പ്രശസ്ത നിശ്ചല ഛായാഗ്രാഹകനും നടനുമായ എന്. എല്. ബാലകൃഷ്ണന് അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെ തിരുവനന്തപുരം മെഡിക്കല് കോളേജിലായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. കടുത്ത പ്രമേഹ രോഗത്തെ തുടര്ന്ന് ഇരു കാലുകളും ശസ്ത്രക്രിയ ചെയ്തിരുന്നു. ഇതോടൊപ്പം അര്ബുദ രോഗവും ഹൃദ്രോഗവും അദ്ദേഹത്തിന്റെ ആരോഗ്യ നില കൂടുതല് വഷളാക്കുകയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടരയോടെ പ്രൌഡിക്കോണത്തെ ആവുകുളം ശിവാലയം വീട്ടുവളപ്പില് നടത്തും.
1943-ല് തിരുവനന്തപുരം ജില്ലയിലെ പൌഡിക്കോണത്താണ് നാരായണന് ലക്ഷ്മി ബാലകൃഷ്ണന് എന്ന എന്. എല്. ബാലകൃഷ്ണന്റെ ജനനം. 1965-ല് മഹാരാജാസ് സ്കൂള് ഓഫ് ഫൈന് ആര്ട്സില് നിന്ന് പെയ്ന്റിംഗില് ഡിപ്ലോമ നേടി. പിന്നീട് ഫോട്ടോഗ്രാഫിയിലേക്ക് തിരിഞ്ഞു. കേരള കൌമുദിയില് ഫോട്ടോ ജേര്ണലിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. നിരവധി സിനിമാ മാസികകള്ക്ക് വേണ്ടിയും അദ്ദേഹം സ്വതന്ത്ര ഫോട്ടോഗ്രാഫറായി പ്രവര്ത്തിച്ചിട്ടുണ്ട്. നിശ്ചല ഛായാഗ്രാഹകനായിട്ടാണ് സിനിമാ രംഗത്ത് പ്രവേശിച്ചത്. ജി. അരവിന്ദന്, ജോണ് എബ്രഹാം, പത്മരാജന്, അടൂര് ഗോപാലകൃഷ്ണന്, ഭരതന് തുടങ്ങിയ പ്രശസ്തരായ നിരവധി സംവിധായകര്ക്കൊപ്പം പ്രവര്ത്തിച്ചിട്ടുണ്ട്. 300-ല് പരം ചിത്രങ്ങളുടെ നിശ്ചല ഛായാഗ്രാഹകനായി പ്രവര്ത്തിച്ചിട്ടുണ്ട്.
രാജീവ് അഞ്ചലിന്റെ ‘അമ്മാനം കിളി’ എന്ന കുട്ടികള്ക്കായുള്ള ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു. തന്റെ ആകാരവും താടിയും എല്ലാം എന്. എല്. ബാലകൃഷ്ണനെ സിനിമയില് ശ്രദ്ധേയനാക്കി. കാക്കോത്തിക്കാവിലെ അപ്പൂപ്പന് താടികള്, കൌതുക വാര്ത്തകള്, ഡോ. പശുപതി, തിരക്കഥ തുടങ്ങി 170 ഓളം ചിത്രങ്ങളില് അഭിനയിക്കുകയും ചെയ്തു. പ്രേക്ഷകരില് ചിരി ഉണര്ത്തി യവയായിരുന്നു മിക്ക വേഷങ്ങളും. സത്യന് അന്തിക്കാടിന്റെ പട്ടണപ്രവേശം എന്ന ചിത്രത്തിലെ പക്ഷി നിരീക്ഷകന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. 2012-ല് കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്ര പ്രതിഭാ പുരസ്കാരവും കേരള ലളിതകലാ അക്കാദമിയുടെ ശ്രേഷ്ഠ കലാകാരനുള്ള പുരസ്കാരവും അടക്കം നിരവധി പുരസ്കാരങ്ങള് അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.
ബ്ലാക്ക് ആന്റ് വൈറ്റ് എന്ന പുസ്തകം രചിച്ചിട്ടുള്ള എൻ. എല്. ബാലകൃഷ്ണന്റെ ഷാപ്പു കഥകള് ഏറെ പ്രശസ്തമാണ്. കള്ളു ഷാപ്പിലെ കറികളുടെ രുചിക്കൂട്ടിന്റെ കടുത്ത ആരാധകന് ആയിരുന്നു എന്. എല്. മാധ്യമ ചര്ച്ചകളില് മദ്യപാനികളുടെ അവകാശങ്ങള്ക്ക് വേണ്ടി പലപ്പോഴും വാദിച്ചിരുന്നു. സിനിമയ്ക്കകത്തും പുറത്തുമായി വലിയ ഒരു സൌഹൃദ വലയത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ബാലണ്ണന് എന്നാണ് അദ്ദേഹത്തെ സുഹൃത്തുക്കള് സ്നേഹപൂര്വം വിളിച്ചിരുന്നത്.