കൊച്ചി: സൂര്യനെല്ലി പെണ്‍കുട്ടിയെ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ പീഡിപ്പിച്ചെന്ന് കേസിലെ മൂന്നാം പ്രതി ധര്‍മ്മരാജന്റെ വെളിപ്പെടുത്തല്‍. കുര്യനെ തന്റെ അംബാസഡര്‍ കാറിലാണ് കുമളി ഗസ്റ്റ് ഹൌസില്‍ എത്തിച്ചതെന്നും അരമണിക്കൂര്‍ കുര്യന്‍ പെണ്‍കുട്ടിക്കൊപ്പം ചിലവഴിച്ചെന്നും ധര്‍മ്മരാജന്‍ പറഞ്ഞു.ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോണ്‍ഗ്രസ്സ് നേതാവ് ജേക്കബ് സ്റ്റീഫന്‍ വഴിയാണ് കുര്യനുമായി ബന്ധപ്പെട്ടതെന്ന് ധര്‍മ്മരാജന്‍ വ്യക്തമാക്കുന്നു. ഉണ്ണി, ജമാല്‍ എന്നിവരും കൂടെ ഉണ്ടായിരുന്നതായും ബാജി എന്നത് മറ്റൊരു വ്യക്തിയാണെന്നും ഇയാള്‍ പറയുന്നു.
കേസന്വേഷിച്ച സിബി മാത്യൂസ് കുര്യന്റെ പേരു പറയരുതെന്ന് ആവശ്യപ്പെട്ടതായും അന്വേഷണ സംഘം തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായും ഇയാള്‍ വെളിപ്പെടുത്തുന്നു.കുര്യന്റെ പേരു പറയണമെന്ന് അന്വേഷണ സംഘത്തിലെ കെ.കെ. ജോഷ്വ ആവശ്യപ്പെട്ടു.കുര്യനു മാത്രം തിരിച്ചറിയല്‍ പരേഡ് നടത്തിയില്ലെന്നും ജി.സുകുമാരന്‍ നായര്‍ നല്‍കിയത് കള്ളമൊഴിയാണെന്നും ധര്‍മ്മ രാജന്‍ പറയുന്നുണ്ട്.
സൂര്യനെല്ലി കെസില്‍ ജയില്‍ ശിക്ഷയനുഭവിച്ചു വരുന്നതിനിടെ ജാമ്യത്തിലിറങ്ങി മുങ്ങിയതാണ് ധര്‍മ്മരാജന്‍. ഇയാള്‍ കര്‍ണ്ണാടകത്തില്‍ ഒളിവില്‍ കഴിയുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.
കേസില്‍ താന്‍ ഒഴികെ മറ്റുള്ളവരെല്ലാം രക്ഷപ്പെട്ടു. രണ്ടു ദിവസത്തിനുള്ളില്‍ കേരളത്തില്‍ എത്തി കീഴടങ്ങുമെന്ന് ധര്‍മ്മരാജന്‍ പറയുന്നു. പുതിയ വെളിപ്പെടുത്തലുമായി ചാനല്‍ അഭിമുഖം പുറത്തു വന്നതോടെ സൂര്യനെല്ലി കേസിലെ കുര്യന്റെ പങ്ക് സംബന്ധിച്ചുള്ള വിവാദങ്ങള്‍ വീണ്ടും കൊഴുക്കുകയാണ്. സി.പി.എം നേതൃത്വം കുര്യനെതിരെ ദേശീയ തലത്തില്‍ തന്നെ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. എന്നാല്‍ ബി.ജെ.പി കുര്യന്‍ വിഷയത്തില്‍ രണ്ടു തട്ടിലാണ്. ബി.ജെ.പി കേരള ഘടകം കുര്യനെതിരെ ശക്തമായി വാദിക്കുമ്പോല്‍ ദേശീയ നേതൃത്വം അനുകൂലമായ സമീപനമാണ് സീകരിക്കുന്നത്. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കുര്യനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്തന്‍ നിയമ സഭയില്‍ ആവശ്യപ്പെട്ടു. നിയമസഭ ഇന്നും സൂര്യനെല്ലി വിഷയത്തില്‍ പ്രക്ഷുബ്ദമാണ്.