കൊച്ചി: പ്രമുഖ വിവരാവകാശ പ്രവര്‍ത്തകന്‍ അഡ്വ. ഡി. ബി. ബിനുവിനും ഹൈക്കോടതിയിലെ അഭിഭാഷകന്‍ കെ. വി. പ്രകാശിനും മികച്ച സമൂഹ്യ പ്രവര്‍ത്തകര്‍ക്കുള്ള അനന്തകീര്‍ത്തി പുരസ്കാരം. എറണാകുളത്തെ പ്രമുഖ അഭിഭാഷകനായിരുന്ന അഡ്വ. ടി. വി. അനന്തന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ പുരസ്കാരം. വിവരാവകാശ നിയമത്തെ കുറിച്ചുള്ള അറിവ് ജനങ്ങളില്‍ എത്തിക്കുന്നതിനും ഒപ്പം അതിന്റെ സാധ്യതകള്‍ പൊതു നന്മയ്ക്കായി പ്രയോജനപ്പെടുത്തുന്നതിനും അഡ്വ. ഡി. ബി. ബിനു വലിയ പരിശ്രമങ്ങളാണ് നടത്തി വരുന്നത്. സുനാമി ഫണ്ട് ദുരുപയോഗം, ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസുകാരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ വിവരാവകാശ നിയമപ്രകാരം ഡി. ബി. ബിനു പുറത്തു കൊണ്ടുവന്നിരുന്നു.
പ്രവാസികളുടെ പ്രശ്നങ്ങളില്‍ ഉള്‍പ്പെടെ നിരവധി സാമൂഹിക പ്രസക്തിയുള്ള കേസുകളില്‍ നടത്തിയ ഇടപെടലുകളാണ് അഡ്വ. പ്രകാശിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. പ്രവാസികളുടെ അവകാശങ്ങളെ സംബന്ധിച്ച് ഇദ്ദേഹം പുസ്തകം രചിക്കുകയും സൌജന്യമായി വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഡിസംബര്‍ 12 നു കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യരും, ജസ്റ്റിസ് പയസ് കുര്യാക്കോസും അവാര്‍ഡുകള്‍ വിതരണം ചെയ്യും.