ഉൽസവത്തിനിടയിൽ ആനയിടഞ്ഞ് മൂന്ന് പേര്‍ കൊല്ലപ്പെട്ടു

January 28th, 2013

elephant-eyes-epathram

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ രായമംഗലം കുറുപ്പും പടി കൂട്ടുമഠം ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവത്തിനിടെ ആനയുടെ ആക്രമണത്തിൽ മൂന്നു പേര്‍ മരിച്ചു. രായമംഗലം മുട്ടത്തുവീട്ടില്‍ പരേതനായ കുട്ടപ്പന്റെ ഭാര്യ നാണി (66), ഒക്കല്‍ പെരുമറ്റം കൈപ്പിള്ളി വീട്ടില്‍ ഗോപിയുടെ ഭാര്യ ഇന്ദിര (59), കുറുപ്പം പടി ആറ്റികാലിക്കുടി വീട്ടില്‍ രവിയുടെ ഭാര്യ തങ്കമ്മ (55) എന്നിവരാണ് കൊല്ലപ്പെട്ടത്. ഏഴ് ആനകൾ ചിതറി ഓടിയതോടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

വൈകീട്ട് ആറു മണിയോടെ ഉത്സവം സമാപിക്കുന്ന സമയത്ത് തിടമ്പേറ്റിയിരുന്നത് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ ആയിരുന്നു. ഗോപുരം കടക്കുമ്പോള്‍ തിടമ്പ് മറ്റൊരാനയുടെ മുകളിലേക്ക് മാറ്റി. ഇതിൽ പ്രകോപിതനായാണ് രാമചന്ദ്രൻ ഇടഞ്ഞത് എന്ന് പറയപ്പെടുന്നു. എന്നാൽ തൊട്ടടുത്തുള്ള ആനയുടെ കൊമ്പ് ശരീരത്തിൽ കൊണ്ടതാണ് ആനയെ പ്രകോപിതനാക്കിയത് എന്നും സൂചനയുണ്ട്.

പരിഭ്രാന്തനായ രാമചന്ദ്രന്‍ രണ്ടു സ്ത്രീകളെ കുത്തുകയും ചവിട്ടുകയും മറ്റൊരു സ്ത്രീയെ തുമ്പിക്കൈ കൊണ്ട് ചുഴറ്റി എറിയുകയും ചെയ്തു. അനയുടെ ആക്രമണത്തിൽ മൂന്ന് സ്ത്രീകളും കൊല്ലപ്പെട്ടു. ഇതിനിടയിൽ രാമചന്ദ്രൻ മറ്റ് ആനകളേയും കുത്തി പരിക്കേല്പ്പിച്ചു. രാമചന്ദ്രന്റെ ആക്രമണത്തെ തുടർന്ന് കാളകുത്താന്‍ കണ്ണന്‍, പുതുപ്പള്ളി കേശവന്‍ എന്നീ കൂട്ടാനകളും പരിഭ്രാന്തരായി ചിതറിയോടി.

രാമചന്ദ്രനെ പിന്നീട് പാപ്പാന്‍ മണിയുടെ നേതൃത്വത്തില്‍ സമീപത്തു തന്നെ തളച്ചു. നാലര മാസത്തെ മദപ്പാടു കഴിഞ്ഞ് ഡോക്ടര്‍മാരുടെ ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷമാണ് രാമചന്ദ്രന്‍ ഉത്സവങ്ങളിൽ പങ്കെടുക്കുവാന്‍ തുടങ്ങിയത്. ഈ ഉത്സവകാലത്ത് ഇതിനോടകം നിരവധി ഉത്സവങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു.

