ന്യൂഡല്‍ഹി: ഇറ്റലി വിദേശകാര്യ മന്ത്രി ഗിയുലിയോ ടെര്‍സി ചൊവ്വാഴ്ച ഇന്ത്യ സന്ദര്‍ശിച്ചേക്കും. ഇറ്റാലിയന്‍ കപ്പലില്‍ നിന്നും മല്‍സ്യതൊഴിലാളികള്‍ക്ക് നേരെ വെടിവെപ്പ് നടന്ന സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രതലത്തിലെ ചര്‍ച്ചകള്‍ തുടരുവാനും പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കുവാനുമാണ് ടെര്‍സിയുടെ സന്ദര്‍ശനമെന്ന് ഇന്ത്യയിലെത്തിയ ഇറ്റലി വിദേശകാര്യ സഹമന്ത്രി സ്റ്റീഫന്‍ ഡി മിസ്തുറ പറഞ്ഞു.
‘സംഭവത്തെ വളരെ ഗൗരവത്തോടെയാണ് ഞങ്ങള്‍ കാണുന്നത്. ഇതില്‍ ഞങ്ങള്‍ ഏറെ ഖേദം പ്രകടിപ്പിക്കുകയാണ്. കേരളത്തിലെ പാവപ്പെട്ട കുടംബ്ധിലെ രണ്ട് മല്‍സ്യതൊഴിലാളികള്‍ക്കാണ് ജിവന് നഷ്ടപ്പെട്ടത്’ മിസ്തുറ പറഞ്ഞു. അതേസമയം ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് പുറത്ത് അന്താരാഷ്ട്ര സമുദ്ര ഭാഗത്താണ് സംഭവം നടന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കേണ്ടതുണ്ടെന്നും നയതന്ത്രതലത്തിലെ ചര്‍ച്ചകള്‍ തുടരുമെന്നും ഇറ്റലിയില്‍ നിന്നും വിദേശ കാര്യമന്ത്രി ഗിയുലിയോ ടെര്‍സി എത്തിയാല്‍ ഇക്കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ വിദേശ കാര്യ സഹമന്ത്രി പ്രണീത് കൗറുമായി മിസ്തുറ കൂടിയാലോചന നടത്തി. നാവികരുടെ കാര്യത്തില്‍ ഇന്ത്യന്‍ നിയമവുമായി മുന്നോട്ടുപോവുമെന്ന് സഹമന്ത്രി പ്രണീത് കൗര്‍ വ്യക്തമാക്കി.