണ് വണ്ണാന്‍മല യിലെ സ്കൂള്‍. ഒരു കാലത്ത് അടുത്തുള്ള പഞ്ചായത്തു കളില്‍ നിന്നു പോലും കുട്ടികള്‍ ഇവിടെ പഠിക്കാന്‍ എത്തുമായിരുന്നു. ഏകദേശം മൂവായിര ത്തോളം കുട്ടികള്‍ പഠിച്ചിരുന്ന സ്‌കൂള്‍.
ഇന്ന് ഇത് വണ്ണാന്‍മല ഗവണ്മെന്റ് മോഡല്‍ ഹൈസ്‌കൂളാണ്. ഓരോ ക്ലാസിലും വിരലില്‍ എണ്ണാവുന്ന കുട്ടികള്‍. വൃത്തിയും അച്ചടക്കവു മില്ലാത്ത വിദ്യാലയം. ഏത് നിമിഷവും തകര്‍ന്നു വീഴാവുന്ന സ്‌കൂള്‍ കെട്ടിടം. അവിടെ പഠിപ്പിക്കാന്‍ ആവശ്യത്തിന് അദ്ധ്യാപകരില്ല. വിദ്യാര്‍ത്ഥി കള്‍ക്ക് ആവശ്യമായ സൗകര്യങ്ങളില്ല. ഇങ്ങനെയൊരു സ്‌കൂള്‍ ഉണ്ടെന്ന വിചാരം പോലും ബന്ധപ്പെട്ട അധികൃതര്‍ക്കില്ല.
അവിടെ യുള്ള അദ്ധ്യാപ കര്‍ക്ക് മറ്റു ബിസിനസ്സു കളിലാണ് താല്‍പര്യം. പ്രധാന അദ്ധ്യാപക നായ കരുണാകര ക്കുറുപ്പ് ആകട്ടെ വളം മൊത്ത ക്കച്ചവടക്കാരനും. ചിത്ര ത്തിലെ നായിക യായ സംവൃത സുനില്‍ ആ വിദ്യാലയ ത്തിലെ തന്നെ കായിക അദ്ധ്യാപിക ചാന്ദിനി ആയി വേഷമിടുന്നു. എന്നാല്‍ ചാന്ദിനി യുടെ പ്രധാന തൊഴില്‍ കോഴി വളര്‍ത്തല്‍ ആണ്.
ഈ സ്കൂളി ലേക്കാണ് ലക്ഷ്യ ബോധവും ഉത്തരവാദി ത്വവുമുള്ള വിനയ ചന്ദ്രന്‍ മാസ്റ്റര്‍ എത്തുന്നത്. വെറും തൊഴില്‍ എന്ന നിലയില്‍ അല്ല, മറിച്ച് ഒരു അദ്ധ്യാപകന്‍ ആവാന്‍ ആത്മാര്‍ത്ഥ മായി ആഗ്രഹിച്ചാണ് വിനയ ചന്ദ്രന്‍ ഈ ജോലി നേടിയത്.
വിനയ ചന്ദ്രന്‍ സ്‌കൂളിലും ആ നാട്ടിലും സൃഷ്ടിക്കുന്ന മാറ്റങ്ങളാണ് മാണിക്യക്കല്ല് എന്ന ചിത്രത്തിലൂടെ എം. മോഹനന്‍ നമുക്ക് കാണിച്ചു തരുന്നത്. നന്മയും സ്‌നേഹവുമുള്ള അദ്ധ്യാപകന് സമൂഹ ത്തിലും കുട്ടികളിലും എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും എന്നതിന്‍റെ ഉദാഹരണമാണ് മാണിക്യക്കല്ല്.
നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, ജഗദീഷ്, മണിയന്‍പിള്ള രാജു, സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദേവന്‍, പി. ശ്രീകുമാര്‍, കെ. പി. എ. സി. ലളിത, ബിന്ദു പണിക്കര്‍, കുളപ്പുള്ളി ലീല, കോട്ടയം നസീര്‍, അനൂപ് ചന്ദ്രന്‍, കൊച്ചു പ്രേമന്‍, മനുരാജ്, ജോബി, ശശി കലിംഗ, മുന്‍ഷി വേണു, മുത്തുമണി, ദീപിക, ജാനറ്റ് തുടങ്ങിയ ഒരു വലിയ താര നിര യോടൊപ്പം ഗാന രചയിതാവ് അനില്‍ പനച്ചൂരാനും സംഗീത സംവിധായകന്‍ എം. ജയചന്ദ്രനും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം പി. സുകുമാര്‍.
ഗൗരീ മീനാക്ഷി മൂവീസിന്‍റെ ബാനറില്‍ എ. എസ്. ഗിരീഷ് ലാല്‍ നിര്‍മ്മിക്കുന്ന മാണിക്യക്കല്ല് മലയാള സിനിമക്ക് നവ ജീവന്‍ നല്‍കും എന്ന് ചലച്ചിത്ര പ്രേമികള്‍ വിശ്വസിക്കുന്നു.
–പി. എം. അബ്ദുല്‍ റഹിമാന്‍