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൊണ്ടൊന്നും ആനയെ തളയ്ക്കാൻ ആവില്ല എന്നും, കോടതി നിർദ്ദേശിച്ചത് പോലെ ആനകളുടെ ഉപയോഗത്തിൽ നിയന്ത്രണങ്ങൾ പാലിക്കണം എന്നുള്ള അവശ്യവും ഓരോ അനിഷ്ട സംഭവങ്ങൾക്കും ശേഷം നടക്കുന്ന ചർച്ചകളിൽ മാത്രം ഒതുങ്ങുകയാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിശ്വരൂപം: കേരളത്തിലും എതിര്‍പ്പ്

January 26th, 2013

vishwaroopam-epathram

പാലക്കാട്: കമലഹാസന്‍ ചിത്രമായ വിശ്വരൂപത്തിന്റെ പ്രദര്‍ശനം നടന്ന തിയേറ്ററുകള്‍ക്ക് നേരെ ചില മുസ്ലിം സംഘടനകള്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ പലയിടത്തും അക്രമാസക്തമായി. പാലക്കാട്ട് പ്രതിഷേധക്കാരുടെ ഭീഷണിയെ തുടര്‍ന്ന് പ്രദര്‍ശനം നിര്‍ത്തി വെച്ചു. ശ്രീദേവി ദുര്‍ഗ തിയേറ്ററിലേക്ക് ഇരച്ചു കയറിയ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റു ചെയ്തു. വിശ്വരൂപം കാണുവാനായി തമിഴ്‌നാട്ടില്‍ നിന്നു പോലും ആരാധകര്‍ എത്തിയിരുന്നു. എന്നാല്‍ എസ്. ഡി. പി. ഐ. പ്രവര്‍ത്തകരെന്ന് പറഞ്ഞ് എത്തിയ ചിലര്‍ പ്രദര്‍ശിപ്പിക്കരുതെന്ന് തിയേറ്റര്‍ അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയിലെ തിയേറ്ററിനു നേരെയും പ്രതിഷേധം ഉണ്ടായി.

തെക്കന്‍ കേരളത്തിലെ ചിലയിടങ്ങളും വിശ്വരൂപത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നു. പ്രതിഷേധക്കാരുടെ അടിയേറ്റ് ഇടുക്കി നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ബിജു എമ്മാനുവലിനു (36) പരിക്കേറ്റും. ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രകടനക്കാര്‍ വഴി തടയുകയും ചിത്രത്തിന്റെ പോസ്റ്ററുകളും മറ്റും അടിച്ചു തകര്‍ക്കുകയും ചെയ്തു. ജീന തീയേറ്ററിലേക്ക് തള്ളിക്കയറിയ സംഘം സിനിമ നിര്‍ത്തി വെപ്പിച്ചു. പ്രതിഷേധ പ്രകടനത്തിന്റെ ചിത്രം പകര്‍ത്തുവാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ ഭീഷണി പ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.

തീവ്രവാദത്തെ പ്രമേയമാക്കി കമലഹാസന്‍ ഒരുക്കിയ ബിഗ്‌ ബഡ്ജറ്റ് ചിത്രമായ വിശ്വരൂപ ത്തിനെതിരെ തമിഴ്‌നാട്ടില്‍ മുസ്ലിം സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ട് റിലീസിങ്ങ് നിര്‍ത്തി വെച്ചിരിക്കുകയാണ്. ഇതിനെതിരെ കമലഹാസന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ശനിയാഴ്ച ജഡ്ജി ചിത്രം കണ്ടതിനു ശേഷം ചിത്രത്തിന്റെ റിലീസിങ്ങിന് അനുമതി നല്‍കുന്ന കാര്യം പരിഗണിക്കും. ആന്ധ്രപ്രദേശിലെ ഹൈദരബാദിലും ചിത്രത്തിന്റെ പ്രദര്‍ശനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചിട്ടുണ്ട്. മത തീവ്രവാദം പ്രമേയമാകുന്ന ചിത്രങ്ങള്‍ക്കെതിരെ അടുത്ത കാലത്ത് മുസ്ലിം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തുന്നത് പതിവായിട്ടുണ്ട്. അടുത്തിടെ വിജയ് ചിത്രമായ തുപ്പാക്കിക്കെതിരെയും തമിഴ്‌നാട്ടില്‍ മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രമുഖ വന്ധ്യത ചികിത്സാ വിദഗ്ദന്‍ ഡോ.നരേന്ദ്രനാഥ് അന്തരിച്ചു

