- ലിജി അരുണ്‍
വായിക്കുക: controversy, mohanlal, relationships
ഇന്ത്യന്‍ റുപ്പിക്ക് ശേഷം രഞ്‌ജിത്ത് ഒരുക്കുന്ന ലീല എന്ന ചിത്രത്തില്‍ ആന്‍ അഗസ്റ്റിന്‍ നായികയാകും എന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തെ മംമ്ത മോഹന്‍ ദാസിനെ ആയിരുന്നു ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുവാനായി നിശ്ചയിച്ചിരുന്നത്. വിവാഹത്തെ തുടര്‍ന്ന് ഉടനെ സിനിമയില്‍ അഭിനയിക്കണ്ട എന്ന് മംമ്ത തീരുമാനിക്കുകയായിരുന്നു. ആര്‍. ഉണ്ണി എഴുതിയ ‘ലീല’ എന്ന ചെറുകഥയാണ് രഞ്‌ജിത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. വിചിത്രമായ ലൈംഗിക വിചാരങ്ങള്‍ ഉള്ള കുട്ടിയപ്പന്‍ ആണ് കേന്ദ്ര കഥാപാത്രം. ഒരു കൊമ്പനാനയുടെ തുമ്പിക്കയ്യില്‍ ചാരിനിര്‍ത്തി പെണ്‍കുട്ടിയുമായി രതിയില്‍ ഏര്‍പ്പെടുക എന്ന കുട്ടിയപ്പന്റെ ആഗ്രഹവും അത് പൂര്‍ത്തിയാക്കുവാനുള്ള അയാളുടെ യാത്രയുമാണ് ‘ലീല’യുടെ കഥാ തന്തു. ആന ഒരു പ്രധാന കഥാപാത്രാണ് ഈ ചിത്രത്തില്‍. ക്ലൈമാക്സില്‍ കുട്ടിയപ്പനും ലീലയും നഗ്നരായി ആനയുടെ തുമ്പിക്കയ്യിനിടയില്‍ നില്‍ക്കുന്നത് തന്നെ ആയിരിക്കും സംവിധായകനെ സംബന്ധിച്ച് പ്രധാന വെല്ലുവിളി.
എത്സമ്മ എന്ന പെണ്‍കുട്ടി എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന ആന്‍ അഗസ്റ്റിന്‍ പിന്നീട് പൃഥ്വിരാജിനൊപ്പം അര്‍ജ്ജുനന്‍ സാക്ഷി എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ലീലയിലേത് ഏറേ അഭിനയ സാധ്യത ഉള്ള കഥാപാത്രമാണ്. കുട്ടിയപ്പനായി അഭിനയിക്കുന്നത് രഞ്‌ജിത്തിന്റെ ശിഷ്യനും ഉറുമി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണനാണ്. തിലകന്‍, നെടുമുടി വേണു എന്നിവര്‍ക്കൊപ്പം നിരവധി നാടക കലാകാരന്മാരും ചിത്രത്തില്‍ അഭിനയിക്കും. കാപിറ്റോള്‍ തിയേറ്റര്‍ നിര്‍മ്മിക്കന്ന ‘ലീല’ യുടെ ഛായാഗ്രാഹകന്‍ വേണുവാണ്. കോട്ടയം, എറണാകുളം, വയനാട് എന്നിവടങ്ങളില്‍ ആയിരിക്കും സിനിമയുടെ ചിത്രീകരണം. ഫെബ്രുവരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നിശ്ചയിച്ചിരിക്കുന്നത്.
