
- ലിജി അരുണ്‍
വായിക്കുക: controversy, mohanlal, relationships
ഉദയനാണു താരം സിനിമയിലെ നായകന്‍ സരോജ് കുമാറിന്റെ തിരക്കഥയില്‍ സന്തോഷ് പണ്ഡിറ്റിന്റെ സംവിധാനത്തില്‍ ഒരു ചലച്ചിത്ര വൈകല്യം പിറന്നാല്‍ എങ്ങിനെ ഇരിക്കും എന്ന് ആര്‍ക്കെങ്കിലും ഒരു കൌതുകം തോന്നിയാല്‍ പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്ന ചിത്രം കണ്ടാല്‍ മതിയെന്നാണ് ആസ്വാദകനു തോന്നുന്നത്. അടുത്ത കാലത്തൊന്നും ഇത്രയും മോശം തിരക്കഥയുമായി ഒരു മലയാള സിനിമ ഇറങ്ങിയിട്ടുണ്ടാവില്ല.
സന്തോഷ് പണ്ഡിറ്റ്
നിരവധി ഹിറ്റു ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി പ്രതിഭ തെളിയിച്ച ശ്രീനിവാസന്‍ വയസ്സാം കാലത്ത് സന്തോഷ് പണ്ഡിറ്റിനു പഠിക്കുകയാണോ എന്ന് പ്രേക്ഷകനു സംശയം തോന്നിയാല്‍ ഒട്ടും അതിശയിക്കേണ്ടതില്ല. സന്ദേശവും, വടക്കു നോക്കി യന്ത്രവും, ചിന്താവിഷ്ടയായ ശ്യാമളയും, ഉദയനാണ് താരവുമെല്ലാം രചിച്ച ശ്രീനിവാസന്റെ പ്രതിഭക്ക് ജരാനര ബാധിച്ചു എന്ന് ഒരുനാള്‍ വരും എന്ന മോഹന്‍ലാല്‍ ചിത്രം പ്രേക്ഷകനു വ്യക്തമായ സൂചന നല്‍കിയിരുന്നു. ആ മുന്നറിയിപ്പിനെ വക വെക്കാതെ പണവും സമയവും മുടക്കി തിയേറ്ററില്‍ എത്തുന്നവര്‍ക്ക് ഈ ദുരന്ത സത്യം നേരിട്ടനുഭവിക്കാം. തിരക്കഥാ കൃത്തിന്റെ സ്ഥാനം സംവിധായകനേക്കാള്‍ മുകളിലാണെന്ന് സ്വയം വ്യക്തമാക്കുന്ന ടൈറ്റില്‍ കാര്‍ഡ് ഒരു സൂചകമാണ്. അതായത് ഈ വങ്കത്തരത്തില്‍ സംവിധായകനേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്വം തിരക്കഥാകൃത്തിനു തന്നെ എന്ന്.