January 26th, 2013

തൃശ്ശൂര്‍: പ്രമുഖ വന്ധ്യത ചികിത്സാ വിദഗ്ദന്‍ ഡോ.നരേന്ദ്രനാഥ് (49) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. തൃശ്ശൂരിലെ വെസ്റ്റ്ഫോര്‍ട് ആശുപത്രിയില്‍ ഇന്‍ഫെര്‍ട്ടിലിറ്റി ആന്റ് ലാപ്രോസൊപ്പ്പിക് വിഭാഗം മേധാവിയായി സേവനം അനുഷ്ടിച്ച് വരികയായിരുന്നു അദ്ദേഹം. ഇന്നലെ ഒരു സിസേറിയന്‍ ഓപ്പറേഷന്‍ ചെയ്തു പൂര്‍ത്തിയാക്കിയതിനു ശേഷം തളര്‍ന്ന് വീഴുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല. ഗൈനക്കോളജിയില്‍ ബിരുദാനന്തര ബിരുധവും സിങ്കപ്പൂര്‍ നാഷ്ണല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ലാപ്രോസ്കോപ്പിക് സര്‍ജറിയിലും ജര്‍മ്മന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഗൈനക്കൊളജിക്കല്‍ എന്‍ഡോസ്കോപ്പിയിലും ഉപരിപഠനം നടത്തിയിട്ടുണ്ട്. കേരള ഗൈനക്കോളജിക്കല്‍ എന്‍ഡോസ്കോപ്പിസ്റ്റ് അസോസിയേഷന്റെ സെക്രട്ടറിയാണ്.

പൂത്തോള്‍ കാല്‍‌വരി റോഡില്‍ പരേതനായ മച്ചിങ്ങല്‍ ഗോപാലകൃഷ്ണന്റേയും ജാനകിയുടേയും മകനാണ് ഡോ.നരേന്ദ്രന്‍.
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഓഫ്താല്‍‌മോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.സ്മിതയാണ് ഭാര്യ. മകന്‍ അശോക് പൂച്ചട്ടി ഭാരതീയ വിദ്യാഭവന്‍ വിദ്യാര്‍ഥിയാണ്. സംസ്കാരം ശനിയാഴ്ച ഒരുമണിക്ക് പാറമേക്കാവ് ശാന്തിഘട്ട് സ്മശാനത്തില്‍ നടക്കും.

കുട്ടികളില്ലാതിരുന്ന നിരവധി ദമ്പതിമാര്‍ക്ക് ഡോ.നരേന്ദ്രന്റെ ചികിത്സയിലൂടെ സന്താനഭാഗ്യം ലഭിച്ചിട്ടുണ്ട്.സൌമ്യമായ പെരുമാറ്റവും പ്രൊഫഷണല്‍ രംഗത്തെ മികവും അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്ഥനാക്കി. പ്രൊഫഷനോടുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ഥത അവസാനശ്വാസം വരെയും നിലനിര്‍ത്തി. ഒരു രോഗിയുടെ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി അവസാനത്തെ സ്റ്റിച്ചും ഇട്ടതിനു ശേഷമാണ് അദ്ദേഹം വിടപറഞ്ഞത്. ഡോ.നരേന്ദ്രന്റെ മരണവാര്‍ത്തയറിഞ്ഞ് നൂറുകണക്കിനു പേരാണ് ആശുപത്രിയിലും അദ്ദേഹത്തിന്റെ വീട്ടിലും തടിച്ചു കൂടിയത്. രാത്രി വൈകിയും അദ്ദേഹത്തിന്റെ വീട്ടിലേക്ക് സന്ദര്‍ശകരുടെ തിരക്കായിരുന്നു. അദ്ദേഹത്തിന്റെ ചികിത്സയിലൂടെ ലഭിച്ച കുഞ്ഞുങ്ങളുമായിട്ടാണ് മാതാപിതാക്കള്‍ എത്തിയത്. ജീവനറ്റ അദ്ദേഹത്തിന്റെ ശരീരത്തിനരികെ നിന്ന് അവരില്‍ പലരും വിതുമ്പിക്കരയുന്നുണ്ടായിരുന്നു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