- എസ്. കുമാര്‍
വായിക്കുക: actress, ann, controversy, filmmakers
ലാഹോര്‍ : പ്രേക്ഷകരെ വഴി തെറ്റിക്കുന്ന തരത്തിലുള്ള ആശയങ്ങള്‍ പറയുന്നു എന്നാരോപിച്ച് ദ ഡേര്‍ട്ടി പിക്ചര്‍ എന്ന ബോളിവുഡ് ചിത്രം പാക്കിസ്ഥാന്‍ സെന്‍സര്‍ ബോര്‍ഡ് നിരോധിച്ചു. എണ്‍പതുകളിലെ ഗ്ലാമര്‍ താരമായിരുന്ന സില്‍ക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി മിലന്‍ ലുദിരിയ സംവിധാനം ചെയ്ത ചിത്രത്തില്‍ വിദ്യാ ബാലനാണ് സില്‍ക് സ്മിതയുടെ വേഷം ചെയ്യുന്നത്. നസറുദീന്‍ ഷാ, ഇംമ്രാന്‍ ഹാഷ്മി, തുഷാര്‍ കപൂര്‍ എന്നിവരാണ് ചിത്രത്തിലെ നായകന്മാര്‍.
-
വായിക്കുക: controversy, vidya-balan
നാല്‍പ്പതു വര്‍ഷങ്ങള്‍ക്കേറെ കാലത്തിനു ശേഷം പരസ്പരം കണ്ടു മുട്ടുന്ന കമിതാക്കള്‍. കാലം ഏറെ കഴിഞ്ഞിട്ടും ജീവിതത്തില്‍ ഏറെ മാറ്റങ്ങള്‍ വന്നിട്ടും ഏറെയൊന്നും മാറിയിട്ടില്ല എന്ന തിരിച്ചറിവില്‍ തങ്ങളുടെ പ്രണയത്തിന് പുതിയ ജീവനും മാനവും നല്‍കുകയാണിവര്‍ “ഇന്നസെന്‍സ്” എന്ന ഓസ്ട്രേലിയന്‍ ചലച്ചിത്രത്തില്‍. ബ്ലെസിയുടെ “പ്രണയം” ഈ പോള്‍ കോക്സ് ചിത്രത്തിന്റെ പകര്‍പ്പാണ് എന്ന കാരണത്താലാണ് ഇന്ത്യന്‍ പനോരമയില്‍ നിന്നും പുറംതള്ളപ്പെട്ടത്.
ചിത്രത്തില്‍ നായികയായി ജൂലിയ ബ്ലേക്ക് വേഷമിടുമ്പോള്‍ ഇവരുടെ കാമുകനായി ചാള്‍സ് ടിംഗ് വെലും നായികയുടെ ഭര്‍ത്താവായി ടെറി നോറിസും അഭിനയിച്ചിരിക്കുന്നു.
യുവത്വത്തിന്റെ നിറവില്‍ അനുഭവിച്ച രതി ഇരുവരുടെയും ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കുന്നു. പരമ്പരാഗത സദാചാര ബോധത്തിന്റെ വിലക്കുകള്‍ തൃണവല്‍ ഗണിച്ച് സ്വന്തം മനസിനൊപ്പം സഞ്ചരിക്കാന്‍ ഇവര്‍ തീരുമാനിക്കുന്നു. വാര്‍ദ്ധക്യത്തിലെ ഈ പ്രണയത്തില്‍ അമ്പരക്കുന്ന ഇരുവരുടെയും മക്കള്‍ ഇവരുടെ പ്രണയത്തിന്റെ തീവ്രത മനസ്സിലാക്കുന്നു. അപ്രതീക്ഷിതമായി തിരികെ ലഭിച്ച തീവ്രമായ പ്രണയത്തില്‍ ഇവര്‍ ജീവിതത്തിന്റെ നിറവ് അനുഭവിക്കുകയും, പ്രായത്തിന്റെ പരിമിതികള്‍ അറിയാതെ ഇവരുടെ ജീവിതം രതിയുടെ വന്യമായ ആഘോഷമാകുകയും ചെയ്യുന്നു.
