ന്യൂഡല്‍ഹി: അന്‍പത്തൊമ്പതാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളിയായ കെ. പി. സുവീരന്‍ സംവിധാനം ചെയ്ത ബാരിയും മറാത്തി ചിത്രമായ ദേവൂളും മികച്ച ചിത്രങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. ദേവൂള്‍ എന്ന മറാത്തി ചിത്രത്തിലെ അഭിനയത്തിന് ഗിരീഷ് കുല്‍ക്കര്‍ണ്ണിയെ മികച്ച നടനായി തിരഞ്ഞെടുത്തു. ഡെര്‍ട്ടി പിക്‍ച്ചര്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള പുരസ്കാരം വിദ്യാബാലന്‍ കരസ്ഥമാക്കി. അന്തരിച്ച പ്രശസ്ത നടി സില്‍ക്ക് സ്മിതയുടെ ജീവിതത്തെ പശ്ചാത്തലമാക്കി നിര്‍മ്മിച്ച ഡെര്‍ട്ടി പിക്‍ചറ് വന്‍ വിജയമായിരുന്നു.
ലിപിയില്ലാത്ത ഭാഷയായ ബ്യാരിയില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യ ചിത്രമാണ് ബ്യാരി. കേരള-കര്‍ണ്ണാടക അതിര്‍ത്തിയിലെ ആളുകള്‍ക്കിടയിലെ സംസാര ഭാഷയാണ് ബ്യാരി.ഈ ചിത്രത്തിലെ നാദിറ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ തൃശ്ശൂര്‍ സ്വദേശിയായ മല്ലിക ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയായി. മലയാളീയായ ഷെറി സംവിധാനം ചെയ്ത ‘ആദിമധ്യാന്ത‘ ത്തിനും പ്രത്യേക പരാമര്‍ശമുണ്ട്. ജനപ്രിയ ചിത്രമായി അഴഗാര്‍ സ്വാമിയിന്‍ കുതിരൈ എന്ന തമിഴ് ചിറ്റ്ഹ തിരഞ്ഞെടുക്കപ്പെട്ടു. ഈ ചിത്രത്തില്‍ അഭിനയിച്ച അപ്പുക്കുട്ടിയാണ് മികച്ച സഹനടന്‍. ആന്റ് വി പ്ലേ ഓണ്‍ ആണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ മികച്ച ചിത്രം.
രഞ്ജിത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പിയാണ് മികച്ച മലയാള ചിത്രം. കുട്ടികള്‍ക്കുള്ള ചിത്രത്തിനുള്ള പുരസ്കാരം ചില്ലര്‍ പാര്‍ട്ടിക്കാണ്. മികച്ച ചലച്ചിത്ര ഗന്ഥമായി ആര്‍.ഡി ബര്‍മന്‍ ദ് മാന്‍ ഓഫ് ദ് മ്യൂസിക് തിരഞ്ഞെടുത്തു. ചലച്ചിത്ര നിരൂപകനുള്ള പുരസ്കാരം ആസ്സാമി എഴുത്തുകാരനായ മനോജ് ഭട്ടാചാര്യക്ക് ലഭിച്ചു. രോഹിണി ഹട്ടങ്കടി അധ്യക്ഷയായ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്.