സാഗര ഗര്‍ജ്ജനം നിലച്ചിട്ട് ഒരാണ്ട്

January 24th, 2013

sukumar-azhikode-epathram

അര നൂറ്റാണ്ടിലധികമായി കേരള സാംസ്കാരിക രംഗത്ത്‌ നിറഞ്ഞ ധൈഷണിക സാന്നിധ്യമായിരുന്നു അഴീക്കോട്‌ മാഷ്‌.  പ്രഭാഷണങ്ങളിലൂടെ മലയാള മനസുകളില്‍ ഇടം നേടിയ മാഷിനെ സാഹിത്യ വിമർശകനും വാഗ്മിയും വിദ്യാഭ്യാസ ചിന്തകനുമായാണ് ഇനി നാം ഓര്‍ക്കുക. തത്ത്വമസി എന്ന ഒരൊറ്റ ഗ്രന്ഥം മതി അദ്ദേഹത്തിന്റെ സാന്നിദ്ധ്യം അനശ്വരമാകാന്‍. ഭാരതീയ ദർശനത്തിലെ പ്രഖ്യാത രചനകളായ ഉപനിഷത്തുകളിലൂടെയുള്ള ഒരു തീർത്ഥ യാത്രയായിരുന്നു ആ തത്ത്വമസി.

ആരോടും വിധേയത്വം പുലർത്താതിരിക്കുകയും ധീരതയോടെ നിശിതമായി വിമർശിക്കുകയും ചെയ്യുന്നതിനാൽ കേരളത്തിന്റെ സഞ്ചരിക്കുന്ന മനഃസാക്ഷി എന്ന് ഇദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. കാല്പനിക കവിതയുടെ ഭാവുകത്വം നിലപാടുതറയായി എഴുത്ത് തുടങ്ങിയ നിരൂപകനായിരുന്നു അഴീക്കോട്. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെ ആധാരമാക്കി എഴുതിയ ആശാന്റെ സീതാകാവ്യം ഏതെങ്കിലും ഒരു ഖണ്ഡ കാവ്യത്തെക്കുറിച്ച് മാത്രമായി പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യത്തെ സമഗ്ര പഠനമാണ്. കാവ്യ രചനയുടെ പിന്നിലെ ദാർശനികവും സൌന്ദര്യ ശാസ്ത്രപരവുമായ ചോദനകളെ പാശ്ചാത്യവും പൌരസ്ത്യവുമായ കാവ്യ ശാസ്ത്ര സിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ വിശകലനം ചെയ്യുന്ന ഈ നിരൂപണ ഗ്രന്ഥം ഒരു കൃതിയെക്കുറിച്ചുള്ള സമഗ്ര നിരൂപണത്തിന്റെ മലയാളത്തിലെ മികച്ച മാതൃകയാണ്. നിരൂപകന്റെ പാണ്ഡിത്യവും സഹൃദയത്വവും സമഞ്ജസമായി മേളിക്കുന്നത് ഊ പുസ്തകത്തിൽ കാണാം. അഴീക്കോടിന്റെ ഏറ്റവും പ്രശസ്തമായ രചനയും ഇതു തന്നെ.