എഴുപതുകാരിയായ താന്‍ തന്റെ കാമുകനോടൊപ്പം ഒരു രാത്രി പങ്കിട്ടുവെന്ന് ഭര്‍ത്താവിനോട് അടുത്ത ദിവസം ചെന്ന് പറയുന്ന ഭാര്യയും, താന്‍ കാമുകനുമായി രതിയില്‍ ഏര്‍പ്പെട്ടുവെന്ന് വിശ്വസിക്കാന്‍ തയ്യാറാവാത്ത ഭര്‍ത്താവിനോട് താന്‍ ആദ്യമായി സ്വയം തിരിച്ചറിഞ്ഞു എന്ന് പറയുന്ന ഭാര്യയെ ഒരു അപരിചിതയെ കാണുന്നത് പോലെ നോക്കി നില്‍ക്കുന്ന ഭര്‍ത്താവും, തന്റെ ചെറുപ്പത്തിലെ കാമുകിയെ തനിക്ക് വീണ്ടും ലഭിച്ചുവെന്നും തങ്ങള്‍ വീണ്ടും പ്രണയത്തിലായി എന്നും ചുറുചുറുക്കോടെ മകളോട് പറയുന്ന എഴുപതുകാരനായ നായകനും, ചിരിച്ചു കൊണ്ട് അച്ഛന്റെ പ്രണയം ചര്‍ച്ച ചെയ്യുന്ന മകളും, അച്ഛനെ വഞ്ചിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ല എന്നും എന്നാല്‍ നിയമങ്ങള്‍ അനുസരിക്കുകയും സ്വയം നിയന്ത്രിച്ച് ജീവിതത്തില്‍ ശരിക്കും പ്രധാനമായ കാര്യങ്ങളെ വേണ്ടെന്ന് വെയ്ക്കാനും എപ്പോഴും കഴിയില്ല എന്നും, തന്നെ മനസ്സിലാക്കണം എന്നും മകനോട് പറയുമ്പോള്‍ തനിക്ക് മനസ്സിലാക്കാന്‍ കഴിയും എന്ന് വ്യക്തമാക്കിക്കൊണ്ട് ഇനിയും ഒന്നും പറയേണ്ട എന്ന് പറഞ്ഞ് അമ്മയെ മാറോട് ചേര്‍ത്ത് സമാധാനിപ്പിക്കുന്ന മകനും – ഇതൊന്നും ഇന്നസെന്‍സ് എന്ന ചിത്രം മലയാളത്തിലേക്ക് മാറ്റി എടുത്തവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ ആവുന്നതിലും അപ്പുറമായിരിക്കാം.
അതാവാം പരമ്പരാഗത സദാചാര മൂല്യങ്ങള്‍ക്ക് അകത്തു തന്നെ എല്ലാം ഒതുങ്ങണം എന്ന് “പ്രണയം” മാറ്റി എഴുതുമ്പോള്‍ ഇവര്‍ തീരുമാനിച്ചത്. ഇതിനു വേണ്ടിയാവണം പ്രണയം ഉത്സവമാക്കിയവരെ വിവാഹം കഴിപ്പിച്ചതും വിവാഹ മോചനം ചെയ്യിപ്പിച്ചതും. മകനോട് അമ്മ ഉപേക്ഷിച്ചു പോയതാണ് എന്ന് പറഞ്ഞ് പ്രേക്ഷകരുടെ സെന്റിമെന്റ്സ് ഉറപ്പാക്കുകയും ചെയ്തു. അച്ഛനമ്മമാരുടെ വയസു കാലത്തെ പ്രേമം തങ്ങള്‍ക്ക് നാണക്കേടാണ് എന്നൊക്കെ മക്കളെ കൊണ്ട് പറയിപ്പിക്കുക കൂടി ചെയ്തത് മലയാളി സമൂഹം ദുഷിച്ചു തന്നെ ഇരിക്കണം എന്ന നിര്‍ബന്ധ ബുദ്ധിയോടു കൂടി തന്നെയാവണം. മനസും ശരീരവും വര്‍ഷങ്ങള്‍ക്ക് മുന്‍പ് അടുത്തറിഞ്ഞ ഇവര്‍ ആദ്യമായൊരു ഇടിമിന്നലിന്റെ സഹായത്തോടെയാണ് പരസ്പരം സ്പര്‍ശിക്കുന്നത്. വിലക്കപ്പെട്ട സ്പര്‍ശനം ആയതിനാലാവാം നായികയ്ക്ക് ഹൃദയസ്തംഭനം വന്ന് നിമിഷങ്ങള്‍ക്കകം നായകന്റെ കൈകളില്‍ തന്നെ മരണമടയുകയും ചെയ്യുന്നു. സദാചാര മതിലുകള്‍ക്കൊന്നും ഇളക്കം തട്ടാത്ത ഒരു ബ്ലെസി മോഡല്‍ പര്യവസാനം.
സായിപ്പിന്റെ ചിന്താഗതി മലയാളിക്ക് ദഹിക്കില്ല എന്ന് പറയാന്‍ വരട്ടെ. കൈകാര്യം ചെയ്യാന്‍ തന്റേടമില്ലെങ്കില്‍ എന്തിന് സമൂഹത്തെ ദുഷിപ്പിക്കുന്ന ഇത്തരം തട്ടിപ്പിന് മുതിരണം എന്നതാണ് രണ്ടു ചിത്രങ്ങളും കണ്ടു കഴിയുമ്പോള്‍ മനസ്സില്‍ ഉയരുന്ന ചോദ്യം.
- ജെ.എസ്.
വായിക്കുക: controversy, filmmakers, mohanlal, world-cinema
അടൂര്‍ ഗോപാലകൃഷ്ണന് പുതിയ കാലത്തിനനുസരിച്ച ചിത്രങ്ങളെടുക്കുന്നതില് പരാജയപ്പെടുകയാണെന്ന് പ്രശസ്ത ബ്രിട്ടീഷ് ചലച്ചിത്ര നിരൂപകന് ഡെറിക് മാല്ക്കത്തിന്റെ വിമര്ശനം. ‘നാലു പെണ്ണുങ്ങള് ‘, ‘ഒരു പെണ്ണും രണ്ടാണും’ എന്നീ ചിത്രങ്ങള്‍ വര്ത്തമാന കാലത്തോട് പുറം തിരിഞ്ഞു നില്ക്കുകയാണെന്നും സമകാലിക വിഷയങ്ങള് കൈകാര്യം ചെയ്യുന്ന കാര്യത്തില് അടൂര്‍ ഏറെ പിന്നോട്ട് പോയെന്നും അതിനാല്‍ അവസാനം ഇറങ്ങിയ രണ്ടു ചിത്രങ്ങളും നല്ലതായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സിനമകള് പ്രമേയപരമായ പ്രതിസന്ധിയിലാണ്, നിരൂപകനെന്ന നിലയിലും ആസ്വാദകനെന്ന നിലയിലും ഇനി തന്റെ പ്രതീക്ഷ യുവ തലമുറയിലാണ് ഡെറിക് മാല്‍കം പറഞ്ഞു. മലയാളം, ബംഗാളി ചലച്ചിത്രങ്ങള്ക്ക് അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുക്കുന്നതില് പ്രധാന പങ്കുവഹിച്ച ഇദ്ദേഹം ഇന്ന് ജീവിച്ചിരിക്കുന്ന ചലച്ചിത്ര നിരൂപകരില് ഏറ്റവും പ്രശസ്തനാണ്. ഇപ്പോള്‍ ഡെറിക് മാല്‍കം അന്താരാഷ്ട്ര ഫിലിം ക്രിട്ടിക് അസോസിയേഷന് പ്രസിഡന്റാണ്
-
വായിക്കുക: controversy, film-festival, filmmakers, relationships, world-cinema