തിരുവനന്തപുരം : തിരുവനന്തപുരത്ത് നടന്നു വന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച സിനിമയ്ക്കുള്ള സുവര്‍ണ്ണ ചകോരം പുരസ്കാരം കൊളംബിയന്‍ ചിത്രമായ “പോര്‍ട്രെയ്റ്റ്സ് ഇന്‍ എ സീ ഓഫ് ലൈസ് ” നേടി. കാര്‍ലോസ് ഗവിരീയ ആണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. രചത ചകോരം “സെഫയര്‍“ എന്ന ടര്‍ക്കി ചിത്രത്തിനാണ്. “ദ ലാസ്റ്റ് സമ്മര്‍ ഓഫ് ലാ ബോയിത്ത” എന്ന ചിത്രത്തിന്റെ സംവിധായിക ജൂലിയ സോളമോനോഫിന് നവാഗത സംവിധായികയ്ക്കുള്ള പുരസ്കാരം ലഭിച്ചു. അപര്‍ണ്ണ സെന്‍ സംവിധാനം ചെയ്ത് “ദ ജപ്പാനീസ് വൈഫ്” ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം നേടി.
വിപ്രസി അവാര്‍ഡ് ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത് സന്തോഷ് ശിവന്‍ അഭിനയിച്ച മകര മഞ്ഞിനാണ്. മികച്ച മലയാള സിനിമയ്ക്കുള്ള നാറ്റ് പാക് അവാര്‍ഡ് വീട്ടിലേക്കുള്ള വഴി എന്ന ചിത്രത്തിനാണ്. ഡോ. ബിജുവാണ് ഇതിന്റെ സംവിധായകന്‍.
പതിഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള അക്ഷരാര്‍ത്ഥത്തില്‍ അനന്തപുരിയെ ഒരാഴ്ചക്കാലം മികച്ച ചലച്ചിത്രങ്ങളുടെ ഉത്സവ നഗരിയാക്കി മാറ്റി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കേരളത്തിലെ ചെറു ഗ്രാമങ്ങളില്‍ നിന്നും ഉള്ള പ്രേക്ഷകര്‍ ഒരേ പോലെ മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ ആസ്വദിച്ചു. പ്രേക്ഷകരുടേയും ചലച്ചിത്ര പ്രവര്‍ത്തകരുടേയും നിറഞ്ഞ സദസ്സിന്റെ സാന്നിധ്യത്തില്‍ മേളയ്ക്ക് തിരശ്ശീല വീണു. സമാപന സമ്മേളനത്തില്‍ പ്രശസ്ത സംവിധായകന്‍ മണിരത്നം മുഖ്യാതിഥിയായിരുന്നു. സുഹാസിനി മണിരത്നം, സാംസ്കാരിക മന്ത്രി എം. എ. ബേബി, വനം മന്ത്രി ബിനോയ് വിശ്വം, മന്ത്രി സി. ദിവാകരന്‍ തുടങ്ങി രാഷ്ടീയ സാംസ്കാരിക സിനിമാ മേഖലയില്‍ നിന്നും നിരവധി പേര്‍ പങ്കെടുത്തു.