സാഹിത്യം, തത്ത്വചിന്ത, സാമൂഹിക ജീവിതം, ദേശീയത എന്നിങ്ങനെയുള്ള വിഷയങ്ങളിലുള്ള നൈപുണ്യവും ഭാഷയുടെ ചടുലതയും അഴീക്കോടിന്റെ പ്രഭാഷണങ്ങളെ ശ്രദ്ധേയമാക്കി മാറ്റി. അതിനാല്‍ കേരളീയർ അഴീക്കോടിനെ ഒരു പക്ഷേ ഓർക്കുക മലയാളത്തിന്റെ പ്രിയങ്കരനായ വാഗ്മിയായിട്ടായിരിക്കും. എന്നാല്‍ ആ ശബ്ദം ഇനി കേള്‍ക്കാന്‍ നമുക്കാവില്ല. ആ ശബ്ദം എന്നേക്കുമായി നിലച്ചു. കേരളക്കരയില്‍ അങ്ങോളമിങ്ങോളം ഓടി നടന്നു വിവിധ വിഷയങ്ങളില്‍ തന്റെതായ അഭിപ്രായം തുറന്നു പറഞ്ഞതിനാല്‍ പല വിമര്‍ശനങ്ങളും ഏറ്റു വാങ്ങേണ്ടി വന്നു മാഷിന്.  അതു പോലെ എതിരാളികൾ അവസര വാദത്തിന്റെ അപ്പസ്തോലനായും അദ്ദേഹത്തെ വിശേഷിപ്പിച്ചു. ആ സാഗരം ഗര്‍ജ്ജനം നിലച്ചിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചരിത്രം കുറിച്ച് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍

January 23rd, 2013


ഉത്സവകേരളത്തിന്റെ തികക്കുറിയായ തലയെടുപ്പിന്റെ തമ്പുരാന്‍ എന്നറിയപ്പെടുന്ന ഗജരാജന്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ പൊന്‍‌കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടെ. കേരളത്തിലെ പൂരങ്ങളുടെ ചരിത്രത്തില്‍ ഒരു ഉത്സവ എഴുന്നള്ളിപ്പിന് ഏറ്റവും കൂടുതല്‍ ഏക്കത്തുകയായ 2,55,000 (രണ്ടു ലക്ഷത്തി അമ്പത്തയ്യായിരം) ഈ ആന സ്വന്തമാക്കി . 2,11,111.11 എന്ന ഗജരത്നം ഗുരുവായൂര്‍ പത്മനാഭന്റെ റെക്കോര്‍ഡിനെ ആണ് രാമന്‍ അട്ടിമറിച്ചിരിക്കുന്നത്. പേരു കേട്ട ഉത്സവങ്ങള്‍ പലതുമുണ്ടെങ്കിലും തൃശ്ശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ ഗ്രാമത്തിലെ മാമ്പുള്ളിക്കാവ് ക്ഷേത്രത്തിലെ കാര്‍ത്തിക ഉത്സവത്തിനാണ് രാമചന്ദ്രനെ പുതിയ റിക്കോര്‍ഡിന് അര്‍ഹനാക്കിയത്. വാ‍ശിയേറിയ ലേലത്തില്‍ ഇളയാല്‍ ഉത്സവക്കമ്മറ്റിയാണ് റെക്കോര്‍ഡ് തുക നല്‍കി തങ്ങളുടേ തിടമ്പേറ്റുവാന്‍ സ്വന്തമാക്കിയത്.