കറുത്ത ഹാസ്യം എന്നത് ഒരു കാലത്ത് ശ്രീനിവാസന്റെ രചനകളുടെ മുഖമുദ്രയായിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ ശുദ്ധ വളിപ്പിനെ “കൂതറയില്‍ മുക്കിയെടുത്ത്“ സ്ഥാനത്തും അസ്ഥാനത്തും വിളമ്പിയിരിക്കുന്നു. സൂപ്പര്‍ താരങ്ങളെ ലക്ഷ്യമിട്ട് മലയാള സിനിമയിലെ ആനുകാലിക സംഭവങ്ങളെയെല്ലാം ചേര്‍ത്ത് ഇടതടവില്ലാതെ എന്തൊക്കെയോ പറയുവാനും കാണിക്കുവാനും ശ്രമിക്കുന്നുണ്ട് ഈ ചിത്രത്തില്‍. സൂപ്പര്‍ താരങ്ങളെ ലക്ഷ്യമിട്ടെന്ന വണ്ണം ആദായ നികുതി റെയ്ഡിനെയും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. റെയ്ഡില്‍ പിടിച്ചെടുക്കുന്ന കാളക്കൊമ്പ് ആനക്കൊമ്പാണെന്ന് പറയണം ഇല്ലെങ്കില്‍ അത് തന്റെ ഇമേജിനെ ബാധിക്കും എന്ന് പറയുന്ന നായകന്‍. ലഫ്റ്റനെന്റ് പദവി ലഭിക്കുമ്പോള്‍ കാട്ടിക്കൂട്ടുന്ന “പരാക്രമങ്ങള്‍” ഇതെല്ലാം ആരെയാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തം. പൃഥ്‌വിരാജിന്റെയും സുപ്രിയാ പൃഥ്‌വിരാജിന്റെയും ഒരു ഇന്റര്‍വ്യൂവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയായില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു ഡയലോഗാണ് ദക്ഷിണേന്ത്യയില്‍ ഇംഗ്ലീഷ് പറയുന്ന നടന്‍ എന്നത്. ഈ ചിത്രത്തില്‍ സരോജ് കുമാറിന്റെ പരിഹാസ വാചകത്തില്‍ അതും തിരുകുവാന്‍ ശ്രീനിവാസന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. വിമര്‍ശനമെന്നാല്‍ വെറും വളിപ്പല്ലെന്ന് അറിയാത്ത ആളല്ല ശ്രീനിവാസന്‍ എന്നതാണ് ഈ ചിത്രം കാണുന്നവനെ കൂടുതല്‍ ദുഖിപ്പിക്കുന്നത്. രതിനിര്‍വ്വേദത്തെ പോലെ റീമേക്ക് ചിത്രങ്ങളെ പരിഹസിക്കുന്ന തിരക്കഥാകാരന്‍ രണ്ടു കാലും മന്തുള്ളവന്‍ ഉണ്ണി മന്തുള്ളവനെ പരിഹസിക്കുന്ന പഴമൊഴിയെ ഓര്‍മ്മപ്പെടുത്തുന്നു.
ഉദയനാണ് താരത്തിലെ ചില കഥാപാത്രങ്ങളെ എടുത്ത് ആ കഥയുടെ തുടര്‍ച്ചയെന്നോണം തട്ടിക്കൂട്ടിയ പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാറിന് രതിനിര്‍വ്വേദങ്ങളുടെ പുനരവതാരത്തെ പരിഹസിക്കുവാന്‍ യാതൊരു അര്‍ഹതയുമില്ല. പുതുമുഖ സംവിധായകന്‍ ആയിരിന്നിട്ടു കൂടി ഉദയനാണു താരത്തെ വന്‍ വിജയമായ കൊമേഴ്സ്യല്‍ ചിത്രമാക്കിയ സംവിധായകനാണ് റോഷന്‍ ആന്‍ഡ്രൂസ്. ഉദയനാണ് താരത്തിന്റെ രണ്ടാം ഭാഗമെന്ന പേരില്‍ വന്നിരിക്കുന്ന ചലച്ചിത്ര ഗോഷ്ടി സംവിധാനം ചെയ്തിരിക്കുന്നതും ഒരു പുതുമുഖ സംവിധായകന്‍ തന്നെ – സജിന്‍ രാഘവന്‍. സജിന്‍ രാഘവനു മേലില്‍ സംവിധായകന്റെ മേലങ്കി അണിയുവാന്‍ ജീവിതത്തില്‍ ഒരു അവസരം ലഭിക്കുകയാണെങ്കില്‍ ഈ പണിക്കിറങ്ങും മുമ്പ് തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും. ഒരുനാള്‍ വരും, സാഗര്‍ ഏലിയാസ് ജാക്കി, എയ്‌ഞ്ചല്‍ ജോണ്‍, ഡബിള്‍സ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് കോടികള്‍ ഇറക്കുവാന്‍ പ്രോഡ്യൂസേഴ്സ് മുന്നോട്ടു വരുന്ന മലയാള സിനിമയില്‍ തീര്‍ച്ചയായും സജിനു പ്രതീക്ഷയര്‍പ്പിക്കാം. അവസരം ലഭിക്കാതിരിക്കില്ല.
