ന്യൂ ഡെൽഹി : ലോകസഭാ സ്പീക്കറായി മുതിർന്ന ബി. ജെ. പി. നേതാവും പാര്‍ലമെന്റ് അംഗവുമായ സുമിത്ര മഹാജൻ ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടു. മറ്റാരും ഈ സ്ഥാനത്തേക്ക് മത്സര രംഗത്ത് ഉണ്ടായിരുന്നില്ല. സുമിത്ര മഹാജനെ തിരഞ്ഞെടുക്കാനുള്ള പ്രമേയം മാത്രമേ ലോക്‌സഭാ സെക്രട്ടേറിയറ്റിന് ലഭിച്ചിട്ടുള്ളൂ.
പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെയാണ് ഇവരുടെ പേര് നിർദേശിച്ചത്. എൽ. കെ. അദ്വാനി പിന്താങ്ങി.
എട്ടാം തവണയും മധ്യപ്രദേശിലെ ഇന്‍ഡോര്‍ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന സുമിത്ര മഹാജന്‍ വാജ്‌പേയി സർക്കാരിൽ സഹ മന്ത്രിയായിരുന്നു. എട്ടാം തവണയാണ് ലോക്‌സഭാംഗമാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വിവിധ പാര്‍ട്ടി നേതാക്കളും സുമിത്രയുടെ പേര് ഔദ്യോഗികമായി നിര്‍ദേശിച്ചു. പ്രധാനമന്ത്രി സമര്‍പ്പിച്ച പ്രമേയത്തെ എൽ. കെ. അദ്വാനി പിന്താങ്ങി. രാജ്‌നാഥ് സിങ്, സുഷമാ സ്വരാജ് എന്നിവരും സുമിത്ര മഹാജന്റെ പേരു നിര്‍ദേശിച്ചു പ്രമേയം സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ (കോണ്‍ഗ്രസ്), തമ്പി ദുരൈ (എ. ഐ. എ. ഡി. എം. കെ.), സുദീപ് ബന്ദോപാധ്യായ (തൃണമൂൽ), ഭര്‍തൃഹരി മെഹ്താബ (ബിജു ജനതാദൾ), മുലായംസിങ് യാദവ് (എസ്. പി.), ദേവ ഗൗഡ(ജനതാ ദൾ - എസ്.), സുപ്രിയ സുലെ (എന്‍. സി. പി.), മുഹമ്മദ് സലീം (സി. പി. എം.), ജിതേന്ദ്ര റെഡ്ഡി (ടി. ആർ. എസ്.) തുടങ്ങിയവരും സുമിത്ര മഹാജന്റെ പേര് നിര്‍ദേശിച്ചു.