തൃശ്ശൂര്‍ പേരാമംഗലം തെച്ചിക്കോട്ട്കാവ് ദേവസ്വത്തിന്റെ സ്വന്തമാണ് തലയെടുപ്പുകൊണ്ടും ഉടലഴകുകൊണ്ടും കാണികളുടേയും ആരാധകരുടേയും മാനസപുത്രന്‍. കാല്‍കുത്തിയ മണ്ണിലെല്ലം വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചിട്ടുള്ള രാമചന്ദ്രന്‍ വര്‍ഷങ്ങളായി മത്സരപ്പൂരങ്ങളിലെ പ്രധാനിയാണ്. ഉത്സവ കാലത്ത് രാമനെ ലഭിക്കുവാന്‍ വലിയ ഡിമാന്റാണ്. മിക്കവാറും ദിവസങ്ങളില്‍ ഒന്നിലധികം ആവശ്യക്കാര്‍ ഉണ്ടാകും. അത്തരം സന്ദര്‍ഭങ്ങളില്‍ തെച്ചിക്കോട്ട് കാവ് ദേവസ്വം ഓഫീസില്‍ ലേലം നടക്കും. ലേലത്തുകയുടെ നിശ്ചിത ഭാഗം അന്നുതന്നെ കെട്ടിവെക്കുകയും വേണം. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒരു ദിവസത്തെ ഏക്കത്തിന് ഒരു ലക്ഷം രൂപയൊക്കെ പലതവണ മറികടന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് രണ്ടുലക്ഷം മറികടക്കുന്നത്. കാര്‍ത്തിക നാളില്‍ നിരവധി ഉത്സവങ്ങള്‍ ഉള്ളതിനാല്‍ വാശിയേറിയ ലേലമാണ് നടന്നത്. അന്തിക്കാട് പുത്തന്‍ പള്ളിക്കാവ്, മാമ്പുള്ളീക്കാവ്,വിയ്യൂര്‍, കൂടാതെ തൃശ്ശൂരിലെ ഒരു ആന ഏജന്റുമാണ് പ്രധാനമായും ലേലത്തില്‍ പങ്കെടുത്തത്. തുക ഒന്നര ലക്ഷം കടന്നതൊടെ പലരും പിന്‍‌വാങ്ങി. എന്നാല്‍ ഇളയാല്‍ ഉത്സവകമ്മറ്റി രാമനെ സ്വന്തമാക്കിയേ മടങ്ങൂ എന്ന വാശിയിലായിരുന്നു. അവര്‍ സ്വന്തമാക്കുകയും ചെയ്തു.

ജനുവരി 21 തിങ്കളാഴ്ച ഇളയാല്‍ ഉത്സവക്കമ്മറ്റി അതി ഗംഭീരമായ വരവേല്പായിരുന്നു രാമന് ഏങ്ങണ്ടിയൂരില്‍ നല്‍കിയത്. പാപ്പാന്‍ മണിയേയും അവര്‍ ആദരിച്ചു. തുടര്‍ന്ന് ഏറ്റവും മികച്ച ചമയങ്ങള്‍ അണിയിച്ച് മേളവാദ്യങ്ങളുടെ അകമ്പടിയോടെ ഉത്സവപ്പറമ്പിലേക്ക് ആനയിച്ചു.തുടര്‍ന്ന് നടന്ന ഗംഭീരമായ കൂട്ടി എഴുന്നള്ളിപ്പില്‍ ചിറക്കല്‍ കാളിദാസന്‍ വലം കൂട്ടും, എന്‍.എഫ്.എയുടെ കുട്ടന്‍ കുളങ്ങര അര്‍ജ്ജുനന്‍‌ ഇടം കൂട്ടും ‍, പാറമേക്കാവ് പത്മനാഭന്‍, മംഗലാംകുന്ന് കര്‍ണ്ണന്‍, ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കര്‍ തുടങ്ങിയ ആനകള്‍ പങ്കെടുത്തു. ആനക്കേരളത്തിന്റെ മെഗാസ്റ്റാറിനെ കാണുവാന്‍ അക്ഷരാര്‍ഥത്തില്‍ ഏങ്ങണ്ടിയൂരിലേക്ക് ജനം ഒഴുകുകയായിരുന്നു. രാഷ്ടീയത്തില്‍ വി.എസ് അച്ച്യുതാനന്ദന്‍ എന്നപോലെ ആനകള്‍ക്കിടയില്‍ ജനങ്ങളെ ആകര്‍ഷിക്കുവാന്‍ രാമനെ കഴിഞ്ഞേ ഇന്ന് മറ്റാരും ഉള്ളൂ.

