തിരുവനന്തപുരം/ദുബായ്: മാവേലിയുടെ സദ്ഭരണത്തിന്റെ സ്മരണയില്‍ ലോകമെങ്ങുമുള്ള മലയാളികള്‍ ഓണമാഘോഷിക്കുന്നു. പൂക്കളമൊരുക്കിയും വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചും ഓണക്കോടി കൈമാറിയും ഓണത്തെ വന്‍ ആഘോഷമാക്കി മാറ്റുകയാണ്‍` എങ്ങും. മലയാളികള്‍ കൂടുതല്‍ ഉള്ള ദുബായ് അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വിവിധ സംഘടനകളുടേയും കൂട്ടായ്മകളുടേയും ഭാഗമായി വിപുലമായ ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.
രാവിലെ കുളികഴിഞ്ഞ് ക്ഷേത്രദര്‍ശനവും നടത്തി സ്ത്രീകള്‍ അടുക്കളയില്‍ വിവിധ വിഭവങ്ങള്‍ ഒരുക്കുന്ന ഓണസദ്യയെ നാഗരിക സംസ്കാരം മെല്ലെ മെല്ലെ അപഹരിച്ചു തുടങ്ങിയിരിക്കുന്നു. നഗരങ്ങളിലും ചെറു പട്ടണങ്ങളിലും വിവിധ ഹോട്ടലുകള്‍ വിതരണം ചെയ്യുന്ന പായസവും പഴവും ഇരുപതിലധികം കറികളുമടങ്ങുന്ന ഓണം സദ്യ കിറ്റിന് വലിയ ഡിമാന്റാണ്. ഇതു കൂടാതെ പ്രശസ്തരായ പാചകവിദഗ്ദരുടെ മേല്‍നോട്ടത്തിലും ഓണവിഭവങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. ഇരുനൂറ്റമ്പത് മുതല്‍ ആയിരത്തി അഞ്ഞൂറു രൂപവരെയാണ് ഓണത്തിന്റെ ഊണിന് ഈടാക്കുന്നത്. ദുബായിലെ പല പ്രശസ്ത ഹോട്ടലുകളിലും ഊണിന്റെ ബുക്കിങ്ങ് നേരത്തെ തന്നെ തീര്‍ന്നു. ബഹ്‌റൈനില്‍ ബഹ്‌റൈന്‍ കേരളീയ സമാജ്ം, സംസ്കാര തൃശ്ശൂര്‍ തുടങ്ങി വിവിധ സംഘടനകളും കൂട്ടായമകളും ഓണ സദ്യ ഒരുക്കുന്നുണ്ട്.
മലയാളം ടെലിവിഷന്‍ ചാനലുകളില്‍ സിനിമകളും സിനിമാതാരങ്ങള്‍ ഉള്‍പ്പെടെ ഉള്ള പ്രശസ്തര്‍ പങ്കെടുക്കുന്ന വിവിധ പരിപാടികളുമായി വലിയ ദൃശ്യ വിരുന്നാണ് ഒരുക്കിയിരിക്കുന്നത്.
- ലിജി അരുണ്‍