ചുരുങ്ങിയ കാലം കൊണ്ട് വിനീത് ശ്രീനിവാസന്‍ ഉണ്ടാക്കിയെടുത്ത ഇമേജും ഈ ചിത്രത്തിലൂടെ കളഞ്ഞു കുളിക്കുന്നുണ്ട്. അച്ഛനും മകനും കൂടി പ്രേക്ഷകനെ ബോറടിപ്പിക്കുന്നതില്‍ മത്സരിക്കുന്നതായാണ് പലപ്പോഴും അനുഭവപ്പെടുന്നത്. ഈ ചിത്രം വിനീത് എന്ന യുവ നടന് സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധിക്കേണ്ടതിനെ പറ്റി ചിന്തിക്കുവാനുള്ള അവസരമാണ്. മമതാ മോഹന്‍ ദാസ് ഈ ചിത്രത്തില്‍ നായികയായി പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാല്‍ ചുമ്മാ സരോജ് കുമാറിനെ കുറ്റം പറയുവാനായി ഇടവിട്ടിടവിട്ട് പ്രത്യക്ഷപ്പെടുന്നു എന്നതിനപ്പുറം യാതൊന്നും ഈ കഥാപാത്രത്തിനു ചെയ്യാനില്ല.
മലയാള സിനിമയെ “ശുദ്ധീകരിക്കുക” എന്ന ദൌത്യമാണ് ശ്രീനിവാസന്‍ ഈ ചിത്രത്തിലൂടെ ഏറ്റെടുക്കുന്നതെങ്കില്‍ ആദ്യം ചെയ്യേണ്ടത് ഇത്തരം തിരക്കഥ എഴുതുന്ന സ്വന്തം തൂലികയെ കുപ്പയില്‍ ഇടുക എന്നതു തന്നെയാണ്. ആദ്യം അവിടെ നിന്നാകട്ടെ ശുദ്ധീകരണം. മാലിന്യങ്ങള്‍ കൊണ്ട് പൊറുതി മുട്ടിയ കേരളത്തില്‍ ഇപ്പോള്‍ ചലച്ചിത്ര മാലിന്യങ്ങളും നിറഞ്ഞു കൊണ്ടിരിക്കുന്നു. അതില്‍ സൂപ്പര്‍ മാലിന്യങ്ങള്‍ മുതല്‍ സന്തോഷ് മാലിന്യം വരെ ഉണ്ട്. ഈ മാലിന്യ കൂമ്പാരത്തില്‍ നിന്നും അകന്നു നില്‍ക്കുവാന്‍ പ്രേക്ഷകന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നിവൃത്തി ഇല്ലാഞ്ഞിട്ടോ അല്ലെങ്കില്‍ അബദ്ധത്തിലോ ചിലര്‍ അതില്‍ വീഴുന്നുമുണ്ട്. ഇത്തരം മാലിന്യങ്ങള്‍ കൊണ്ട് ആകെ പ്രയോജനം ഉണ്ടാകുന്നത് സിനിമയുടെ പേരില്‍ ജീവിക്കുകയും, ഗ്രൂപ്പ് കളിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രം. പുതിയ സിനിമകള്‍ വരുന്നു, അവയെ പ്രേക്ഷകന്‍ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നു എന്നത് അറിയാത്ത ആളുകള്‍ അല്ല ഈ സിനിമയുടെ അണിയറയില്‍ ഉള്ളവര്‍ എന്നിട്ടും ഇത്തരം മാലിന്യത്തെ പ്രേക്ഷകരുടെ മുന്നിലേക്ക് യാതൊരു ഉളുപ്പുമില്ലാതെ തള്ളുന്നത് ഒന്നുകില്‍ ശുദ്ധ അഹങ്കാരം അല്ലെങ്കില്‍ പ്രേക്ഷകനോടുള്ള വെല്ലുവിളി എന്ന നിലയിലേ ഈയുള്ളവന്‍ കാണുന്നുള്ളൂ.
സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാറിന്റെ കോപ്രായങ്ങള്‍ കണ്ട് ആര്‍ത്തു ചിരിക്കുവാന്‍ പ്രതീക്ഷിച്ച് തിയേറ്ററില്‍ എത്തുന്നവര്‍ ആദ്യ പകുതിയില്‍ തന്നെ നിരാശപ്പെടുന്നു. വെക്കടാ വെടി എന്ന പേരില്‍ സരോജ് കുമാറിന്റെ ഒരു ചിത്രത്തിന്റെ പേരുണ്ട് ഈ സിനിമയില്‍. ഒടുവില്‍ ചിത്രം കണ്ടിറങ്ങുമ്പോള്‍ പ്രേക്ഷകന്‍ പറയുന്നതും മറ്റൊന്നുമല്ല. വെക്കടാ വെടി എന്ന് തന്നെ. പക്ഷെ അത് ആരുടെ നെഞ്ചത്തോട്ട് എന്നതാണ് പ്രശ്നം. കഥാകൃത്തിന്റേയോ,സംവിധായകന്റേയോ, നിര്‍മ്മാതാവിന്റേയോ അതോ തന്റെ തന്നെയോ?
– ആസ്വാദകന്‍
- ന്യൂസ് ഡെസ്ക്
വായിക്കുക: aswadakan, filmmakers, mammootty, mamta-mohandas, mohanlal
നവാഗതനായ സുധി അന്ന സംവിധാനം ചെയ്യുന്ന സോംങ് ഓഫ് സോളമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ശബ്ദസാന്നിദ്ധ്യം. ലാലിന്റെ ശബ്ദത്തോടെയാണ് ചിത്രം തുടങ്ങുന്നത്. ശബ്ദം നല്‍കുന്നു എങ്കിലും ഈ ചിത്രത്തില്‍ ലാല്‍ അഭിനയിക്കുന്നില്ല. പ്രണയത്തിന്റെ തീവ്രാനുഭവം പറയുന്ന സോംങ് ഓഫ് സോളമനില്‍ സാം ജീവനും ദിവ്യാ ദാസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം രാഗേഷ് നാരായണന്‍, 2012 ജനുവരിയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും
-
വായിക്കുക: mohanlal
നാല്‍പ്പതു വര്‍ഷങ്ങള്‍ക്കേറെ കാലത്തിനു ശേഷം പരസ്പരം കണ്ടു മുട്ടുന്ന കമിതാക്കള്‍. കാലം ഏറെ കഴിഞ്ഞിട്ടും ജീവിതത്തില്‍ ഏറെ മാറ്റങ്ങള്‍ വന്നിട്ടും ഏറെയൊന്നും മാറിയിട്ടില്ല എന്ന തിരിച്ചറിവില്‍ തങ്ങളുടെ പ്രണയത്തിന് പുതിയ ജീവനും മാനവും നല്‍കുകയാണിവര്‍ “ഇന്നസെന്‍സ്” എന്ന ഓസ്ട്രേലിയന്‍ ചലച്ചിത്രത്തില്‍. ബ്ലെസിയുടെ “പ്രണയം” ഈ പോള്‍ കോക്സ് ചിത്രത്തിന്റെ പകര്‍പ്പാണ് എന്ന കാരണത്താലാണ് ഇന്ത്യന്‍ പനോരമയില്‍ നിന്നും പുറംതള്ളപ്പെട്ടത്.
ചിത്രത്തില്‍ നായികയായി ജൂലിയ ബ്ലേക്ക് വേഷമിടുമ്പോള്‍ ഇവരുടെ കാമുകനായി ചാള്‍സ് ടിംഗ് വെലും നായികയുടെ ഭര്‍ത്താവായി ടെറി നോറിസും അഭിനയിച്ചിരിക്കുന്നു.
യുവത്വത്തിന്റെ നിറവില്‍ അനുഭവിച്ച രതി ഇരുവരുടെയും ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കുന്നു. പരമ്പരാഗത സദാചാര ബോധത്തിന്റെ വിലക്കുകള്‍ തൃണവല്‍ ഗണിച്ച് സ്വന്തം മനസിനൊപ്പം സഞ്ചരിക്കാന്‍ ഇവര്‍ തീരുമാനിക്കുന്നു. വാര്‍ദ്ധക്യത്തിലെ ഈ പ്രണയത്തില്‍ അമ്പരക്കുന്ന ഇരുവരുടെയും മക്കള്‍ ഇവരുടെ പ്രണയത്തിന്റെ തീവ്രത മനസ്സിലാക്കുന്നു. അപ്രതീക്ഷിതമായി തിരികെ ലഭിച്ച തീവ്രമായ പ്രണയത്തില്‍ ഇവര്‍ ജീവിതത്തിന്റെ നിറവ് അനുഭവിക്കുകയും, പ്രായത്തിന്റെ പരിമിതികള്‍ അറിയാതെ ഇവരുടെ ജീവിതം രതിയുടെ വന്യമായ ആഘോഷമാകുകയും ചെയ്യുന്നു.
എഴുപതുകാരിയായ താന്‍ തന്റെ കാമുകനോടൊപ്പം ഒരു രാത്രി പങ്കിട്ടുവെന്ന് ഭര്‍ത്താവിനോട് അടുത്ത ദിവസം ചെന്ന് പറയുന്ന ഭാര്യയും, താന്‍ കാമുകനുമായി രതിയില്‍ ഏര്‍പ്പെട്ടുവെന്ന് വിശ്വസിക്കാന്‍ തയ്യാറാവാത്ത ഭര്‍ത്താവിനോട് താന്‍ ആദ്യമായി സ്വയം തിരിച്ചറിഞ്ഞു എന്ന് പറയുന്ന ഭാര്യയെ ഒരു അപരിചിതയെ കാണുന്നത് പോലെ നോക്കി നില്‍ക്കുന്ന ഭര്‍ത്താവും, തന്റെ ചെറുപ്പത്തിലെ കാമുകിയെ തനിക്ക് വീണ്ടും ലഭിച്ചുവെന്നും തങ്ങള്‍ വീണ്ടും പ്രണയത്തിലായി എന്നും ചുറുചുറുക്കോടെ മകളോട് പറയുന്ന എഴുപതുകാരനായ നായകനും, ചിരിച്ചു കൊണ്ട് അച്ഛന്റെ പ്രണയം ചര്‍ച്ച ചെയ്യുന്ന മകളും, അച്ഛനെ വഞ്ചിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ല എന്നും എന്നാല്‍ നിയമങ്ങള്‍ അനുസരിക്കുകയും സ്വയം നിയന്ത്രിച്ച് ജീവിതത്തില്‍ ശരിക്കും പ്രധാനമായ കാര്യങ്ങളെ വേണ്ടെന്ന് വെയ്ക്കാനും എപ്പോഴും കഴിയില്ല എന്നും, തന്നെ മനസ്സിലാക്കണം എന്നും മകനോട് പറയുമ്പോള്‍ തനിക്ക് മനസ്സിലാക്കാന്‍ കഴിയും എന്ന് വ്യക്തമാക്കിക്കൊണ്ട് ഇനിയും ഒന്നും പറയേണ്ട എന്ന് പറഞ്ഞ് അമ്മയെ മാറോട് ചേര്‍ത്ത് സമാധാനിപ്പിക്കുന്ന മകനും – ഇതൊന്നും ഇന്നസെന്‍സ് എന്ന ചിത്രം മലയാളത്തിലേക്ക് മാറ്റി എടുത്തവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ ആവുന്നതിലും അപ്പുറമായിരിക്കാം.
അതാവാം പരമ്പരാഗത സദാചാര മൂല്യങ്ങള്‍ക്ക് അകത്തു തന്നെ എല്ലാം ഒതുങ്ങണം എന്ന് “പ്രണയം” മാറ്റി എഴുതുമ്പോള്‍ ഇവര്‍ തീരുമാനിച്ചത്. ഇതിനു വേണ്ടിയാവണം പ്രണയം ഉത്സവമാക്കിയവരെ വിവാഹം കഴിപ്പിച്ചതും വിവാഹ മോചനം ചെയ്യിപ്പിച്ചതും. മകനോട് അമ്മ ഉപേക്ഷിച്ചു പോയതാണ് എന്ന് പറഞ്ഞ് പ്രേക്ഷകരുടെ സെന്റിമെന്റ്സ് ഉറപ്പാക്കുകയും ചെയ്തു. അച്ഛനമ്മമാരുടെ വയസു കാലത്തെ പ്രേമം തങ്ങള്‍ക്ക് നാണക്കേടാണ് എന്നൊക്കെ മക്കളെ കൊണ്ട് പറയിപ്പിക്കുക കൂടി ചെയ്തത് മലയാളി സമൂഹം ദുഷിച്ചു തന്നെ ഇരിക്കണം എന്ന നിര്‍ബന്ധ ബുദ്ധിയോടു കൂടി തന്നെയാവണം. മനസും ശരീരവും വര്‍ഷങ്ങള്‍ക്ക് മുന്‍പ് അടുത്തറിഞ്ഞ ഇവര്‍ ആദ്യമായൊരു ഇടിമിന്നലിന്റെ സഹായത്തോടെയാണ് പരസ്പരം സ്പര്‍ശിക്കുന്നത്. വിലക്കപ്പെട്ട സ്പര്‍ശനം ആയതിനാലാവാം നായികയ്ക്ക് ഹൃദയസ്തംഭനം വന്ന് നിമിഷങ്ങള്‍ക്കകം നായകന്റെ കൈകളില്‍ തന്നെ മരണമടയുകയും ചെയ്യുന്നു. സദാചാര മതിലുകള്‍ക്കൊന്നും ഇളക്കം തട്ടാത്ത ഒരു ബ്ലെസി മോഡല്‍ പര്യവസാനം.
സായിപ്പിന്റെ ചിന്താഗതി മലയാളിക്ക് ദഹിക്കില്ല എന്ന് പറയാന്‍ വരട്ടെ. കൈകാര്യം ചെയ്യാന്‍ തന്റേടമില്ലെങ്കില്‍ എന്തിന് സമൂഹത്തെ ദുഷിപ്പിക്കുന്ന ഇത്തരം തട്ടിപ്പിന് മുതിരണം എന്നതാണ് രണ്ടു ചിത്രങ്ങളും കണ്ടു കഴിയുമ്പോള്‍ മനസ്സില്‍ ഉയരുന്ന ചോദ്യം.
- ജെ.എസ്.
വായിക്കുക: controversy, filmmakers, mohanlal, world-cinema
എം ടി വാസുദേവന്‍ നായരുടെ പ്രശസ്ത നോവലായ രണ്ടാമൂഴം സിനിമയാകുന്നതോടെ ആരാകും കഥാപാത്രങ്ങള്‍ എന്ന കാര്യത്തില്‍ പല ഊഹാപോഹങ്ങള്‍ ഉണ്ടാകുകയാണ്. ആദ്യം ഭീമനായി മോഹന്‍ലാലും ദുര്യോധനനായി മമ്മൂട്ടിയും വരുന്നു എന്നാണു കേട്ടത്. എന്നാല്‍ ദുര്യോധന വേഷത്തില്‍ കമല്‍ഹാസന്‍ എത്തുമെന്നാണ് ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ട്. കര്‍ണ്ണന്‍റെ വേഷത്തിലാകും മമ്മുട്ടി എത്തുക എന്നറിയുന്നു. ലാലിന്‍റെ വേഷത്തില്‍ മാറ്റമില്ല. അങ്ങനെ വന്നാല്‍ എം. ടി – ഹരിഹരന്‍ ടീമിന്റെ ഈ ബിഗ് ബഡ്ജറ്റ് ചിത്രം മൂന്ന് പ്രമുഖ താരങ്ങള്‍ മാറ്റുരക്കുന്ന സിനിമയാകും.
- ലിജി അരുണ്‍
വായിക്കുക: kamal hassan, mammootty, mohanlal