1984-ല്‍ ആണ് ബീഹാറിയായ ഈ ആനയെ തൃശ്ശൂരിലെ ഒരു ആ‍ന ഏജന്റിന്റെ പക്കല്‍ നിന്നും വാങ്ങിയത്. അല്പം വികൃതിയായിരുന്ന ഇവനെ ചെറിയ ഒരു തുകയ്ക്കായിരുന്നു അന്ന് കച്ചവടമാക്കിയത്. ഇന്നിപ്പോള്‍ എത്രകുറച്ചാലും ഒരു ദിവസത്തെ ഏക്കത്തുക ചിലപ്പോള്‍ അന്നത്തെ ഇവന്റെ വിലയെക്കാല്‍ ഉയര്‍ന്നു നില്‍ക്കും. വ്യാഴവട്ടക്കാലം മുമ്പ് യൌവ്വനത്തിളപ്പില്‍ വികൃതിത്തരങ്ങള്‍ കൂടിയപ്പോള്‍ കുറച്ചുകാലം കെട്ടും തറിയില്‍ നില്‍ക്കേണ്ടി വന്നു.അന്ന് സാമ്പത്തികമായും അല്ലാതെയും ഏറെ നഷ്ടം വരുത്തിവച്ചു എങ്കിലും ആനയെ കൈവിടുവാന്‍ ദേവസ്വം അധികാരികളും പേരാമംഗലം ദേശവാസികളും തയ്യാറായില്ല. സൂര്യനു ഗ്രണകാലം പോലെ അവനു ഒരു ഗ്രഹണം എന്നേ അവര്‍ പറഞ്ഞുള്ളൂ. ഒടുവില്‍ വനവാസക്കാലം കഴിഞ്ഞ് മണിയെന്ന പാപ്പാന്റെ പാപ്പാന്റെ പരിചരണത്തില്‍ പുറത്തേക്കിറങ്ങിയപ്പോളേക്കും ആന വളര്‍ന്നിരുന്നു. പഴയകാല വിക്രിയകള്‍ ഇവനു ചില പേരുദോഷങ്ങള്‍ വരുത്തിവച്ചിരുന്നു എങ്കിലും അതെല്ലാം ക്രമേണ മാറുകയും ആരാധകരുടെയും ആവശ്യക്കാരുടേയും എണ്ണം അനുദിനം വര്‍ദ്ധിക്കുകയും ചെയ്യുന്ന കാഴ്ചയാണ് പിന്നീട് കാണുവാനായത്. ഇന്നിപ്പോള്‍ പകരംവെക്കുവാനില്ലാത്ത പ്രതാപവുമയി തലയെടുപ്പോടെ വിരാജിക്കുന്നു. പഴയകാല കഷ്ടനഷ്ടങ്ങള്‍ക്ക് പ്രായശ്ചിത്തമെന്നോണം പേരും പെരുമയും ഒപ്പം ലക്ഷങ്ങളുമാണ് ഈ ഗജോത്തമന്‍ പേരാമംഗലം തെച്ചിക്കോട്ട്കാവിനു നേടിക്കൊടുക്കുന്നത്. ഇവന്റെ വരുമാനത്തില്‍ നിന്നും ദേവസ്വം സ്വന്തമായി ദേവീദാസന്‍ എന്ന ഒരാനയെ വാങ്ങുകയും ചെയ്തു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മുന്‍ മിസ്റ്റര്‍ ഇന്ത്യ റെക്സ് വര്‍ഗീസ് ആത്മഹത്യ ചെയ്തു
Next »Next Page » സാഗര ഗര്‍ജ്ജനം നിലച്ചിട്ട് ഒരാണ്ട് »



  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine