മലയാള സിനിമ പ്രതിസന്ധിയില്‍ ആണെന്ന ചര്‍ച്ച മുറുകിയിരിക്കുന്ന സമയത്ത് തന്നെയാണ് പഴയ ഹിറ്റ് സിനിമകള്‍ വീണ്ടും പടച്ചു വിടുന്നത്. നീലത്താമരയില്‍ തുടങ്ങി രതിനിര്‍വേദത്തില്‍ എത്തി നില്‍ക്കുന്ന ഈ ട്രെന്‍ഡ് മലയാള സിനിമക്ക് എന്ത് ഗുണമാണ് ചെയ്യുക എന്ന് മനസിലാകുന്നില്ല. അത്യാവശ്യം സെക്സ് അടങ്ങിയ ഇരുപതോളം പഴയ ചിത്രങ്ങള്‍ ഇനിയും പുറത്ത് വരാന്‍ പോകുന്നു എന്നാണു കേള്‍ക്കുന്നത്.
നല്ല സിനിമയുടെ വക്താവ് എന്ന പേര് സമ്പാദിക്കാന്‍ ഒരുങ്ങി പരാജിതനായ ടി. കെ. രാജീവ് കുമാര്‍ പഴയ ഭരതന്‍ ചിത്രം ഒരുക്കി വീണ്ടും പരാജിതനാകുന്നു എന്ന കാര്യം പറയാതെ വയ്യ. സാമ്പത്തികമായി ഈ ചിത്രം വിജയം കൈവരിച്ചേക്കാം. അതിനു കാരണം എന്താണെന്ന് ഇവിടെ വിവരിക്കാതെ തന്നെ ഏവര്‍ക്കും മനസിലാക്കാം. ഇനി അവളുടെ രാവുകളും അതു പോലുള്ള പഴയ പല ചിത്രങ്ങളും അതേ പേരിലോ മറ്റു പേരിലോ പുനര്‍ജ്ജനിക്കാനിരിക്കുന്നു.
മലയാള സിനിമ പ്രതിഭാ ദാരിദ്ര്യം നേരിടുന്നു എന്ന സത്യം ഇനിയും നാം മറച്ചു വെച്ച്, കഥകളില്ല, സൂപ്പര്‍ സ്റ്റാറുകളുടെ അപ്രമാദിത്വം എന്നൊന്നും മുറവിളി കൂട്ടിയിട്ട് കാര്യമില്ല. കച്ചവടത്തിനപ്പുറം സിനിമയെ ഒരു കലാരൂപമായി കാണുന്നവര്‍ സിനിമാ രംഗത്തും പ്രേക്ഷകരിലും കുറഞ്ഞു വരികയാണ്. നമ്മുടെ ദൃശ്യ സംസ്കാരം പാടെ മാറ്റപ്പെടുന്നു. സിനിമ എന്ന കല കേവലം ഒരു വിനോദോപാധി മാത്രമായി കണ്ടു കൊണ്ട് പടച്ചുണ്ടാക്കുന്ന തട്ടിക്കൂട്ട് സിനിമകളുടെ അതിപ്രസരമാണ് ഇത്തരം റീമേക്ക് തലത്തിലേക്ക് തരം താഴാന്‍ കാരണം.
ഒരു കാലത്ത് മലയാള സിനിമ ഇന്ത്യന്‍ സിനിമകളില്‍ തലയുയര്‍ത്തി നിന്നിരുന്നു. ഇടക്കാലത്ത് ചില ചീത്തപ്പേര് കേള്‍പ്പിക്കുന്ന ഒരു കാലം മലയാള സിനിമയെ പിടികൂടി. അന്യ സംസ്ഥാനങ്ങളില്‍ നൂണ്‍ ഷോകള്‍ക്ക് മാത്രം മലയാള സിനിമയെ പ്രദര്‍ശിപ്പിക്കുന്ന ആ പരിതാപകരമായ അവസ്ഥയില്‍ നിന്നും മലയാള സിനിമ വീണ്ടും തലയുയര്‍ത്തി വന്നതായിരുന്നു. എന്നാല്‍ മീശ പിരിക്കാന്‍ തുടങ്ങിയതോടെ വീണ്ടും മലയാള സിനിമയുടെ ഗ്രാഫ് താഴാന്‍ തുടങ്ങി. ഇപ്പോഴിതാ പഴയ ഹിറ്റുകള്‍ വീണ്ടും വെള്ളിത്തിരയില്‍ എത്തിച്ച് പ്രേക്ഷകരെ ഇക്കിളിപ്പെടുത്താന്‍ രതിനിര്‍വേദങ്ങളും, അവളുടെ രാവുകളും എത്തുന്നു. ഈ പോക്ക് വീണ്ടും താഴ്ചയിലേക്ക് തന്നെയാണ്. ടി. ഡി. ദാസന്‍, ആത്മകഥ, ആദമിന്റെ മകന്‍ അബു, തകരച്ചെണ്ട, പ്രാഞ്ചിയേട്ടന്‍… എന്നിങ്ങനെ വളരെ കുറച്ചു ചിത്രങ്ങള്‍ മാത്രമാണ് ഈ അടുത്ത കാലത്ത് മലയാളത്തിന്റെ പ്രതീക്ഷ ഉയര്‍ത്തുന്ന തരത്തില്‍ വന്നത്. രതിനിര്‍വേദം പോലുള്ള സിനിമകള്‍ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് കൂടി രാജീവ് കുമാറിനെ പോലുള്ള സംവിധായകര്‍ പറയാന്‍ ബാധ്യസ്ഥരാണ്. മലയാള സിനിമയുടെ വളര്‍ച്ചക്ക് നാം ഒരുക്കി വെച്ച ചില താര സങ്കല്പങ്ങള്‍ ഒരു വിലങ്ങു തടിയായി നിലനില്‍ക്കുന്നു എന്ന സത്യത്തെ ഇവിടെ വിസ്മരിക്കുന്നില്ല. പക്ഷെ പ്രതിഭാധനരായ സംവിധായകരുടെ അഭാവം മലയാള സിനിമയെ കാര്‍ന്നു തിന്നുന്നു എന്ന സത്യം നമ്മുടെ സംവിധായകരെങ്കിലും മലാസിലാക്കട്ടെ.
നമുക്ക് പഴ സിനിമകളുടെ പുനരാവിഷ്കരണമല്ല വേണ്ടത്. പുതിയ ചിന്ത, പുതിയ പരീക്ഷണങ്ങള്‍, കാഴ്ചയുടെ പുതിയ തലം, അതിനായി ഒരു പുതു തലമുറ രംഗത്ത് വരട്ടെ. സിനിമയുടെ മര്‍മ്മം അറിയുന്നവരുടെ പിന്മാറ്റം മതിയാക്കി അവരും രംഗത്ത് സജീവമായാല്‍ കുറെയൊക്കെ പ്രതിസന്ധികള്‍ ഇല്ലാതാക്കാം. മലയാള സിനിമ ഒരു പുതു വസന്തം കൊതിക്കുന്നു. അതിലേക്കുള്ള ചുവടു വെപ്പിനെ തകര്‍ക്കാനേ പുതിയതൊന്നും ഇല്ലാത്ത ഇത്തരം രതിനിര്‍വേദങ്ങള്‍ക്ക് കഴിയൂ.
– ഫൈസല്‍ ബാവ