ന്യൂഡല്‍ഹി : ഗെയിംസിന്റെ ഒരുക്കങ്ങളിലെ വീഴ്ചകളുടെ കഥകള്‍ വീണ്ടും പുറത്തു വന്നു കൊണ്ടിരിക്കുന്നു. കളിക്കാരുടെ കട്ടിലില്‍ ഒരു തെരുവ് നായ ചാടി കളിക്കുന്നതിന്റെ ഫോട്ടോ സഹിതമാണ് പുതിയ ആരോപണം. വിവിധ ടീമുകളുടെ പ്രതിനിധികളും ഗെയിംസ് സംഘാടകരും തമ്മില്‍ നടന്ന യോഗത്തിലാണ് ഈ ഫോട്ടോ രംഗത്ത് വന്നത്. ഗെയിംസ് ഗ്രാമത്തില്‍ നിന്നും എല്ലാ തെരുവ് നായ്ക്കളെയും എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് പ്രതിനിധി സംഘങ്ങള്‍ ആവശ്യപ്പെട്ടു.
ടവറിന്റെ പുറം ഭാഗത്ത് മുഴുവന്‍ ചണ്ടിയും മറ്റ് മാലിന്യങ്ങളും നിറഞ്ഞു കിടക്കുകയാണ് എന്ന് കാനഡയില്‍ നിന്നുമുള്ള സംഘം അറിയിച്ചു. ഇവിടെ വൈദ്യുത കമ്പികള്‍ അപകടകരമായ വിധത്തില്‍ തുറന്നു കിടക്കുന്നു എന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് കളിക്കാരുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നു എന്നും ഇവര്‍ പറഞ്ഞു.
തങ്ങളുടെ കട്ടിലുകളില്‍ നിര്‍മ്മാണ തൊഴിലാളികള്‍ കിടന്നുറങ്ങുന്നത് കണ്ടു എന്നാണു ഇംഗ്ലണ്ടില്‍ നിന്നും സ്കൊട്ട്ലാന്‍ഡില്‍ നിന്നുമുള്ള സംഘത്തിന്റെ പരാതി.
ഗെയിംസ് ഗ്രാമത്തിനകത്ത് തൊഴിലാളികള്‍ പൊതു സ്ഥലത്ത് മൂത്രമൊഴിക്കുന്നതും അന്യ രാജ്യങ്ങളില്‍ നിന്നും വന്ന പ്രതിനിധികളെ ഏറെ വിഷമിപ്പിക്കുന്നു.
ഇതിനു പുറമെയാണ് എല്ലായിടത്തും ദൃശ്യമായ നായ്ക്കളുടെ കാഷ്ഠം.
ഇത്തരം വൃത്തിഹീനമായ, അനാരോഗ്യകരമായ സാഹചര്യങ്ങളിലേക്ക് തങ്ങളുടെ കളിക്കാരെ കൊണ്ട് വരാന്‍ ആവില്ല എന്ന് ന്യൂസീലാന്‍ഡ് അടക്കമുള്ള ചില രാജ്യങ്ങള്‍ അറിയിച്ചു.
എന്നാല്‍ ഇത് “ഞങ്ങളുടെ” രാജ്യത്തെയും “നിങ്ങളുടെ” രാജ്യത്തെയും ശുചിത്വ സങ്കല്‍പ്പങ്ങളുടെ അന്തരം കൊണ്ട് തോന്നുന്നതാണ് എന്നായിരുന്നു ഒരു പത്ര സമ്മേളനത്തില്‍ ഗെയിംസിന്റെ സംഘാടക സമിതി ജന. സെക്രട്ടറി ലളിത് ഭാനോട്ടിന്റെ മറുപടി.