ഭുവനേശ്വര്‍ : കേന്ദ്ര ഖനി, പരിസ്ഥിതി വകുപ്പുകളുടെ സഹായത്തോടെ ഒറീസയില്‍ വന്‍ തോതില്‍ അനധികൃത ഖനനം നടക്കുന്നതായി വെളിപ്പെട്ടു. സംസ്ഥാന നിയമസഭയില്‍ ചോദ്യോത്തരവേളയിലാണ് ഒരു പ്രതിപക്ഷ എം. എല്‍. എ. യുടെ ചോദ്യത്തിന്റെ ഉത്തരത്തിലൂടെ ഇത് വെളിപ്പെട്ടത്. മൂന്നു ലക്ഷം കോടി രൂപയുടെ അഴിമതിയാണ് ഇവിടെ നടക്കുന്നത് എന്ന് അനധികൃത ഖനനത്തിനെതിരെ സി. ബി. ഐ. അന്വേഷണം ആവശ്യപ്പെട്ടു വിവരാവകാശ പ്രവര്‍ത്തകനായ ബിശ്വജിത് മൊഹന്തി നല്‍കിയ പൊതു താല്പര്യ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് ഈ കുംഭകോണം നടക്കുന്നത് എന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ട വിജിലന്‍സ് അന്വേഷണം കൊണ്ട് കാര്യമുണ്ടാവില്ല എന്ന് ഹരജിക്കാരന്‍ വ്യക്തമാക്കി. ഖനന ലോബിയെ സഹായിക്കാനുള്ള തന്ത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ വിജിലന്‍സ് അന്വേഷണം. ഖനനം ചെയ്തെടുക്കുന്ന ഇരുമ്പയിരിന് ടണ്ണിന് കേവലം 78 രൂപയാണ് സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്നത്. എന്നാല്‍ ഖനനം ചെയ്യുന്ന കമ്പനികള്‍ ഇത് അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ ടണ്ണിന് 8000 രൂപയ്ക്കാണ് വില്‍ക്കുന്നത്.
ഇവിടെ നടക്കുന്ന ഖനനത്തിന്റെ തോതും ആശങ്കയ്ക്ക് വക നല്‍കുന്നു. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരമുള്ള ഖനന തോത് ഇവിടെ പാലിക്കപ്പെടുന്നില്ല. ഈ തോതില്‍ ഖനനം നടക്കുന്ന പക്ഷം അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇവിടത്തെ ധാതു നിക്ഷേപങ്ങള്‍ നാമാവശേഷമാവും എന്ന് കണക്കാക്കപ്പെടുന്നു.
- ജെ.എസ്.